ലൈലത്തുല്‍ ഖദ്ര്‍ ! കരുത്തിന്റെ രാത്രി !!

അല്ലാമാ തബത്തബാഈ ലൈലത്തുല്‍ ഖദ്റിന് നല്കിയ അതിമനോഹരമായ ഒരു വ്യാഖ്യാനം. കരുത്തിന്റെ രാത്രി……

സാമ്പ്രദായികമായ വ്യാഖ്യാനങ്ങളെയൊന്നും അദ്ദേഹം നിഷേധിക്കുന്നില്ല. പക്ഷെ, തന്റെ തഫ്സീറില്‍ ഒരു വരി, ഒരൊറ്റ വരി മാത്രം കൂട്ടിച്ചേര്‍ത്തു കൊണ്ട് സൂറത്തുല്‍ ഖദ്റിന്റെ ആത്മാവ് സ്പര്‍ശിക്കുന്നു അദ്ദേഹം.

അടിച്ചമര്‍ത്തലിന്റെയും അവമതികളുടേയും ആയിരം മാസങ്ങള്‍ അനുഭവിക്കേണ്ടി വന്നാലും ഈ ഒരൊറ്റ രാവിന്റെ കരുത്ത് അവരെ വീണ്ടും ശക്തരാക്കും.

ഹിറാ ഗുഹയുടെ ഇരുളില്‍ ഇതള്‍ വിരിയുന്ന വായനയുടെ ദീപ്തി. ഗബ്രിയേല്‍ മാലാഖയുടെ ആയിരം ചിറകുകള്‍ ആഞ്ഞുപുല്കിയ ദിവ്യസന്ദേശത്തിന്റെ വികാര വിക്ഷുബ്ദത ഏറ്റുവാങ്ങുന്ന അല്‍ അമീൻ

സമ്മിലൂനീ….. അസ്ഥികളില്‍ കുളിര് പകരുന്ന ജ്വര തീക്ഷ്ണതയില്‍ കരിമ്പടം പുതച്ചുറങ്ങുന്ന ‘മുദ്ദസിറിനെ’ വീണ്ടും വിളിച്ചുണര്‍ത്തി റൂഹുല്‍ അമീൻ മനുഷ്യനെയും അവന്റെ ചരിത്രത്തെയും സമുദ്ധരിക്കാനുള്ള തീവ്രയത്നത്തിലേക്ക്…. ഒരു നവനിയോഗത്തിന്. തുടര്‍ന്ന് വന്ന ദുരിതങ്ങളുടെ നീണ്ടനീണ്ട സംവത്സരങ്ങൾ അവിരാമവും അക്ഷീണവുമായ സമൂഹ നിര്‍മ്മാണ പ്രക്രിയയുടെ ദിനരാത്രങ്ങൾ ഓരോ സന്നിഗ്ദ ഘട്ടങ്ങളിലും ലൈലത്തുല്‍ ഖദ്റിന്റെ ശക്തി – വിശുദ്ധ ഖുര്‍ആന്‍ അവരെ കൈപിടിച്ചു നടത്തി.

പ്രവാചക പുംഗവന്റെ വഫാത്തിനു ശേഷം സിദ്ദീഖുൽ അക്ബറും ഉമറുൽ ഫാറൂഖും ഉമ്മു അയ്മന്‍ (റ) യെ സന്ദര്‍ശിക്കാന്‍ പോയി. ഉമ്മു അയ്മനെ അറിയില്ലേ? ആമിനാ ബീവിയുടെ മരണ ശേഷം മുത്തു നബിക്കുമ്മയായ ഉമ്മു അയ്മൻ. അവരുടെ കണ്ണുനീര്‍ തോര്‍ന്നി ട്ടുണ്ടായിരുന്നില്ല. നബി (സ) യുടെ രണ്ടു സഹാകാരികളെ കണ്ടപ്പോള്‍ അവര്‍ വാവിട്ടു കരഞ്ഞു. “നിങ്ങള്‍ ഇപ്പോഴും ഇങ്ങനെ കരഞ്ഞുകൊണ്ടിരിക്കയാണോ?”

അവര്‍ പറഞ്ഞു : റസൂലിന്റെ വിയോഗമല്ല എന്നെ കരയിക്കുന്നത്‌. വഹ് യ് നിലച്ചു പോയില്ലേ… മണ്ണും വിണ്ണും ബന്ധപ്പെട്ടിരുന്ന, മനുഷ്യന്റെ പ്രശ്നങ്ങളില്‍ അര്‍ശിന്റെ തമ്പുരാന്‍ നേര്‍ക്കുനേരെ ഇടപെട്ടിരുന്ന ആ സുന്ദര സുരഭില ദിനങ്ങള്‍ ഇങ്ങിനി തിരിച്ചുവരാത്തവണ്ണം അസ്തമിച്ചില്ലേ… ആ നഷ്ടബോധമാണ് എന്റെ കണ്ണുകളെ ഈറനണിയിക്കുന്നത്.

എത്ര ധന്യമായിരുന്നു ആ ദിനരാത്രങ്ങള്‍ !

പശ്ചിമാംബരത്തിലെ അമ്പിളിക്കല! ഇന്നലെ വരെ അത് ആരാധനാ മൂര്‍ത്തിയായിരുന്നു. ആരാധനക്കര്‍ഹന്‍ അല്ലാഹു മാത്രമാണെന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. പിന്നെ എന്താണ് ചന്ദ്രക്കല? “അവര്‍ നിന്നോട് പൊന്നമ്പിളിയെ കുറിച്ച് ചോദിക്കുന്നു. പറയുക അത് ജനങ്ങള്‍ക്ക് കാല നിര്‍ണ്ണയത്തിനുള്ളതാണ്.”

അവര്‍ നിന്നോട് ചോദിക്കുന്നു : എന്ത് ചിലവഴിക്കണമെന്ന്… ആദരണീയമായ മാസങ്ങളെക്കുറിച്ച്… മദ്യത്തെ കുറിച്ച്… ചൂതാട്ടത്തെ കുറിച്ച്… അനാഥകളെ കുറിച്ച്… ആത്മാവിനെക്കുറിച്ച്… അന്ത്യദിനത്തെക്കുറിച്ച്. എന്തിന്, ആര്‍ത്തവത്തെ കുറിച്ചു പോലും. കിറുകൃത്യമായ മറുപടികൾ ആ സമൂഹത്തിനു ഒരിക്കലും ശങ്കിച്ച് നില്‍ക്കേണ്ടി വന്നിട്ടില്ല, ജീവിതത്തിന്റെ ഒരു പ്രതിസന്ധി ഘട്ടത്തിലും.

ദിവ്യ വചനങ്ങള്‍ക്ക് സ്വന്തം ജീവിതം വ്യാഖ്യാനമാക്കിക്കൊണ്ട് അവരുടെ മുന്നിലുണ്ടായിരുന്നു തിരുദൂതര്‍. ചിലപ്പോള്‍ സൈന്യാധിപനായി. മറ്റുചിലപ്പോള്‍ ഗഹനമായ സമസ്യകൾക്ക് പ്രായോഗിക പരിഹാരം നിര്‍ദ്ദേശിക്കുന്ന രാഷ്ട്രമീമാംസകാനായി. സാമ്രാജിത്വത്തിനെതിരെ ചടുലമായ നീക്കങ്ങള്‍ നടത്തുന്ന നയതന്ത്രജ്ഞനായി. വറുതിയുടെ നാളുകളില്‍ ജനക്ഷേമത്തിന്റെ ബഡ്ജറ്റുകള്‍ അവതരിപ്പിക്കുന്ന സാമ്പത്തിക വിചക്ഷണനായി.

തീര്‍ന്നില്ല; വിരൂപനായ അസ്വദിന് വധുവിനെ അന്വേഷിച്ചു കണ്ടെത്തുന്നു. കാട്ടറബിയുടെ ചെറുമകന്‍ ഈത്തപ്പഴം തിന്നാന്‍ വാശിപിടിച്ചു കരഞ്ഞപ്പോള്‍ അവനു ജീവിതകാലം മുഴുവന്‍ ഈത്തപ്പഴം തിന്നാന്‍ ഈത്തപ്പനമരം തന്നെ വാങ്ങിക്കൊടുക്കുന്നു. പൂഴ്ത്തിവെപ്പുകാര്‍ക്കും കരിഞ്ചന്തക്കാര്‍ക്കുമെതിരെ സായാഹ്നങ്ങളില്‍ അങ്ങാടികളിലേക്ക് മിന്നല്‍ റെയ്ഡുകള്‍ സംഘടിപ്പിക്കുന്നു. രോഗാതുരരായവരെ വീടുകളില്‍ ചെന്ന് ക്ഷേമമന്വേഷിക്കുന്നു. പേജുകളെ വാക്കുകളാല്‍ നിറക്കുന്ന സാഹിത്യ രചനയോ സ്റ്റേജുകളെ പ്രകമ്പനം കൊള്ളിക്കുന്ന തീപ്പൊരികളോ ആയിരുന്നല്ല തിരുദൂതരുടെ ഖുര്‍ആന്‍ വ്യാഖ്യാനം. വക്കുകളില്‍ ചോരപൊടിയുന്ന ജീവിതത്താളുകള്‍ കൊണ്ടാണ് ദിവ്യവചനങ്ങളെ അദ്ദേഹം ലോകത്തിനു വിശദീകരിച്ചുകൊടുത്തത്. അത്തരം ഒരു നേതൃത്വത്തിന് മാത്രമേ ലൈലത്തുല്‍ ഖദറിന്റെ ശക്തി-സൌന്ദര്യങ്ങള്‍ സമൂഹത്തിലേക്കു സന്നിവേശിപ്പിക്കാന്‍ കഴിയൂ എന്ന് മരുഭൂമിയിലെ ആ ആട്ടിടയനു നന്നായി അറിയാമായിരുന്നു.

ലോകം കണ്ടതില്‍ വെച്ച് ഏറ്റവും ക്രിയാത്മകവും അര്‍പ്പണ ബോധവുമുള്ള ഒരു സമൂഹമായിരുന്നു അത്. അറഫാ മൈതാനിയില്‍ നിന്ന്, ദിവ്യ സന്ദേശത്തിന്റെ അവസാന വാക്കുകളും ഏറ്റുവാങ്ങിക്കൊണ്ട് അവര്‍ യാത്രതുടങ്ങി. ഒട്ടകത്തിന്റെ ദിശമാറ്റാന്‍ അതിന്റെ മൂക്കുകയര്‍ ഒന്ന് തിരിക്കാനുള്ള സമയം പോലും അവര്‍ നഷ്ടപ്പെടുത്തിയില്ല. എല്ലാ ദിശകളും സത്യത്തിന്റെ സൂര്യോദയത്തിനായി ഈ ദിവ്യദീപ്തിയെ കാത്തിരിക്കുന്നുവെന്ന് അവര്‍ക്കറിയാമായിരുന്നു. അവര്‍ സഞ്ചരിച്ച വഴികളില്‍ ജീവിതങ്ങള്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ചു. നീതിയുടെ സാക്ഷ്യം വിളംബരപ്പെടുത്തി ലോകത്തിനു അവര്‍ പുതിയ മുഖം നല്കി.

പക്ഷെ എപ്പോഴും കാര്യങ്ങള്‍ ലളിതമായിരുന്നില്ല. തിന്മയുടെ ശക്തികള്‍ പലപ്പോഴും ആഞ്ഞടിച്ചു. യസീദ് തുടങ്ങിവെച്ച, അമവീ ദുര്‍ഭരണത്തിന്റെ ആയിരം മാസങ്ങള്‍ നീണ്ടുനിന്ന ഇരുളാര്‍ന്ന രാവുകള്‍ ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ്‌ ഹിറയില്‍ നിന്ന് കൊളുത്തിയ കൈത്തിരിയുമായി വന്നു അതിനു അന്ത്യം കുറിച്ചു. പിന്നീടൊരിക്കൽ, വടക്കന്‍കാറ്റ് മേഘപാളികളെ അടിച്ചുടക്കുന്നത് പോലെ താര്‍ത്താരികള്‍ ഇസ്ലാമിക സമൂഹത്തെ ചിഹ്നഭിഹ്നമാക്കി എന്ന് എല്ലാവരും കരുതി. ചരിത്രത്തെ കാര്യകാരണസഹിതം നിരൂപണം ചെയ്യുന്നവര്‍ക്ക് ഇന്നും ദുരൂഹമായ നിലയില്‍ അന്നാദ്യമായി, വിജയിച്ചവര്‍ പരാജയപ്പെട്ടവരുടെ കൊടിവാഹകരായി. ദിവ്യവചനങ്ങള്‍ അതിന്റെ ദൌത്യം സ്വയം ഏറ്റെടുക്കുകയായിരുന്നു.

ഇന്നും ലൈലത്തുല്‍ ഖദര്‍ നമ്മെ വിളിച്ചുണര്‍ത്തുന്നു, അതിന്റെ ശക്തി വിശേഷങ്ങളിലേക്ക്. ടെഹ്‌റാനിൽ, കാബൂളിൽ, ചെച്നിയയിൽ, ബോസ്നിയയിൽ, ടൂനിസിൽ, കൈറോവിൽ, ട്രിപ്പോളിയിൽ….. ആയിരമായിരം മാസങ്ങള്‍ കാത്തിരിക്കേണ്ടി വന്നാലും ഈയൊരു രാവിന്റെ ശക്തി എല്ലാ തിന്മയുടെയും ശക്തികളെ അതിജയിക്കുക തന്നെ ചെയ്യും.

ഉണര്‍ന്നിരിക്കുക; ഈ രാത്രിയിൽ. വിണ്ണില്‍ നിന്ന് മാലാഖമാരെ നയിച്ചുകൊണ്ട് മലക്ക് ജിബ്രീല്‍ മണ്ണിലിറങ്ങുന്ന രാവില്‍ നാം ഉറങ്ങിക്കൂടാ. കാരണം ആ രാവിലാണ് നാം നമ്മുടെ ഭാഗധേയം കണ്ടെത്തുന്നത്. ഉത്തമ സമുദായം എന്ന നിലയിലുള്ള നമ്മുടെ ഭാഗധേയം.

Leave a Reply

Your email address will not be published. Required fields are marked *