അല്‍ ഫുര്‍ഖാൻ, അങ്ങനെയാണ് ഈ ദിനത്തെ ഖുര്‍ആന്‍ വിശേഷിപ്പിച്ചത്. ഫുര്‍ഖാനെന്നാൽ സത്യാസത്യവിവേചനമെന്നാണർത്ഥം. 1432 വര്‍ഷങ്ങള്‍ക്കു മുന്പ് ഈ ദിനത്തില്‍ ബദറിൻറെ രണാങ്കണത്തില്‍ വെച്ച് സത്യത്തെയും അസത്യത്തെയും ദൈവം വേര്‍തിരിച്ചു കാണിച്ചുതന്നു !!

ബദരീങ്ങളുടെ പേരില്‍ നടക്കുന്ന അചാരങ്ങളുടെ കറുത്ത മറകളെ വകച്ചുമാറ്റി പതിനാലു നൂറ്റാണ്ടു മുമ്പുള്ള ബദറിൻറെ ആ രണാങ്കണത്തിലേക്കൊന്നെത്തി നോക്കാമോ? കാണുന്നുണ്ടോ നിങ്ങള്‍ക്കവിടെ 313 സാധാരണക്കാരായ മനുഷ്യരെ? അവരുടെ മുഖത്ത് പട്ടിണി കിടന്നതിൻറെ ക്ഷീണമുണ്ട്. പക്ഷെ മുഖത്തെ നിശ്ചയദാർഢ്യത്തിന് തെല്ലും കുറവില്ല.. തങ്ങളുടെ മുന്നില്‍ നില്‍ക്കുന്ന, തങ്ങളേക്കാള്‍ എത്രയോ ഇരട്ടി ആയുധവും അര്‍ത്ഥവും ആളുമുള്ള ആ സൈന്യവുമായി തങ്ങളുടെ ഈ കൊച്ചു സൈന്യം പരാജയപ്പെട്ടാല്‍ നശിക്കാന്‍ പോകുന്നത് തങ്ങള്‍ മാത്രമല്ല, ഇത്രയും കാലം നെഞ്ചിലേറ്റിയ ആദര്‍ശം കൂടിയാണെന്ന് അവർക്കും അവരുടെ നേതാവായ നബിക്കും വളരെ നന്നായി അറിയാമായിരുന്നു.. ഇല്ല, എന്നിട്ടും അവരുടെ മുഖത്ത് തെല്ലും ഭയാശങ്കകളില്ല.. കാരണം, അവര്‍ക്കറിയാം, ഈ പ്രപഞ്ചം തന്നെ സൃഷ്ടിച്ച നാഥന്‍ തങ്ങളുടെ കൂടെ ഉണ്ടെന്ന്.. തങ്ങള്‍ നിലകൊള്ളുന്നത് സത്യത്തിനും നീതിക്കും വേണ്ടിയാണെന്ന്.

ദിവസങ്ങള്‍ നീണ്ടുനിന്ന, ലക്ഷക്കണക്കിനാളുകള്‍ പങ്കെടുത്ത, അത്യാധുനിക ആയുധങ്ങളോട് കൂടിയുള്ള അനേകായിരം യുദ്ധങ്ങള്‍ കണ്ടു മടുത്ത ഈ ലോകത്തിൽ, ഇരുഭാഗത്തുമായി വെറും 1500 ആളുകള്‍ പോലും തികച്ചില്ലാത്ത ഒരു പകല്‍ മാത്രം നീണ്ടു നിന്ന ബദര്‍ എങ്ങനെയാണ് പ്രസക്തമാവുന്നത്? സത്യത്തിൽ, ഒരു പകലിൻറെ മാത്രം യുദ്ധമായിരുന്നോ ബദർ?.. അല്ല, ഒരു പകലല്ല ബദർ, ഒരു രാവല്ല ബദർ.. പിറകില്‍ പതിമൂന്നു വര്‍ഷങ്ങളുണ്ട്. പതിമൂന്നു വര്‍ഷങ്ങളുടെ യാതനകളും നൊന്പരങ്ങളുമുണ്ട്, പീഡനങ്ങളും മര്‍ദ്ദനങ്ങളുമുണ്ട്. ഏകദൈവത്തെ മാത്രം ആരാധിക്കുന്ന, മനുഷ്യനെ ജാതി വര്‍ഗ്ഗ ലിംഗ ഭേദമന്യേ തുല്യനായി കാണുന്ന, നീതിക്കും സത്യത്തിനും വേണ്ടി നിലകൊള്ളുന്ന ഇസ്ലാം എന്ന തങ്ങളുടെ ആദര്‍ശത്തിന് വേണ്ടി ഇത്രയുംകാലം ഏറ്റുവാങ്ങിയ മര്‍ദ്ദനങ്ങളും പീഡനങ്ങളും യാതനകളും.. ഒന്നും വെറുതെയാകരുത്. ഇസ്ലാം നിലനില്‍ക്കണം.. അതിനാല്‍ ഇന്നവര്‍ക്ക് ജയിച്ചേ തീരൂ… ആ വലിയ സൈന്യത്തോട് മുസ്ലിംകളുടെ ആ കൊച്ചു സൈന്യം ബദറില്‍ അന്ന് പരാജയപ്പെട്ടിരുന്നെങ്കില്‍, പിന്നീട് നൂറ്റാണ്ടുകളോളം ഒരു ലോകശക്തിയായി തന്നെ നിലകൊണ്ട, സാമ്രാജ്യത്വങ്ങളില്‍ നിന്നും അധിനിവേശങ്ങളില്‍ നിന്നും ജനങ്ങളെ വിമോചിപ്പിച്ച, ലോകത്തില്‍ നീതിപൂര്‍ണ്ണമായ ഭരണം കാഴ്ചവച്ച, ലോകത്തിനു പുതിയ നാഗരികതയും ശാസ്ത്രശാഖകളും പഠിപ്പിച്ചുകൊടുത്ത, ഇന്നും കോടാനുകോടി ജനങ്ങള്‍ തങ്ങളുടെ ജീവനേക്കാള്‍ സ്നേഹിക്കുന്ന, ഇസ്ലാം എന്ന ആശയം ഭൂമിയില്‍ നിലനില്ക്കുമായിരുന്നില്ല.. ആ അര്‍ത്ഥത്തില്‍ ബദർ, മനുഷ്യചരിത്രത്തിലെ തന്നെ ഏറ്റവും നിര്ണ്ണായകമായ യുദ്ധമായിരുന്നു.. ബദർ, മനുഷ്യന് വേണ്ടി മാലാഖമാര്‍ കൂട്ടമായി മണ്ണിലിറങ്ങിയ ദിനം.. ബദർ, സത്യം അസത്യത്തിനു മേല്‍ വിജയം നേടിയ ദിനം..

ബദര്‍ ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്.. പുതിയകാല പോരാട്ടഭൂമികയില്‍, സത്യത്തിനു വേണ്ടി നിലകൊള്ളുന്നവന്‍ വീണ്ടും വീണ്ടും മര്‍ദ്ദിക്കപ്പെട്ടു, വീണ്ടും വീണ്ടും നീതിനിഷേധത്തിന് ഇരയായിക്കൊണ്ട്, നിരാശയോടെ തളര്‍ന്നു കിടന്നുറങ്ങുമ്പോള്‍, രാവിൻറെ അന്ത്യയാമങ്ങളിലെപ്പോഴോ അവരുടെ കിനാവുകളില്‍ ബദറിൻറെ രണാങ്കണവും ആ 313 മുഖങ്ങളും കടന്നു വരും.. കൊടും ചൂടില്‍ ലഭിക്കുന്ന ഒരു തണുത്ത കാറ്റിൻറെ സുഖമെന്നോണം, ആ മുഖങ്ങള്‍ അവരോടു മന്ത്രിക്കും..

“ഒരു പകലല്ല ബദര്‍, ഒരു രാവല്ല ബദര്‍.. പിറകില്‍ പതിമൂന്നു വര്‍ഷങ്ങളുണ്ട്. പതിമൂന്നു വര്‍ഷങ്ങളുടെ യാതനകളും നൊന്പരങ്ങളുമുണ്ട്”

സത്യത്തെ വിജയിപ്പിക്കാന്‍, മര്‍ദ്ദിതന്റെ അവകാശങ്ങള്‍ നേടിയെടുക്കാന്‍, ബദറുകള്‍ ഇവിടെ പുനര്‍ജ്ജനിക്കാതിരിക്കില്ല..

ലേഖകൻ: റമീസ് മുഹമ്മദ്

24 thoughts on “ബദർ, മനുഷ്യന് വേണ്ടി മാലാഖമാര്‍ മണ്ണിലിറങ്ങിയ ദിനം !!

 1. ബെല്‍ഗാമില്‍ നിന്നും കൊണ്ടുവന്ന പോത്തിനെ ചെമ്പില്‍ മുളകിട്ട് വരട്ടിയെടുത്ത് "പള്ളിയില്‍ പോയി പള്ളയിലാക്കുന്നതിനു" മുമ്പ് എന്താണ് "ബദര്‍" എന്നും എന്തിനു വേണ്ടിയായിരുന്നു ബദര്‍ എന്നും പഠിക്കാന്‍ പറ്റുന്നില്ലെങ്കില്‍ വായിക്കാന്‍ എങ്കിലും കൌം തയ്യാറാവണം!!

 2. പലർക്കും ഇപ്പോഴും ബദർ നല്ല ബിരിയാണി ഫ്രീ ആയി കിട്ടുന്ന ഒരു ദിനം മാത്രമാണ്.. സമുദായം ഇസ്ലാമിലേക്ക് ഇനിയും വരേണ്ടതുണ്ട്..

 3. സത്യാ ധർമാതികളുടെ സംസ്ഥാപനത്തിനായി ബദരിന്റെ രനാംഗനത്തിൽ അടരാടി ചരിത്രത്തിൽ അനശ്വരരായ അസാബുൽ ബദരീങ്ങലുടെ പ്രോജ്ജല ത്യാഗത്തിന്റെ ചരിത്രം ഇന്നു വെറും ആണ്ടുനെര്ച്ചക്കും ,അതോടൊപ്പം കുറെ നൈചോരും ഇറച്ചിയും വിതരണം ചെയ്യുകയും ചെയ്യുക എന്ന ചടങ്ങിലേക്ക് സമുതായം പരിമിതിപെടുതിയിരിക്കുന്നു …ബദറിൽ 313 സഹാബത് സഹിച്ച ത്യാഗത്തിന്റെ ബാക്കി പത്രമാണ്‌ ഇന്നു ഉത്തമ സമുതായ്തിലെ അങ്ങഗൽ ആയി നാം ഇവിടെ ജീവിക്കുന്നത് …ഇതേവരെ ജനിച്ചു മരിച്ചു ലോക അവസാനം വരെ ജനിക്കനിരിക്കുന്നതുമായ ഓരോ മുഹ്മിനും ബദരിലെ രക്സക്ഷികളോട് കടപ്പെട്ടിരിക്കുന്നു …{പ്രവാചകന്റെ പ്രാർഥന …റബ്ബേ ഈ ചെറു സന്ഗത്തെ നീ വിജയിപ്പിച്ജില്ലെങ്കിൽ പിന്നെ നിന്റെ പരിശുദ്ട നാമം ഉരുവിടുന്നവരായി ഈ ലോകത്ത് ആരും അവശേഷിക്കില്ല എന്ന പ്രാർഥനയിൽ എല്ലാം അടങ്ങിയിരിക്കുന്നു ….

 4. റമീസ് മുഹമ്മദിന്‍റെ ലേഖനം വായിച്ചപ്പോള്‍ ബദര്‍ കുറിച്ച് കുറെ കാര്യങ്ങള്‍ മനസിലായി പക്ഷെ മനസിലാവാത്ത പല കാര്യങ്ങള്‍ ഉണ്ട് അത് എന്താന്ന് വച്ചാല്‍ 1 അറബി നാട്ടില്‍ ഉള്ളവര്‍ എപ്പോഴും യുദ്ധങ്ങളും അനീതികളും ചെയ്തു കൊണ്ടിരിക്കുന്ന ജനവിഭാകം ആയിരുന്നു. നബിയാനെങ്കില്‍ ഇസ്ല്ലാം അഥവാ അള്ളാഹുവിന്റെ വിധിവിലകുകള്‍ നിറഞ്ഞ സമാധാനപുര്‍ണമായ ഒരു രാജ്യം സ്ഥാപിക്കാന്‍ വനവനാണ് അല്ലാതെ യുദ്ധം ചെയ്യാന്‍ വന്നതാണോ. മാത്രമല്ല ഒരു പ്രവാചകനാണ് താക്കിത് നല്‍കുക മാത്രം ആണ് ജോലി ( ഖുര്‍ആന് സ്ഥാപിക്കുക) 2 മലക്കുകള്‍ കൂട്ടമായി ഇറങ്ങിവന്നു എന്ന് പറയുന്നു ഇത് വളരെ വിചിത്രം തന്നെ കാരണം മലക്കുകളെ ആര്‍ക്കും കണ്നുവാണോ കഴിയില്ല അപ്പോള്‍ പിന്നെ എതിര്‍ വിഭാവത്തില്‍ എത്ര തന്നെ ഭടന്മാര്‍ ഉണ്ടായാലും അവരില്‍ ഒന്നോ രണ്ടോ ആളുകളുടെ തല മലക്ക് വെട്ടി കഴിഞ്ഞാല്‍ ആ തല വെട്ടിയ ആളെ കാണാതെ ഇരിക്കുകയും ചെയതാല്‍ ജനം ഭയവിഹലരായി പിന്തിരഞ്ഞു ഓടില്ലേ ? പിന്നെ അവിടെ 1500 ഭടന്മാര്‍ പോയിട്ട് ഒരു ഈച്ചഎങ്കിലും ഉണ്ടാവുമോ ?. അപ്പോള്‍ പിന്നെ ഇതിലെ യുക്തിഎന്താന്ന് ? ഇസ്ലാം യുക്തി പൂര്‍ണമാണ് ഖുര്‍ആന്‍ യുക്തിഭദ്രമാണ് അപ്പോള്‍ എന്താണ് ഈ യുദ്ധം ?അതുപോലെ ആരാണ് ഈ മലക്കുകള്‍ ?

 5. //അറബി നാട്ടില്‍ ഉള്ളവര്‍ എപ്പോഴും യുദ്ധങ്ങളും അനീതികളും ചെയ്തു കൊണ്ടിരിക്കുന്ന ജനവിഭാകം ആയിരുന്നു.//

  അതിന്റെ ഉത്തരം പോസ്റ്റില്‍ പറഞ്ഞത് തന്നെയാണ്.. "“ഒരു പകലല്ല ബദര്‍, ഒരു രാവല്ല ബദര്‍.. പിറകില്‍ പതിമൂന്നു വര്‍ഷങ്ങളുണ്ട്. പതിമൂന്നു വര്‍ഷങ്ങളുടെ യാതനകളും നൊന്പരങ്ങളുമുണ്ട്”"

  പതിമൂന്നു വര്‍ഷങ്ങള്‍ അവര്‍ എല്ലാം ക്ഷമിച്ചു.. സഹിച്ചു..

  ഒട്ടകത്തിന്റെ വന്‍ കുടല്‍മാലകളുടെ ഭാരം താങ്ങാനാവാതെ മണ്ണില്‍ വീണു ശ്വാസം മുട്ടിപ്പിടയുന്ന പിതാവിന്റെ നൊമ്പരങ്ങള്‍ ഏറ്റുവാങ്ങിയ നിസ്സഹായയായ ഫാത്തിമയുടെ തേങ്ങലുകള്‍!

  ജീവന്‍ തുടിക്കുന്ന പച്ചമാംസത്തില്‍ കാരിരുമ്പിന്റെ ക്രൌര്യം തുളഞ്ഞുകയറുമ്പോള്‍ സുമയ്യയുടെ തൊണ്ടയില്‍ തടഞ്ഞ ആര്‍ത്തനാദങ്ങള്‍!

  ചുട്ടുപഴുത്ത മണലില്‍ മലര്‍ത്തിക്കിടത്തവേ, ഖുറൈശികളുടെ ഹൃദയം പോലെ കറുകറുത്ത പാറക്കല്ലിനു താഴെ നെഞ്ചിന്‍കൂട് തകരുമ്പോള്‍, മണ്ണില്‍ നിന്ന് വിണ്ണിലേക്കുയര്‍ന്ന അടിമയുടെ അഹദൊലികള്‍ !

  പാതിരാവിന്റെ നിശ്ശബ്ദതയില്‍ മക്കാ നിവാസികളുടെ ഉറക്കം കെടുത്തിക്കൊണ്ട്, വിശപ്പ്‌ സഹിക്കാനാവാതെ, ശഅബു അബീത്വാലിബില്‍ നിന്നുയര്‍ന്ന പിഞ്ചു കുഞ്ഞുങ്ങളുടെ കൂട്ടനിലവിളികള്‍ !

  നിണമണിഞ്ഞ പാദങ്ങളുമായി ത്വാഇഫിന്റെ മുന്തിരിതോട്ടങ്ങളില്‍ അവശനായിരിക്കുമ്പോള്‍ പോലും മര്‍ദ്ദകര്‍ക്കായി കരുതി വെച്ച വിട്ടുവീഴ്ച്ചയുടെ പ്രാര്‍ഥനാഗീതങ്ങള്‍ !

  അവസാനം പിറന്ന വീടും വളര്‍ന്ന നാടും ഉപേക്ഷിച്ചു ഒരു പാലായനം.

  തങ്ങളുടെ ആദര്‍ശം നിലനിര്‍ത്താന്‍ അവര്‍ക്ക് യുദ്ധം ചെയ്യുക അല്ലാതെ വേറെ മാര്‍ഗ്ഗമില്ലായിരുന്നു.. അവര്‍ക്ക് മുംബുള്ളവരെ പോലെ അഭിമാനത്തിന് വേണ്ടിയോ രാജ്യം വികസിപ്പിക്കാന്‍ വേണ്ടിയോ അല്ല മുസ്ലിംകള്‍ യുധ്ദം ചെയ്തത്. സത്യത്തെ വിജയിപ്പിക്കാന്‍. അടിച്ചമര്തപ്പെട്ടരെ മോചിപ്പിക്കാന്‍., അടിമകളുടെ അടിമത്തത്തില്‍ നിന്നും ദൈവത്തിന്റെ അടിമത്തത്തിലേക്ക്, ഇഹലോകത്തിന്റെ കുടുസ്സില്‍ നിന്നും പരലോകത്തിന്റെ മോചനത്തിലേക്ക്, മതങ്ങളുടെ കുരുക്കില്‍ നിന്നും ഇസ്ലാമിന്റെ നീതിയിലേക്കു ജനങ്ങളെ വിമോചിപ്പിക്കുക എന്നാ മഹത്തായ ലക്‌ഷ്യം ആണ് അവരുടെ മുമ്പില്‍ ഉണ്ടായിരുന്നത്..

 6. //മാത്രമല്ല ഒരു പ്രവാചകനാണ് താക്കിത് നല്‍കുക മാത്രം ആണ് ജോലി//

  അല്ല, ജനങ്ങളുടെ ഭാരങ്ങള്‍ ഇറക്കി വയ്ക്കുക. അടിയാളനെ മോചിപ്പിക്കുക എന്നതൊക്കെ നബിയുടെ ലക്ഷ്യങ്ങളായിരുന്നു.

  ""നിങ്ങളെന്തുകൊണ്ട് ദൈവമാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നില്ല? മര്‍ദ്ദിതരായ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയും? അവരോ ഇങ്ങനെ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവരാണ്: "ഞങ്ങളുടെ നാഥാ; മര്‍ദ്ദകരായ ജനം വിലസുന്ന ഈ നാട്ടില്‍ നിന്ന് ഞങ്ങളെ നീ മോചിപ്പിക്കേണമേ. നിന്റെ പക്കല്‍ നിന്ന് ഞങ്ങള്‍ക്ക് നീ ഒരു രക്ഷകനെ നിശ്ചയിച്ചുതരേണമേ. നിന്റെ ഭാഗത്തു നിന്ന് ഞങ്ങള്‍ക്ക് ഒരു സഹായിയെ നല്‍കേണമേ.” (quran 4:75)

 7. //മലക്കുകള്‍ കൂട്ടമായി ഇറങ്ങിവന്നു എന്ന് പറയുന്നു ഇത് വളരെ വിചിത്രം തന്നെ കാരണം മലക്കുകളെ ആര്‍ക്കും കണ്നുവാണോ കഴിയില്ല അപ്പോള്‍ പിന്നെ എതിര്‍ വിഭാവത്തില്‍ എത്ര തന്നെ ഭടന്മാര്‍ ഉണ്ടായാലും അവരില്‍ ഒന്നോ രണ്ടോ ആളുകളുടെ തല മലക്ക് വെട്ടി കഴിഞ്ഞാല്‍ ആ തല വെട്ടിയ ആളെ കാണാതെ ഇരിക്കുകയും ചെയതാല്‍ ജനം ഭയവിഹലരായി പിന്തിരഞ്ഞു ഓടില്ലേ ? //

  ഇത് തികച്ചും അഭൌതികം ആയ കാര്യങ്ങളില്‍ പെട്ടതാണ്.. മലക്കുകള്‍ അവരെ സഹായിച്ചിരുന്നു എന്നത് അല്ലാഹുവും നബിയും പറയുമ്പോള്‍ മാത്രമാണ് സാധാരണ മനുഷ്യന് അത് മനസിലാവുന്നത്.. കൊടും യുദ്ധം നടക്കുന്ന സാഹചര്യത്തില്‍ എല്ലാം കൃത്യമായി കണ്ടും കണക്കു കൂട്ടിയും മനസ്സിലാക്കാന്‍ കഴിയണമെന്നില്ല.. മലക്കുകള്‍ എന്നത് ദൈവത്തിന്റെ അഭൌതിക സൃഷ്ട്ടികളില്‍ പെട്ടതാണ്.. അവര്‍ എങ്ങനെയാണ് യുദ്ധം ചെയ്തത് എന്നതൊക്കെ നമുക്ക് വ്യക്തമായി വിവരിക്കാന്‍ കഴിയാത്തതുമാണ്..

  "ഇതാണ് വേദപുസ്തകം. ഇതില്‍ സംശയമില്ല. ഭക്തന്മാര്‍ക്കിതു വഴികാട്ടി.
  അഭൌതിക സത്യങ്ങളില്‍ വിശ്വസിക്കുന്നവരാണവര്‍. നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുന്നവരും നാം നല്‍കിയതില്‍ നിന്ന് ചെലവഴിക്കുന്നവരുമാണ്" (Quran 2:2-3)

 8. ഒരു കാര്യം കൂടി പറയട്ടെ, പ്രവാചകന്‍ വെറും ഒരു ഉപദേഷ്ട്ടാവ് മാത്രമായിരുന്നില്ല. അദ്ദേഹം വലിയൊരു വിമോചകന്‍ കൂടിയായിരുന്നു. താഴെ കാണുന്ന ഹദീസ് വായിക്കുക..

  അദിയ്യ് ബിന്‍ ഹാത്വിം (റ) നിവേദനം:

  അല്ലാഹുവിന്റെ ദൂതന്‍ (സ) ഒരിക്കല്‍ എന്നോട് പറഞ്ഞു, "അദിയ്യ്, എനിക്കറിയാം എന്താണ് ഇസ്ലാം സ്വീകരിക്കുന്നതില്‍ നിന്നും നിങ്ങളെ തടഞ്ഞു നിര്‍ത്തുന്നത് എന്ന്.. എന്നില്‍ വിശ്വസിക്കുന്നവരൊക്കെയും ദുര്‍ബലരും ദരിദ്രരും മര്‍ദ്ധിതരും ആണെന്നതും, എന്നില്‍ അവിശ്വസിക്കുന്നവരൊക്കെ അറേബിയയിലെ പ്രമാണിമാര്‍ ആണെന്നതുമല്ലേ അതില്‍ നിന്നും താങ്കളെ തടയുന്നത്..?

  പറയൂ അദിയ്യ്, നിങ്ങള്‍ ഹീറ (ആ കാലത്തെ ഇറാക്കിലെ ഒരു നഗരം) കണ്ടിട്ടുണ്ടോ?"

  ഞാന്‍ പറഞ്ഞു: "ഞാന്‍ കണ്ടിട്ടില്ല. പക്ഷെ ആ നഗരത്തെ കുറിച്ച് കേട്ടിട്ടുണ്ട്"

  പ്രവാചകന്‍ പറഞ്ഞു: "എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവന്‍ സത്യം, അല്ലാഹു ഈ ആദര്‍ശത്തെ (ഇസ്ലാം) പൂര്‍ത്തീകരിക്കും, എത്രത്തോളമെന്നാല്‍,
  — അങ്ങ് ഹീറയില്‍ നിന്നും സ്ത്രീകള്‍ ആരും കൂട്ടിനില്ലാതെ ഒറ്റയ്ക്ക് മക്കയില്‍ വന്നു കഹ്ബ പ്രദക്ഷിണം ചെയ്യും.
  — നിങ്ങള്‍ കിസ്രയുടെ (അന്നത്തെ ലോകം അടക്കി വാണിരുന്ന അധിനിവേശ ശക്തി) സാമ്രാജ്യത്വത്തെ കീഴടക്കുകയും അവരുടെ വമ്പിച്ച നിധി കൂമ്പാരത്തെ നിയന്ത്രിക്കുകയും ചെയ്യും..

  ഞാന്‍ (അത്ഭുതത്തോടെ) ചോദിച്ചു: "ഹുര്മുസാന്റെ മകന്‍ കിസ്രയുടെയോ? ലോകത്തെ ഒരു രാജാവും നേരിടാന്‍ ധൈര്യപെടാത്ത..?

  പ്രവാചകന്‍ പറഞ്ഞു: "അതെ, ഹുര്മുസാന്റെ മകന്‍ കിസ്ര തന്നെ.."

  –അത് പോലെ അല്ലാഹുവാണെ, ദാനം ചെയ്യാന്‍ ആളുകള്‍ താല്പ്പര്യപ്പെടുകയും പക്ഷെ ആ ദാനം വാങ്ങാന്‍ ആളുകള്‍ ഇല്ലാതെ വരികയും ചെയ്യുന്നിടത്തോളം നിങ്ങള്‍ക്കിടയില്‍ സമ്പത്ത് കുമിഞ്ഞു കൂടുകയും ചെയ്യും"

  അദിയ്യ് പറയുന്നു: "പ്രവാചകന്റെ പ്രവചനങ്ങള്‍ പൂര്‍ത്തീകരിക്കുന്നത് ഞാന്‍ എന്റെ സ്വന്തം കണ്ണുകള്‍ കൊണ്ട് കണ്ടിട്ടുണ്ട്, നിങ്ങള്‍ക്കും അത് കാണാം..സ്ത്രീകള്‍ ഹീറയില്‍ നിന്ന് ഒറ്റയ്ക്ക് മക്കയിലേക്ക് വരികയും കഹ്ബ പ്രദക്ഷിണം ചെയ്തു തിരിച്ചു പോവുകയും ചെയ്യുന്നു. കിസ്ര കീഴടക്കിയപ്പോഴും അവരുടെ നിധി കൂമ്പാരങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ വീതിച്ചു കൊടുക്കുകയും ചെയ്യുന്ന സന്ദര്‍ഭങ്ങളിലും എല്ലാം ഞാനും പങ്കെടുത്തിട്ടുണ്ട്. അത് പോലെ ആ മൂന്നാമത്തെ പ്രവചനവും പൂര്‍ത്തീകരിക്കും എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു, കാരണം നബി അങ്ങനെ പറഞ്ഞിട്ടുണ്ട് എന്നത് തന്നെ" ( മുസ്നദ്‌ അഹമദ്‌ , Vol. 4, #19397, 19400; സഹീഹുല്‍ ബുഖാരി:Volume 4, Book 56, Number 793)

  വിജയത്തിന്റെ മാനദണ്ഡമായി സ്ത്രീ സുരക്ഷിതത്വത്തെയും, സാമ്രാജ്യത്വത്തിന്റെ തകര്‍ച്ചയെയും, സാമ്പത്തിക സുസ്ഥിരതയെയും എടുത്തു പറഞ്ഞ വേറെ ഏതെങ്കിലുമൊരു പ്രത്യയ ശാസ്ത്രമുണ്ടോ നിങ്ങള്ക്ക് കാണിക്കാന്‍?? അത്തരം ഒരു വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയും അത് നേടിയെടുക്കുകയും ചെയ്ത ഒരു ആദര്‍ശം ആണ് ഇസ്ലാം. അങ്ങനെയൊന്നു ഇസ്ലാം മാത്രമേയുള്ളൂ…

 9. തൊട്ടതിനൊക്കെ പുണ്യ ഗ്രന്ധങ്ങളില്‍ നിന്ന് തെളിവ് തേടുന്ന 'അഭിനവ ആലിമീങ്ങള്‍'ക്ക് എന്തു കൊണ്ടൊ ഇക്കാര്യത്തില്‍ മാത്രം നിര്‍ബന്ധം ഇല്ലെന്ന് തോന്നുന്നു. ഒന്നാമതായി ബദറിന്റെ സന്ദേശം ഈമാന്‍ കാര്യത്തിന്റെയൊ ഇസ്ലാം കാര്യത്തിന്റെയൊ പരിധിയില്‍ വരുന്നതല്ല. പൊതുവില്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങളില്‍ സന്തോഷിക്കാന്‍ കല്‍പിക്കപ്പെട്ട ഒരു സമൂഹത്തോട് മാട്ടിറച്ചിയുടെ വിശേഷ ദിവസങ്ങളെ ആരെങ്കിലും ഓര്‍മ്മിപ്പിക്ക്ക്കേണ്ടതുണ്ടൊ? ദിക്‌റുകളും മദ്‌ഹുകളും റാതീബുകളും കൊണ്ട് ശബ്ദമുഖരിതമായ ഇന്നത്തെ രാവ് ഒരു വിഭാഗത്തിനു അസ്വസ്ഥത സൃഷ്ടിക്കുക സ്വാഭാവികവുമാണ്. തൌഹീദ് എന്താണെന്ന് ഇനിയും കൃത്യമായി വായിച്ച് പഠിക്കാത്ത 'ഇത്തികണ്ണികള്‍' ബദര്‍ പഠിപ്പിക്കാനിറങ്ങിയിരിക്കുന്നു. അംഗീകാരത്തിനു മണ്ണുപറ്റുമെന്ന ഭയം കാരണം ചില പാരമ്പര്യ വാദികളും അതിനു 'കുട'പിടിക്കുന്നതു കാണുമ്പോള്‍ സത്യത്തില്‍ സങ്കടമുണ്ട്.

 10. എല്ലാ വിശുദ്ധ യുധ്ധത്ത്തിലും സത്യാ വിശ്വാസികള്‍ക്ക് ശാന്തിയും സമാധാനവും ധൈര്യവും ആയി മലക്കുകള്‍ ഇറങ്ങാര്‍ ഉണ്ടെങ്കിലും അതൊക്കെ ആത്മീയം ആയ നിലയില്‍ ആയിരുന്നു. ബദറില്‍ മാത്രം ആണ് മലക്കുകള്‍ മനുഷ്യരുമായി നേരിട്ട് യുദ്ധം ചെയ്തത്. ഒരിക്കല്‍ മഹാന്‍ ആയ ജിബ്രീല്‍ അലൈഹി സലാം റസൂല്‍ സ. അ മിനോട് ബദ്രീങ്ങളെ കുറിച്ചു എന്താണ് പ്രവാചകന്‍ സ. അ മിന്റെ അഭിപ്രായം എന്ന് ചോതിച്ച്ചപ്പോള്‍ റസൂല്‍ സ അ പറഞ്ഞു, ' അവര്‍ മുസ്ലിമീങ്ങളില്‍ വെച്ചു ഏറ്റവും ശ്രേസ്ടര്‍ ആണെന്ന്. അപ്പോള്‍ ജിബ്രീല്‍ അ സ പറഞ്ഞു… അതെ റസൂലേ മാത്രമല്ല ആ ബദറില്‍ പങ്കെടുത്ത മലക്കുകള്‍ ആണ് മലക്കുകളില്‍ വെച്ചു ഏറ്റവും ശ്രേസ്ടര്‍ എന്ന്..അപ്പോള്‍ ലോക ചരിത്രത്തില്‍ മലക്കുകള്‍ നേരിട്ട് ഒരു യുധ്ധത്ത്തില്‍ പങ്കെടുത്തത് ബദറില്‍ ആണ്.

 11. Ramees Mohamed Odakkal /////ഇത് തികച്ചും അഭൌതികം ആയ കാര്യങ്ങളില്‍ പെട്ടതാണ്.. മലക്കുകള്‍ അവരെ സഹായിച്ചിരുന്നു എന്നത് അല്ലാഹുവും നബിയും പറയുമ്പോള്‍ മാത്രമാണ് സാധാരണ മനുഷ്യന് അത് മനസിലാവുന്നത്.. കൊടും യുദ്ധം നടക്കുന്ന സാഹചര്യത്തില്‍ എല്ലാം കൃത്യമായി കണ്ടും കണക്കു കൂട്ടിയും മനസ്സിലാക്കാന്‍ കഴിയണമെന്നില്ല.. മലക്കുകള്‍ എന്നത് ദൈവത്തിന്റെ അഭൌതിക സൃഷ്ട്ടികളില്‍ പെട്ടതാണ്.. അവര്‍ എങ്ങനെയാണ് യുദ്ധം ചെയ്തത് എന്നതൊക്കെ നമുക്ക് വ്യക്തമായി വിവരിക്കാന്‍ കഴിയാത്തതുമാണ്..
  "ഇതാണ് വേദപുസ്തകം. ഇതില്‍ സംശയമില്ല. ഭക്തന്മാര്‍ക്കിതു വഴികാട്ടി.അഭൌതിക സത്യങ്ങളില്‍ വിശ്വസിക്കുന്നവരാണവര്‍. നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുന്നവരും നാം നല്‍കിയതില്‍ നിന്ന്ചെലവഴിക്കുന്നവരുമാണ്" (Quran 2:2-3)/////

  താങ്കളുടെ മറുപടിയില്‍ വളരെയധികം സന്തോഷം തോന്നുന്നു,മുകളില്‍ കൊടുത്തിരിക്കുന്നത് താങ്കളുടെ മറുപടിയാണ്‌.എന്‍റെ മറ്റുള്ള ചോദ്യത്തിനു തന്ന ഉത്തരത്തില്‍ ഞാന്‍ തൃപ്തി രേഖപെടുത്തുന്നു.എന്നാല്‍ ഈ ചോദ്യത്തിന് തന്ന മറുപടിയിലെ എന്‍റെ അതൃപ്തി രേഖപ്പെടുത്തുന്നു ,എങ്ങനെയെന്നാല്‍ –"യുക്തി ഭദ്രമായ ഗ്രന്ഥമാണ് ഖുറാന്‍.ഉദാ:31-2/36-2/28-2/26-2/15-1/14-1….തുടങ്ങിയ അയതുകളിലെല്ലാം അള്ളാഹു പറയുന്നത്,
  """അല്ലാഹുവിന്റെ ഗ്രന്ഥം എല്ലാം വ്യക്തമാക്കുന്ന്തും ,യുക്തി സംബൂര്‍ണവുമാണ് എന്നാണ്."""

  അങ്ങനെയിരിക്കെ യുക്തിദീക്ഷയോടുകൂടി എങ്ങിനെയാണ്‌ ഒരു വ്യക്തി ഖുറാനിലെ അഭൌതിക/അദൃശ്യ കാര്യങ്ങളെ മനസിലാക്കേണ്ടത്??.

  യുക്തിയില്‍ അഭൌതിക/അദൃശ്യ കാര്യങ്ങള്‍ക്ക് സ്ഥാനമില്ലലോ?

  മലക്കുകള്‍ അഭൌതിക/അദൃശ്യ കാര്യങ്ങളില്‍ പെട്ടതല്ലേ? അഭൌതിക/അദൃശ്യ കാര്യങ്ങളില്‍ വിശ്വസിക്കാന്‍ തുടങ്ങിയാല്‍ ഈ ലോകത്ത് നമ്മുടെ സമുദായം തന്നെ ചെയ്യുന്ന കുറെ വിഡ്ഢി ത്തങ്ങള്‍ അംഗീകരിച്ചു കൊടുക്കേണ്ടതായി വരില്ലേ?അതും പോരാഞ്ഞു ഈ പ്രബഞ്ചത്ത്തില്‍ എന്തെല്ലാം അഭൌതിക/അദൃശ്യ കാര്യങ്ങള്‍ ഉണ്ട്.അതെല്ലാം ഞാന്‍ വിശ്വസിക്കണമോ???

  –അല്‍ ഗയ്ഭു ——ഏതൊരു അറബി വാക്ക് അല്‍ കൂട്ടി ഉപയോഗിച്ചാല്‍ ആ വാക്കിന് ഒരു സവിശേഷത ഭാഷ കല്പിച്ചുകൊടുക്കുന്നുണ്ട്.(അറബി ഭാഷയില്‍ അറിവിനേക്കാള്‍ ഉപരി, അഗാധമായ ജ്ഞാനം ഉള്ളവരോട് ചോദിച്ചാല്‍ മനസിലാക്കാവുന്നതാണ്.)അങ്ങനെയിരിക്കെ, ഗയ്ഭു എന്ന വാക്കിന്റെ അര്‍ഥം അഭൌതിക/അദൃശ്യ കാര്യം എന്ന് ഞാന്‍ അംഗീകരിക്കുന്നു .എന്നാല്‍ അല്‍ ഗയ്ഭു എന്നാ വാക്കിന്റെ അര്‍ഥം അവിടെ മാറുന്നു,ഒരു സവിശേഷത അതിനുണ്ട്.അത് എന്താകാം?

  ഇതിലെല്ലാം ഉപരി ,താങ്കള്‍ പറയുന്നത് ഞാന്‍ വിശ്വസിച്ചാല്‍ മുകളില്‍ പറഞ്ഞ ആയത്തുകളെ ഞാന്‍ തള്ളിക്കളഞ്ഞു എന്ന് വരില്ലേ?"

  താങ്കള്‍ പറഞ്ഞ ആയത്തും ഞാന്‍ എങ്ങിനെയാണ്‌ തള്ളിക്കളയുക? അതും അസാധ്യമല്ലേ?

  അള്ളാഹു പറഞ്ഞ ഒരു കാര്യം ഞാന്‍ സ്വീകരിക്കണമെങ്കില്‍ , അവന്‍ തന്നെ പറഞ്ഞ മറ്റൊരു കാര്യം ഞാന്‍ തള്ളിക്കലയെനമെന്നു പറഞ്ഞാല്‍…?അസംഭവ്യം!

 12. ഒരു സത്യാന്വേഷി അദൃശ്യവും അഭൌതികവും ആയ പലതും ഈ പ്രപഞ്ചത്തില്‍ ഉണ്ട് എന്നത് എങ്ങനെയാണ് യുക്തിക്ക് വിരുദ്ധമാകുന്നത്?? നന്നേ നിസ്സാരനായ മനുഷ്യന് കാണാന്‍ കഴിയാത്ത പലതും ഈ മഹാപ്രപഞ്ചത്തില്‍ ഉണ്ടെന്നുള്ളത് തന്നെയല്ലേ യുക്തി?? അതോ എല്ലാം നാം കണ്ടു പിടിച്ചു കഴിഞ്ഞു എന്നതാണോ യുക്തി?? ഓക്സിജന്‍ കണ്ടു പിടിക്കുന്നതിനു മുമ്പും ഭൂമിയില്‍ ഓക്സിജന്‍ ഉണ്ടായിരുന്നു..

  "നിങ്ങള്‍ നന്നെ ദുര്‍ബലരായിരിക്കെ ബദ്റില്‍ അല്ലാഹു നിങ്ങളെ സഹായിച്ചിട്ടുണ്ട്. അതിനാല്‍ അല്ലാഹുവോട് ഭക്തിയുള്ളവരാവുക. നിങ്ങള്‍ നന്ദിയുള്ളവരാകാന്‍.
  നീ സത്യവിശ്വാസികളോടു പറഞ്ഞ സന്ദര്‍ഭം: "നിങ്ങളുടെ നാഥന്‍ മുവ്വായിരം മലക്കുകളെ ഇറക്കി നിങ്ങളെ സഹായിക്കുന്നത് നിങ്ങള്‍ക്ക് മതിയാവില്ലേ? സംശയം വേണ്ടാ, നിങ്ങള്‍ ക്ഷമയവലംബിക്കുകയും സൂക്ഷ്മത പാലിക്കുകയുമാണെങ്കില്‍ ശത്രുക്കള്‍ ഈ നിമിഷം തന്നെ നിങ്ങളുടെ അടുത്തുവന്നെത്തിയാലും നിങ്ങളുടെ നാഥന്‍, തിരിച്ചറിയാന്‍ കഴിയുന്ന അയ്യായിരം മലക്കുകളാല്‍ നിങ്ങളെ സഹായിക്കും.
  അല്ലാഹു ഇവ്വിധം അറിയിച്ചത് നിങ്ങള്‍ക്കൊരു ശുഭവാര്‍ത്തയായാണ്; നിങ്ങളുടെ മനസ്സുകള്‍ ശാന്തമാകാനും. യഥാര്‍ഥ സഹായം പ്രതാപിയും യുക്തിമാനുമായ അല്ലാഹുവില്‍ നിന്നു മാത്രമേ ലഭിക്കുകയുള്ളൂ" (quran 3: 123-126)

  പിന്നെ, മറ്റൊന്ന് കൂടി.. ഇവിടെ വിഷയം ബദര്‍ ആണ്.. ബദര്‍ നല്‍കുന്ന വിമോചന വിപ്ലവ സന്ദേശം ആണ്.. .. മലക്കുകള്‍ എന്ന സൃഷ്ട്ടി എന്താണെന്നും അവയുടെ പ്രവര്‍ത്തന രീതി എങ്ങനെയാണെന്നും അഭൌതികം ആയ കാര്യങ്ങളില്‍ എങ്ങനെ വിശ്വസിക്കണം എന്നൊക്കെയുള്ള ചര്‍ച്ച ആ വിഷയവുമായി ബന്ധപ്പെട്ടു വരുന്ന ലേഖനങ്ങളില്‍ ആക്കുന്നതല്ലേ നല്ലത്??

 13. Ramees Mohamed Odakkal മറുപടി വായിച്ചു, അല്‍ ഗയ്ബും,ഗയ്ബും തമ്മിലുള്ള വ്യത്യാസം നമ്മുടെ വിഷയത്തില്‍ പെടുന്നതാണെന്ന് വിശ്വസിക്കുന്നു. സാരമില്ല താങ്കള്‍ പറഞ്ഞത് പോലെ തന്നെയാകട്ടെ….,മറ്റുള്ള വിഷയത്തിലുള്ള ലേഖനങ്ങള്‍ ഉടന്‍ പ്രദീക്ഷിക്കുന്നു,

 14. Ramees Mohamed Odakkal മറുപടി വായിച്ചു, അല്‍ ഗയ്ബും,ഗയ്ബും തമ്മിലുള്ള വ്യത്യാസം നമ്മുടെ വിഷയത്തില്‍ പെടുന്നതാണെന്ന് വിശ്വസിക്കുന്നു. സാരമില്ല താങ്കള്‍ പറഞ്ഞത് പോലെ തന്നെയാകട്ടെ….,മറ്റുള്ള വിഷയത്തിലുള്ള ലേഖനങ്ങള്‍ ഉടന്‍ പ്രദീക്ഷിക്കുന്നു,

 15. Ramees Mohamed Odakkal…നല്ല ലേഘനം ബദർ യുദ്ധം എന്നാ പേരല്ല …ബദർ വിപ്ലവം എന്നോ ചെറുത്‌ നില്പ്പ് എന്നോ ആവണം നാം ഉപയോഗിക്കേണ്ടത് …..യുദ്ധം എന്നാ വാക്ക് ഒരു നെഗറ്റീവു മീനിങ്ങ് നല്കുന്നു …..

 16. പിന്നെ ഒന്ന് പറയാനുള്ളത് ..എല്ലാ ലെഘനതിലും ഇങ്ങിനെ സുന്നികളെ കുറ്റം പറയണം എന്ന് വല്ല നിര്ബന്ധവും ഉണ്ടോ ?..ബദർ ദിനം ആച്ചരിക്കലും അവരുടെ മടുഹു പറയലും ഇസ്ലാമികമായി ഒരു തെറ്റും ഉള്ളതായി ഒരു ഇസ്ലാമിക പണ്ഡിതന്മാരും പറഞ്ഞിട്ടില്ല ,,,,

 17. ഞങ്ങൾ സുന്നികൾക്ക് മൗലൂദ് ഓതി ബിരിയാണി തിന്നാൻ വേണ്ടിയാണ് അള്ളാഹു ബദർ സൃഷ്ടിച്ചത് എന്ന് ഒരു ഉളുപ്പുമില്ലാതെ പ്രസംഗിച്ച ഒരു സഖാഫിയുണ്ട് . .

 18. ബെല്‍ഗാമില്‍ നിന്നും കൊണ്ടുവന്ന പോത്തിനെ ചെമ്പില്‍ മുളകിട്ട് വരട്ടിയെടുത്ത് "പള്ളിയില്‍ പോയി പള്ളയിലാക്കുന്നതിനു" മുമ്പ് എന്താണ് "ബദര്‍" എന്നും എന്തിനു വേണ്ടിയായിരുന്നു ബദര്‍ എന്നും പഠിക്കാന്‍ പറ്റുന്നില്ലെങ്കില്‍ വായിക്കാന്‍ എങ്കിലും കൌം തയ്യാറാവണം!!

 19. ബെല്‍ഗാമില്‍ നിന്നും കൊണ്ടുവന്ന പോത്തിനെ ചെമ്പില്‍ മുളകിട്ട് വരട്ടിയെടുത്ത് "പള്ളിയില്‍ പോയി പള്ളയിലാക്കുന്നതിനു" മുമ്പ് എന്താണ് "ബദര്‍" എന്നും എന്തിനു വേണ്ടിയായിരുന്നു ബദര്‍ എന്നും പഠിക്കാന്‍ പറ്റുന്നില്ലെങ്കില്‍ വായിക്കാന്‍ എങ്കിലും കൌം തയ്യാറാവണം!!

Leave a Reply

Your email address will not be published. Required fields are marked *