എം.എൻ റോയ്

 

“ഇസ്ലാം ചരിത്രത്തിന്‍റെ അനിവാര്യമായ ഒരു ഉല്‍പന്നമായിരുന്നു. അത് മനുഷ്യ പുരോഗതിയുടെ ഒരു ഉപകരണം കൂടിയായിരുന്നു. മനുഷ്യമനസ്സുകളെ വിപ്ലവകരമായ പരിവര്‍ത്തനത്തിന് വിധേയമാക്കിയ പുതിയ സാമൂഹിക ബന്ധങ്ങളുടെ പ്രത്യയശാസ്ത്രത്തിന്‍റെ പിറവി ഇവിടെ സംഭവിച്ചു”

ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാവും റാഡിക്കല്‍ ഹ്യുമനിസത്തിന്‍റെ സ്ഥാപകനും കമ്യൂണിസ്റ്റ്‌ ഇന്‍റര്‍ നാഷണലില്‍ അംഗത്വം നേടിയ ആദ്യ ഇന്ത്യക്കാരനുമായ എം എന്‍ റോയ് 1939 ല്‍ എഴുതിയ ‘Historical Role of Islam’ (ഇസ്ലാമിന്‍റെ ചരിത്രപരമായ പങ്ക്) എന്ന പുസ്തകത്തില്‍ നിന്നാണ് മുകളില്‍ കൊടുത്ത അഭിപ്രായം ഉദ്ധരിച്ചത്.

 

Historical Role of Islamഒരു ഘട്ടത്തില്‍ പോലും ആത്മീയതയില്‍ താല്പര്യം കണ്ടെത്താത്ത ഭൌതിക വാദിയായിരുന്ന എം.എന്‍ റോയ് പ്രാഥമികമായിത്തന്നെ ആത്മീയതയെ നിരാകരിച്ചു കൊണ്ടാണ് തന്‍റെ അഭിപ്രായങ്ങള്‍ പങ്കു വെക്കുന്നത് . ഇസ്ലാമിന്‍റെ ചരിത്രപരമായ പ്രാധാന്യം വളരെ വിശദമായിത്തന്നെ വരച്ചു കാട്ടുന്ന ഈ കൃതി വേണ്ടത്ര ചരിത്രബോധമില്ലാതെ കേവലം ഇസ്ലാം വിമര്‍ശനമെന്ന നുകത്തിനു താഴെ അനുസരണയോടെ നടക്കുന്ന ആധുനിക വിമര്‍ശകരുടെ ആശയപാപ്പരത്തം തുറന്നുകാട്ടുന്നതോടൊപ്പം ഇസ്ലാമെന്ന മഹത്തായ ആദര്‍ശം പോലെ മറ്റൊരു ആദര്‍ശം ചരിത്രത്തിലുടനീളം പരതിയാലും എങ്ങും കാണാന്‍ കഴിയില്ലെന്ന് അടിവരയിട്ടു സ്ഥാപിക്കുകയും ചെയ്യുന്നു.

ഇസ്ലാം ഇന്ത്യയില്‍!

ഇന്ത്യന്‍ സാഹചര്യത്തില്‍ ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട മതമാണ്‌ ഇസ്ലാം. അതിനു കാരണം മുസ്ലിം ഭരണാധികാരികള്‍ ജേതാക്കളായിക്കൊണ്ടാണ് ഇന്ത്യയിലേക്ക്‌ വന്നത് എന്നതാണ്. എന്നാല്‍ ഇസ്ലാമിന്‍റെ വളര്‍ച്ചയുടെ കാരണം തേടേണ്ടത് ഇന്ത്യ ഭരിച്ച മുസ്ലിം ഭരണാധികാരികളുടെ ആയുധപ്പുരയിലല്ല, മറിച്ച് ഇന്ത്യയില്‍ നില നിന്നിരുന്ന നീചമായ ജാതി വ്യവസ്ഥിതിയിലാണെന്ന് അദ്ദേഹം സമര്‍ഥിക്കുന്നു.

ഇസ്ലാമിന്‍റെ ഇന്ത്യയിലേക്കുള്ള വരവ് ചരിത്രത്തിലെ അതിന്‍റെ പുരോഗമനപരമായ ദൌത്യങ്ങള്‍ നിറവേറ്റിയ ശേഷമാണ് എന്നദ്ദേഹം നിരീക്ഷിക്കുന്നു.

“പണ്ഡിതരും സംസ്കാരസമ്പന്നരുമായ അറബികളില്‍ നിന്ന് വേണ്ടതെല്ലാം ആർജ്ജിച്ചെടുത്ത നേതൃത്വമാണ് അക്കാലത്ത് ഇസ്ലാമിനുണ്ടായിരുന്നത്. ഇസ്ലാമിന്‍റെ ഉദ്ഭവകാലത്ത് അതിനെ ഉത്തേജിപ്പിച്ചിരുന്ന വിപ്ലവതത്വങ്ങളും പടിപടിയായി നേടിയെടുത്ത വിജയാനുഭവങ്ങളും ഇസ്ലാം ഇന്ത്യയിലേക്ക്‌ വരുന്നകാലത്ത് അതിന്‍റെ പതാകയില്‍ ആലേഖനം ചെയ്തിരുന്നു. പേര്‍ഷ്യയിലും യൂറോപ്പിലെ കൃസ്ത്യന്‍ രാജ്യങ്ങളിലും ഇസ്ലാം വിജയക്കൊടി പാറിച്ചത് എങ്ങനെയോ, അങ്ങനെ തന്നെയുള്ള സാമൂഹിക പശ്ചാത്തലത്തിലാണ് ഇന്ത്യയിലും ഇസ്ലാം അതിന്‍റെ വേരുകളിറക്കിയത്. ദീര്‍ഘ കാലത്തെ ചരിത്രവും പൌരാണികമായ ഒരു സംസ്കാരവും സ്വന്തമായുള്ള ഒരു രാജ്യവും പെട്ടന്നുണ്ടാകുന്ന ഒരു വിദേശാക്രമണത്തിനു മുമ്പില്‍ തലകുനിച്ചു കൊടുക്കാറില്ല. കുറഞ്ഞപക്ഷം ആക്രമണത്തിനിരയാകുന്ന ജനതയുടെ ആദരവും സംതൃപ്തിയും ആര്ജ്ജിക്കാതെ ഇത്തരം ഒരു കീഴടങ്ങല്‍ നടക്കുക എന്നത് സ്വാഭാവികമല്ല. ബ്രാഹ്മണ മതയാഥാസ്ഥികതക്കെതിരെ ബുദ്ധമതം അഴിച്ചു വിട്ട വിപ്ലവം, 11 ആം നൂറ്റാണ്ടിലും 12 ആം നൂറ്റാണ്ടിലും വേദവിപരീതികളെന്നു മുദ്രകുത്തപ്പെട്ടിരുന്ന വിപ്ലവകാരികള്‍ ഉള്‍പ്പടെയുള്ള ബഹുജനങ്ങളെ നന്നായി സ്വാധീനിച്ചു. അവര്‍ ഇസ്ലാമിന്‍റെ സന്ദേശത്തെ ഹൃദയം തുറന്നു സ്വാഗതം ചെയ്തു ( ഇസ്ലാമിന്‍റെ ചരിത്രപരമായ പങ്ക്, പേജ് 72)

ബ്രാഹ്മണ മതമേധാവികളുടെ കടുത്ത പീഡനങ്ങള്‍ ഏറ്റുവാങ്ങിയ അസംതൃപ്തരായ കീഴാളജനത ഒരു മോചനമാര്‍ഗ്ഗമായാണ് ഇസ്ലാമിനെ പുല്‍കിയത് എന്ന ചരിത്രവസ്തുതയ്ക്ക് അദ്ദേഹം അടിവരയിടുന്നു. ഇസ്ലാമിനെതിരെ ഒരു പ്രതിവിപ്ലവം നടക്കാതെ പോയത് അതുകൊണ്ടാണ്. അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗം ഇസ്ലാമില്‍ തങ്ങളുടെ രക്ഷ ദര്‍ശിച്ചു. അവര്‍ ഇസ്ലാമിന്‍റെ കൊടിക്കീഴില്‍ അണിനിരന്നു. ഇസ്ലാം അവര്‍ക്ക് രാഷ്ട്രീയസമത്വം വാഗ്ദാനം ചെയ്തു. പൌരാണിക ഹിന്ദു സംസ്കാരത്തിന്‍റെ ചരിത്രമെഴുതിയ ഹാവെലിന്‍റെ വാക്കുകള്‍ ഉദ്ദരിച്ചു കൊണ്ട് അദ്ദേഹം വിശദീകരിക്കുന്നത് ഇങ്ങനെയാണ്- ഇന്ത്യയിലെ കീഴാളജനതയ്ക്ക് അന്നത്തെ സാമൂഹ്യ പരിത സ്ഥിതിയില്‍ രണ്ടു മാര്‍ഗ്ഗങ്ങളാണ് ഉണ്ടായിരുന്നത് – ഒന്നുകില്‍ ഇസ്ലാമിക നിയമ സംഹിതകളുടെ സര്‍വ്വ പരിരക്ഷ, അല്ലെങ്കില്‍ കൂടുതല്‍ പ്രാകൃതമായ ആര്യന്‍ നിയമസംഹിത.

പ്രവാചകന്‍റെ ഒട്ടേറെ അനുയായികളുടെ മാതൃഭൂമിയായ ഇന്ത്യയില്‍ നൂറ്റാണ്ടുകള്‍ക്കു ശേഷവും ജനസംഖ്യയില്‍ ഗണ്യമായ മുസ്ലിംകളെ ഒരു വിദേശീയ ജനത എന്ന നിലയ്ക്ക് പരിഗണിക്കപ്പെടുന്നതിനെതിരെ അദ്ദേഹം ആഞ്ഞടിക്കുന്നു. ഭൂതകാലത്തെ അസുഖകരമായ ഓര്‍മ്മകള്‍ വിസ്മരിക്കാന്‍ കാലമായിരിക്കുന്നു എന്നദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. പ്രത്യേകിച്ചും ദീര്‍ഘകാലത്തെ ബ്രിട്ടീഷ്ഭരണം ഹിന്ദുക്കളെയും മുസ്ലിംകളെയും ഒരുപോലെ അടിമകളാക്കിയ പശ്ചാത്തലത്തില്‍..!!. ., .ബ്രിട്ടീഷ് ഭരണത്തിന്റെ ക്രൂരതകള്‍ക്ക് വിധേയമായവരില്‍ ഹിന്ദുക്കളോട് ഒപ്പമോ അതിലധികമോ വരും മുസ്ലിംകളുടെ എണ്ണം. മുസ്ലിംഭരണം ഇന്ത്യാമികചരിത്രത്തില്‍ ശരിയായി രേഖപ്പെടുത്തക്കവിധം മുസ്ലിംകള്‍ ഇന്ത്യന്‍ദേശീയതയുടെ അവിഭാജ്യ ഘടകമായി തീര്‍ന്നിട്ടുണ്ട്. (പേജ് 16)

യാഥാസ്ഥിക ഇന്ത്യന്‍സമൂഹം ഇസ്ലാമിനെ വേണ്ടവിധം മനസ്സിലാക്കിയിട്ടില്ലെന്നു അദ്ദേഹം തുറന്നുപറയുന്നു. ഇസ്ലാമിന്‍റെ പ്രവാചകനെ കുറിച്ചോ ഇസ്ലാമിന്‍റെ ചരിത്രപരമായ നിയോഗത്തെ കുറിച്ചോ ലോകത്ത് ഇസ്ലാം കൊണ്ടുവന്ന പുരോഗമനപരമായ മാറ്റങ്ങളെ കുറിച്ചോ നമ്മുടെ സമൂഹത്തിന് യാതൊരു അറിവുമില്ലെന്ന് അദേഹം വിശദീകരിക്കുന്നുണ്ട്.

ഇസ്ലാമികചരിത്രവും പ്രവാചകന്‍ മുഹമ്മദിന്‍റെ മതസിദ്ധാന്തങ്ങളും ലോകത്തിലെ ഏതു പരിഷ്കൃതജനതയ്ക്കും നന്നായി അറിയാം. എന്നാല്‍ ഇതേക്കുറിച്ച് ഒരറിവും ഇല്ലാത്ത ഒരേയൊരു ജനസമൂഹം ഇന്ത്യയിലെ യാഥാസ്ഥികഹിന്ദുക്കള്‍ മാത്രമായിരിക്കും. നമ്മുടെ ദേശീയാദര്‍ശത്തിന്റെ എടുത്തു പറയാവുന്ന പ്രത്യേകത അതുയര്‍ത്തി കാണിക്കുന്ന ആത്മീയ സാമ്രാജ്യമാണ്‌. പക്ഷെ , മലീമസമായ ഈ ആവേശം ഇസ്ലാമിന്‍റെ നേര്‍ക്കാണ് ഏറ്റവും കൂടുതല്‍ . പ്രവാചകന്‍ മുഹമ്മദിന്‍റെ അധ്യാപനങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ആത്മീയതയെ കുറിച്ച് ഈ ദേശീയ വാദികള്‍ ഒട്ടും തന്നെ മനസ്സിലാക്കുന്നില്ല. ഇന്ത്യന്‍ പശ്ചാത്തലത്തില്‍ വളരെയേറെ തെറ്റിധരിക്കപ്പെട്ടിട്ടുള്ള പ്രവാചകനാണ്‌ മുഹമ്മദ്‌ നബി. ഒരു ശരാശരി ഹിന്ദുവിന് മുഹമ്മദിനെ കുറിച്ച് വളരെ കുറച്ച് അറിവേയുള്ളൂ.ഇസ്ലാമിന്‍റെ വിപ്ലവകരമായ പ്രാധാന്യത്തെക്കുറിച്ചോ ഇസ്ലാമികവിപ്ലവം ലോകത്തില്‍ കോരിച്ചൊരിഞ്ഞ സാംസ്കാരിക സംഭാവനകളെക്കുറിച്ചോ അയാള്‍ക്ക്‌ ഒരു ആദരവുമില്ല. ശാസ്ത്രീയ സത്യങ്ങളുടെയും ചരിത്ര സത്യങ്ങളുടെയും പരിശുദ്ധി കാത്തു സൂക്ഷിക്കുന്നതിനെന്ന പോലെ ഇന്ത്യന്‍ ജനതയുടെ ഭാവി ഭാഗധേയത്തെ കരുതിയും മേല്‍പറഞ്ഞ തരത്തിലുള്ള ധാരണകളെ എതിര്‍ത്ത് തോല്‍പ്പിക്കേണ്ടതുണ്ട്. (പേജ് ,17 )

ഇസ്ലാമിന്‍റെ മുന്നേറ്റം അറേബ്യയിലും യൂറോപ്പിലും

“ ലോകത്ത് ചുരുങ്ങിയ കാലംകൊണ്ട് ഇസ്ലാം നേടിയ നേട്ടങ്ങളെ അദ്ദേഹം അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്. അവ കേവലം സൈനികമായ മുന്നേറ്റങ്ങളായി കാണാന്‍ അദ്ദേഹം തയ്യാറായില്ല. കാലഘട്ടത്തിന്‍റെ അനിവാര്യതയായിരുന്നു ഇസ്ലാമിന്‍റെ മുന്നേറ്റം എന്നദേഹം വിലയിരുത്തുന്നു. പുരാതന സംസ്കാരങ്ങളുടെ ജീര്‍ണ്ണതയും നില നിന്നിരുന്ന കടുത്ത അസമത്വവും ഇസ്ലാമിന്‍റെ ജൈത്ര യാത്ര സുഗമമാക്കി.” എം എന്‍ റോയി എഴുതി

“ അറേബ്യന്‍ മരുഭൂമിയിലെ ഒരു പറ്റം നാടോടികള്‍ ഒരു പുതിയ വിശ്വാസത്താല്‍ ആവേശഭരിതരായി പ്രബലമായ രണ്ടു സാമ്രാജ്യങ്ങളെ തകിടം മറിച്ച അവിശ്വസനീയ ധീരത ആരെയാണ് അത്ഭുതാപ്പെടുത്താതിരിക്കുക! വാള്‍മുന ചൂണ്ടി സമാധാനത്തിന്‍റെ ദൂത് പ്രചരിപ്പിച്ചുകൊണ്ട് രംഗപ്രവേശം ചെയ്ത പ്രവാചകന്‍ മുഹമ്മദ്‌ അല്ലാഹുവിന്‍റെ പ്രവാചകനെന്ന സ്ഥാനം സ്വയം ഏറ്റെടുത്തു കൊണ്ട് രംഗത്ത് വന്നു കഷ്ടിച്ച് 50 വര്‍ഷം പിന്നിട്ടതോടെ അദ്ദേഹത്തിന്‍റെ അനുയായികള്‍ ഇസ്ലാമിന്‍റെ ബാനര്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്‍റെ തീരംമുതല്‍ അറ്റ്‌ലാന്റിക്കിന്റെ തീരംവരെയും വിടര്‍ത്തിക്കഴിഞ്ഞു എന്നത് ചെറിയ കാര്യമല്ല. ദമാസ്കസിലെ ആദ്യത്തെ ഖലീഫമാര്‍ സ്ഥാപിച്ച ഭരണ സീമയുടെ വിസ്തൃതി തരണം ചെയ്യാന്‍ ഒട്ടകപ്പുറത്ത്‌ സഞ്ചരിക്കുന്ന ഒരു വ്യാപാരി സംഘത്തിന് അഞ്ചു മാസത്തെ യാത്ര വേണ്ടിയിരുന്നു. ഹിജ്റ വത്സരത്തിന്‍റെ ആദ്യനൂറ്റാണ്ട് അവാസാനിക്കുമ്പോള്‍ വിശ്വാസികളുടെ കമാണ്ടര്‍മാർ എന്നറിയപ്പെട്ടിരുന്ന ഇസ്ലാമിക ഭരണാധികാരികള്‍ ആയിരുന്നു അക്കാലത്ത് ലോകത്തെ ഏറ്റവും ശക്തരായ ഭരണാധികാരികള്‍ ” (പേജ് , 17)

അത്ഭുതകരമായ ഈ പ്രതിഭാസം എങ്ങനെ സംഭവിച്ചുവെന്ന ചോദ്യത്തിന് മുമ്പില്‍ ചരിത്രകാരന്മാര്‍ പരിഭ്രമിച്ചു നില്‍ക്കുകയാണ്. ശാന്തതയും സഹിഷ്ണുതയും പുലര്‍ത്തിയിരുന്ന ജനവിഭാഗങ്ങളെ ഇസ്ലാമിക മതഭ്രാന്തിന്‍റെ പിന്‍ബലത്തോടെ ആക്രമിച്ചു കീഴ്പ്പെടുത്തിയാണ് ഇസ്ലാമിന് മേല്‍പ്പറഞ്ഞ വിജയം കൈവരിക്കാന്‍ കഴിഞ്ഞത് എന്ന അസംബന്ധസിദ്ധാന്തം അഭ്യസ്തവിദ്യരായ പരിഷ്കൃത ലോകം തള്ളിക്കളഞ്ഞതാണ്. ഇസ്ലാമിന്‍റെ വിജയമെന്ന ഈ അത്ഭുത പ്രതിഭാസം പ്രാഥമികമായും അതിലന്തര്‍ഭവിച്ചിരുന്ന വിപ്ലവസ്വഭാവം കൊണ്ടും ഗ്രീസ്, റോം, പേര്‍ഷ്യ തുടങ്ങിയ പുരാതന സംസ്കൃതികളുടെ മാത്രമല്ല; ഇന്ത്യ, ചൈന തുടങ്ങിയ സംസ്കാരങ്ങളുടെ ജീര്‍ണ്ണത കൊണ്ടും സംഭവിച്ചതാണെന്ന് കാണാം (പേജ് , 19)

ഇസ്ലാമിന്‍റെ മുന്നേറ്റം കേവലം സൈനികമായ മുന്നേറ്റമായിരുന്നില്ല എന്നദ്ദേഹം വസ്തുതകളുടെ പിന്‍ബലത്തോടെ സമര്‍ത്ഥിച്ചു:

നാടോടിവര്‍ഗ്ഗങ്ങളായിരുന്ന താത്താരി, ഗോത്തുകള്‍, ഹൂണന്മാര്‍, മംഗോളുകള്‍ തുടങ്ങി ഗോത്ര വര്‍ഗ്ഗ സമൂഹങ്ങള്‍ പുരാതന ജനപഥങ്ങളെ കൊള്ളയടിച്ച് നേടിയ വിജയം അവരുടെ സൈനിക ശക്തിയുടെ വിജയമായിരുന്നില്ല. അവരെ വിജയത്തിലേക്ക് നയിച്ച വിധ്വംസകപ്രവര്‍ത്തനങ്ങള്‍ ഒരിക്കലും ചരിത്രത്തില്‍ പ്രകീര്‍ത്തിക്കപ്പെട്ടിട്ടുമില്ല. യൂറോപ്പിന്‍റെ പശ്ചിമ-പൂര്‍വ്വ-ദക്ഷിണ മേഖലകളെ പ്രകമ്പനം കൊള്ളിച്ച ഒരു ചുഴലിക്കാറ്റായിരുന്നു അറേബ്യന്‍ തീരങ്ങളില്‍ നിന്ന് ഇസ്ലാമിന്‍റെ പേരില്‍ അങ്ങോട്ട്‌ വീശിയടിച്ച മതപരമായ ഉന്മത്തത. മുകളില്‍ സൂചിപ്പിച്ച സാരസന്മാര്‍ , ഹൂണന്മാര്‍ തുടങ്ങിയവരുടെ ആക്രമണവും ഇസ്ലാം നേടിയ ദിഗ്വിജയവും പരസ്പരം താരതമ്യപ്പെടുത്തുന്പോഴാണ് രണ്ടിന്‍റെയും വ്യത്യാസം ചരിത്ര വിദ്യാര്‍ഥിക്ക് മനസ്സിലാവുക. ആദ്യത്തേത് മരണവും നാശവും മറ്റത്യാഹിതങ്ങളുമാണ്. രണ്ടാമത്തേത് മാനവികതയുടെ ചരിത്രത്തില്‍ ഒരു പുതിയ അധ്യായം എഴുതിച്ചേര്‍ക്കുകയാണ് ചെയ്തത്. ഇതോട് ബന്ധപ്പെട്ട് സംഭവിചിരിക്കാവുന്ന നാശങ്ങള്‍ മഹത്തായ ഒരു ചരിത്ര ദൌത്യത്തിന്‍റെ അനുബന്ധം മാത്രമായിരുന്നു. മനുഷ്യ ചരിത്രത്തിലെ ഈ നൂതന ദൌത്യം എല്ലാ പഴമകളുടെയും ഉഛാടനവും അനിവാര്യമായ പുതുമകളുടെ പ്രകാശനവുമായിരുന്നു. സ്വേച്ഛാപ്രമത്തരായ ഭരണാധികാരികളുടെ രമ്യഹര്‍മങ്ങളും ദുരാചാരകേന്ദ്രങ്ങളുടെ ശ്രീകോവിലുകളും ഇസ്ലാമിന്‍റെ ജൈത്ര യാത്രയ്ക്കിടെ തൂത്തെറിയപ്പെട്ടു. എന്നാല്‍ അതുവരെ ആര്‍ജ്ജിതമായിരുന്ന സര്‍വ്വ വിജ്ഞാനസമ്പത്തുക്കളും അനേകമടങ്ങായി വര്‍ധിപ്പിച്ചു കൊണ്ട് ഭാവിതലമുറയ്ക്ക് കൈമാറുക എന്ന ദൌത്യം ഇസ്ലാം ഭംഗിയായി നിറവേറ്റി (പേജ് 20-21)

മുസ്ലിംകളുടെ സംസ്കാരം, പെരുമാറ്റം,ലക്ഷ്യബോധം

ജേതാക്കളായി ഓരോ ദേശങ്ങളിലും കടന്നുചെന്ന മുസ്ലിംകളുടെ ചരിത്രത്തില്‍ മറ്റു മാതൃകകള്‍ ഇല്ലാത്ത മഹനീയമായ പെരുമാറ്റ രീതികളെ കുറിച്ച് അദ്ദേഹം പറയുന്നത് കാണുക:

ഉന്നതമായ സാംസ്കാരികനിലവാരം പുലര്‍ത്തിയവര്‍ ആയിരുന്നു മുഹമ്മദിന്‍റെ പിന്‍ഗാമികള്‍. ഉയര്‍ന്ന സ്വഭാവശുദ്ധി, മികച്ച ലക്ഷ്യബോധം, ഉന്നതമായ ആത്മീയനിലവാരം ഇത്തരം ഘടകങ്ങളാല്‍ നയിക്കപ്പെട്ടവരായിരുന്നു ഇസ്ലാമിക വിപ്ലവകാരികള്‍ . അതില്‍നിന്ന് അതിരു കവിഞ്ഞ അവരുടെ അര്‍പ്പണബോധം അന്ധവിശ്വാസങ്ങളില്‍ അധിഷ്ടിതമായിരുന്നു എന്ന് സമര്‍ഥിക്കുമ്പോള്‍ തന്നെ അതൊരിക്കലും കാപട്യങ്ങളാല്‍ ആവൃതമായിരുന്നില്ല. അവരുടെ മതാന്ധതയുടെ തീവ്രത അവരുടെ ഉദാരമനസ്കത കൊണ്ടും സാമാന്യബോധം കൊണ്ടും ലളിതവത്കരിക്കപ്പെട്ടിരുന്നു. അവരുടെ മോഹങ്ങളില്‍ ഒരിക്കലും സ്വാര്‍ഥതയുടെ കറപുരണ്ടിരുന്നില്ല .അവരുടെ ദൈവികത അഹങ്കാരത്തിന്‍റെ മൂടുപടമായിരുന്നില്ല. (പേജ് 23)

വിശ്വാസികളുടെ ആദ്യത്തെ കമാന്ഡര്‍ എന്നറിയപ്പെട്ടിരുന്ന അബൂബക്കറിനെ പോലെ അങ്ങേയറ്റം കാല്‍പ്പനികനും ആത്മാര്‍ഥതയുടെ നിറകുടവും മര്യാദാ സമ്പന്നനുമായ അപൂര്‍വ്വം വ്യക്തികളെ ചരിത്രത്തില്‍ സ്ഥാനം പിടിച്ചിട്ടുള്ളൂ. അല്ലാഹുവിന്‍റെ പട്ടാളക്കാര്‍ എന്ന് അദ്ദേഹം വിളിച്ചിരുന്ന സ്വന്തം അനുയായികളോട് അബൂബക്കര്‍ പറഞ്ഞ വാക്കുകള്‍ ഇവിടെ സ്മരണീയമാണ് : “നീതിക്കായി നില കൊള്ളുക, അനീതി പ്രവര്‍ത്തിക്കുന്നവര്‍ ഒരിക്കലും അഭിവൃദ്ധിപ്പെടുകയില്ല. ധീരന്മാരായിരിക്കുക. കീഴടങ്ങുന്നതിനേക്കാള്‍ മരിക്കുന്നതാണ് ഉചിതം, കരുണയുള്ളവരായിരിക്കുക. വൃദ്ധന്മാര്‍, സ്ത്രീകള്‍ , കുട്ടികള്‍ ഇവരെ ഉപദ്രവിക്കവിക്കരുത്. ഫലങ്ങളും ധാന്യവിളകളും നശിപ്പിക്കരുത്. കന്നുകാലികളെ ദ്രോഹിക്കരുത്. ശത്രുവിനോട് പോലും പറഞ്ഞ വാക്കുകള്‍ പാലിക്കണം ” ഇത്തരം ആഹ്വാനങ്ങള്‍ കൃത്യമായി പാലിച്ചു കൊണ്ടാണ് അബൂബക്കറും അദ്ദേഹത്തിന്‍റെ അനുയായികളും തങ്ങളുടെ ജൈത്രയാത്ര തുടരുന്നത് (പേജ് 23)

രണ്ടാംഖലീഫ ഉമറിന്‍റെ സാഹസികരായ ആശ്വഭടന്മാര്‍ അവരുടെ ജൈത്ര യാത്ര , ഒരു വശത്ത് പേര്‍ഷ്യന്‍ സാമ്രാജ്യത്തിലൂടെ ഓക്സസ് നദിയുടെ വിദൂരതീരം വരെ എത്തുകയും മറുവശത്ത് റോമാ സാമ്രാജ്യത്തിന്‍റെ രണ്ടാം തലസ്ഥാനമായ അലക്സാണ്ട്രിയയുടെയും ജേതാക്കളുമായി തീര്‍ന്നു. ചരിത്രകാരനായ ഗിബ്ബണ്‍ ഈ വിജയ ഘോഷയാത്രയുടെ ലാളിത്യത്തെ കുറിച്ച് ഒട്ടേറെ പ്രകീര്‍ത്തിച്ചിരുന്നു. എവിടെയൊക്കെ ഖലീഫാ ഉമറും സംഘവും പ്രവേശിച്ചുവോ അവിടെയൊക്കെ ജനങ്ങള്‍ അവരെ ആഹ്ലാദാരാവങ്ങളോടെ അവരെ സ്വാഗതം ചെയ്തു. സാമൂഹികനീതിയുടെ പരിപാലനത്തിന് അവര്‍ പ്രത്യേകം ഊന്നല്‍നല്‍കി. (പേജ് 24)

“ഏതെങ്കിലുമൊരു രാജ്യം അറബികളുടെ അധീനതയില്‍ വന്നാല്‍ ആ രാജ്യം പെട്ടെന്ന് സാമ്പത്തിക അഭിവൃദ്ധി പ്രാപിച്ചിരുന്നു”(പേജ് 27)

അന്യ മതക്കാരോട് അങ്ങേയറ്റം സഹിഷ്ണുത പുലര്ത്തിയിരുന്നവരായിരുന്നു മുസ്ലിംകള്‍ എന്ന് ചരിത്രശകലങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം ഇങ്ങനെ വിശദീകരിച്ചു :

ഖലീഫാ ഉമര്‍ ജറൂസലം പിടിച്ചടക്കിയപ്പോള്‍ തോല്‍പ്പിക്കപ്പെട്ട ജനങ്ങള്‍ക്ക്‌ അവരുടെ ഭൌതിക സ്വത്തുക്കള്‍ അവരുടെ ഉടമസ്ഥതയില്‍ വെക്കുന്നതിനും അവര്‍ക്കിഷ്ടമുള്ള മതവിശ്വാസം പിന്തുടരുന്നതിനും സ്വാതന്ത്ര്യം നല്‍കിയിരുന്നു. നഗരത്തിന്റെ ഒരു പ്രത്യേക ഭാഗം കൃസ്ത്യാനികള്‍ക്ക് പതിച്ചു നല്‍കുകയുണ്ടായി . അവിടെ അവര്‍ക്ക് സ്വന്തം പാത്രിയാര്‍ക്കീസും പുരോഹിത ഗണങ്ങളും ഉണ്ടായിരുന്നു. ഭരണകൂടം അവര്‍ക്ക് നല്‍കിയിരുന്ന സംരക്ഷണത്തിന് പ്രതിഫലം എന്ന നിലയില്‍ നാമമാത്രമായ ഒരു നികുതി ശേഖരിച്ചിരുന്നു. വിശുദ്ധനഗരമായ ജരുസലേമിലെക്കുള്ള ക്രൈസ്തവ തീര്‍ഥാടനതെ ഇസ്ലാമിക ഭരണാധികാരികള്‍ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തിരുന്നത്. (പേജ് 40)

പ്രസിദ്ധ വൈദികചരിത്രകാരനായ റീനോഡോട്ട് ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: “പാത്രിയാര്‍ക്കീസുമാര്‍, വിവിധ പുരോഹിതസ്ഥാനികള്‍ ഇവരുടെ അധികാര അതിര്‍ത്തികളും അവകാശാധികാരങ്ങളും മുസ്ലിം ഭരണാധികാരികള്‍ കൃത്യമായും സംരക്ഷിച്ചിരുന്നു”
ബാഗ്ദാദിലെ ഒരു ഖലീഫ ഇങ്ങനെ പ്രഖ്യാപിക്കുകയുണ്ടായി “പേര്‍ഷ്യന്‍ സാമ്രാജ്യ സീമകളില്‍ ഏറ്റവും വിശ്വസ്തരായ പൌരന്മാര്‍ ക്രിസ്ത്യാനികളാണ്” (പേജ് 41)

അതേ പ്രദേശങ്ങളിലേക്ക് ക്രിസ്ത്യന്‍ ആക്രമണകാരികള്‍ കടന്നു ചെന്നപ്പോള്‍ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ സംഭവങ്ങളാണ് നടമാടിയത്. ജേതാക്കളുടെ കാട്ടുനീതിയെന്ന പതിവ് ക്രൂരതകളില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ അവര്‍ക്കായില്ല എന്ന് മാത്രമല്ല ക്രൂരതയുടെ പര്യായമായി അവര്‍ മാറുന്നതായാണ് പിന്നീട് ലോകം കണ്ടത്.

എന്നാല്‍ നാന്നൂറ്ററുപത് വര്‍ഷങ്ങള്‍ക്കപ്പുറം ജറുസലം അധീനപ്പെടുത്തിയ കുരിശുയുദ്ധ ശില്പ്പികളായ യൂറോപ്പ്യന്‍ പ്രഭുക്കന്മാരുടെ അഴിഞ്ഞാട്ടം മുസ്ലിംകളെ മാത്രമല്ല, പൌരസ്ത്യ ക്രിസ്ത്യാനികളെയും വേട്ടയാടുകയുണ്ടായി. അറേബ്യന്‍ ഖലീഫമാരുടെ മതസഹിഷ്ണുതയെ പൌരസ്ത്യ ക്രിസ്ത്യാനികള്‍ പോലും പ്രശംസിചിരുന്നതായിട്ടാണ് പ്രസിദ്ധ ചരിത്രകാരനായ ഗിബ്ബണ്‍ ‘റോമാ സാമ്രാജ്യത്തിന്‍റെ അധപ്പതനവും വീഴ്ചയും’ എന്ന ഗ്രന്ഥത്തില്‍ നിരീക്ഷിചിരിക്കുന്നത്. കുരിശു യുദ്ധം നടത്തിയ അക്രമികള്‍ എന്തൊക്കെയാണ് ചെയ്തുകൂട്ടിയത്? ഗിബ്ബണ്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു : ” സ്വകാര്യവ്യക്തികളുടെ മാത്രമല്ല പൊതുസമ്പത്തും കൊള്ളയടിക്കപ്പെട്ടു. തങ്ങളുടെ ദൈവത്തിന് എന്നപേരില്‍ വലിയൊരു രക്തച്ചൊരിചില്‍ തന്നെ അവര്‍ക്ക് നടത്തേണ്ടി വന്നു. ചെറുത്തു നില്‍പ്പുകളെ രൂക്ഷമായി അടിച്ചമര്‍ത്തി. പ്രായം, ലിംഗം ഇത്തരം പരിഗണനകള്‍ ഒന്നുംകൂടാതെ അക്രമത്തിന്‍റെ ഇരയായി. ഏതാണ്ട് 70,000 മുസ്ലിംകള്‍ കൊല്ലപ്പെട്ടു. ആര്‍ക്കും ഒരു ദ്രോഹവും ചെയ്യാത്ത അനേകായിരം യഹൂദന്മാര്‍ അവരുടെ ആരാധനാലയങ്ങള്‍ക്കുള്ളില്‍ വെച്ച് പോലും അഗ്നിക്കിരയാക്കപ്പെട്ടു ” ആധികാരികമായ ചരിത്ര രചന നടത്തിയ കൃസ്ത്യാനികളും മുസ്ലിംകളും ഗിബ്ബണിന്റെ മേല്‍പ്പറഞ്ഞ വിവരണങ്ങളെ ശരി വെക്കുകയാണ് ചെയ്യുന്നത്. (പേജ് 41)

കൃസ്ത്യന്‍ രാജ്യങ്ങളിലേക്ക് ഇസ്ലാം കടന്നു കയറിയത് എങ്ങനെ ?

കൃസ്ത്യന്‍ മേഖലകളെ സാംസ്കാരികമായാണ് ഇസ്ലാം കീഴ്പ്പെടുത്തിയത്. ലോകത്ത് ഒരു ജനതയും തങ്ങളുടെ ദേശം കീഴടക്കാന്‍ ഒരു അധിനിവേശ സേനയോട് യാചിച്ച ചരിത്രം അന്നുവരെ ചരിത്രത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത സംഭവമാണ്. മുസ്ലിം അധിനിവേശം ആഗ്രഹിച്ചവരായിരുന്നു ആ പ്രദേശങ്ങളിലെ ജനങ്ങള്‍..

“കൃസ്തീയ അന്ധവിശ്വാസങ്ങളുടെയും പേര്‍ഷ്യന്‍ സ്വേച്ഛാധിപത്യ വാഴ്ചയുടേയും ബൈസാന്തിയന്‍ അഴിമതികളുടെയും പിടിയിലമര്‍ന്ന് ശ്വാസം മുട്ടിക്കഴിഞ്ഞിരുന്ന സാമാന്യജനങ്ങള്‍ വിമോചകരായാണ് ഈ സാരസന്‍ അക്രമകാരികളെ ഉള്ളുതുറന്ന് സ്വാഗതം ചെയ്തത്. പ്രവാചകന്‍ മുഹമ്മദിന്റെ വിപ്ലവകരമായ അധ്യാപനങ്ങളോട് അവര്‍ അന്ധമായ വിശ്വസ്തത പുലര്‍ത്തി. ഖലീഫമാരുടെ ഉത്തരവുകളെ അവര്‍ കൃത്യമായി പാലിച്ചു . ചുരുക്കത്തില്‍ സാരസന്മാര്‍ പരക്കെ സ്വാഗതം ചെയ്യപ്പെട്ടു. ചരിത്രത്തില്‍ ഇതിനു മുന്‍പൊരിക്കലും പുറമേ നിന്നെത്തിയ അധിനിവേശക്കാര്‍ തദ്ദേശീയ ജനതയാല്‍ ഇതുപോലെ സ്വീകരിക്കപ്പെട്ട അനുഭവം വേറെ ഉണ്ടായിട്ടില്ല” (പേജ് , 23)

ഇസ്ലാം കടന്നുചെല്ലുമ്പോള്‍ ക്രിസ്തുമതം അതിന്‍റെ ജീര്‍ണ്ണതയുടെ മൂര്‍ധന്യത്തില്‍ ആയിരുന്നുവെന്ന് എം.എന്‍ റോയി നിരീക്ഷിക്കുന്നു. “കൊലപാതകങ്ങള്‍, ചതിച്ചു കൊല്ലല്‍, വിഷപ്രയോഗങ്ങള്‍ തുടങ്ങിയ ദുഷ്കൃത്യങ്ങളില്‍ ബിഷപ്പുമാര്‍പോലും പങ്കാളികളായിരുന്നു. പാത്രിയാര്‍ക്കീസുമാരും, കത്തോലിക്കന്മാരും പരസ്പരം പുറംതള്ളുക, ബഹിഷ്കരണം പ്രഖ്യാപിക്കുക, ശപിച്ചു തള്ളുക തുടങ്ങിയവ പതിവാക്കി. സ്വന്തം അധികാരാവകാശങ്ങള്‍ ഉറപ്പിച്ചുനിർത്താന്‍ എന്ത് അതിക്രമവും ചെയ്യുന്നതിന് ഇവർക്കൊന്നും ഒരുമടിയും ഉണ്ടായിരുന്നില്ല. കൈക്കൂലി കൊടുത്തും ഷണ്ടന്‍മാരെയും വേശ്യകളെയും അസാന്മാര്‍ഗ്ഗിക വൃത്തികള്‍ക്ക് വശപ്പെടുത്തിക്കൊടുത്തും രാജകൊട്ടാരത്തിലെ സ്ത്രീകളെ പോലും സ്വാധീനിച്ചു കൂടെ നിറുത്തിയും താന്‍ പിടിച്ച മുയലിന് രണ്ടു കൊമ്പുണ്ടെന്നു സമര്‍ഥിക്കാന്‍ പരിശ്രമിച്ചവരായിരുന്നു ദൈവത്തിൻറെ പ്രതിപുരുഷന്മാരെന്നവകാശപ്പെട്ടിരുന്ന അക്കാലത്തെ സഭാധ്യക്ഷന്മാര്‍ (പേജ്44)

ക്രിസ്തുമതം അതിന്‍റെ അന്ത:സത്തയില്‍ നിന്നും അധ്യാപനങ്ങളില്‍ നിന്നും അങ്ങേയറ്റം വ്യതിചലിച്ച സാഹചര്യമാണ് അന്ന് നിലവിലുണ്ടായിരുന്നത്. എം എന്‍ റോയിയുടെ വാക്കുകള്‍ തന്നെ ഉദ്ധരിക്കട്ടെ!

“തങ്ങളുടെ ഗുരു റോമന്‍ നുകത്തിനെതിരെ പ്രബോധനം നടത്തിയ വ്യക്തിയായിരുന്നു എന്ന കാര്യംപോലും സഭാപിതാക്കന്മാര്‍ സൌകര്യപൂര്‍വ്വം മറന്നു. സീസറിനുള്ളത് സീസറിനു നല്‍കുക എന്ന നാണം കേട്ട ഒത്തുതീര്‍പ്പിന് വിധേയനായ ശാന്തനായ കുഞ്ഞാടായി യേശുവിനെ ചിത്രീകരിക്കാന്‍ അവര്‍ക്ക് ഒരു ലജ്ജയും ഉണ്ടായില്ല. ഇത്തരം ഒരു ഒത്തുതീര്‍പ്പ് ക്രിസ്തുമത രൂപവത്കരണത്തിന് പശ്ചാത്തലമായി വര്‍ത്തിച്ച യഹൂദമതത്തിന്റെ വിപ്ലവ പാരമ്പര്യത്തിന്റെ ന്നഗ്നമായ ലംഘനമായിരുന്നു. ഇതുവഴി, അന്നത്തെ സമൂഹത്തിന്റെ നീറുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സഹായകരമായ ഒരു പുതിയ സാമൂഹിക വ്യവസ്ഥയ്ക്ക് അടിത്തറയിടാനുള്ള നീക്കത്തെ തടയുകമാത്രമല്ല, അത്തരം സ്വപ്നങ്ങള്‍ സൂക്ഷിച്ചിരുന്നവരെ വഞ്ചിക്കുക കൂടി ചെയ്തു. തങ്ങള്‍ക്കുള്ളതെല്ലാം കവര്‍ച്ച ചെയ്യപ്പെട്ട സാധുക്കളെ ചൂഷണംനടത്തി കൊഴുത്തുവീര്‍ക്കുന്നതിനും സമ്പന്നര്‍ക്ക് അവസരം ലഭിച്ചു. (പേജ് 46

ക്രിസ്തുമതത്തിനു സംഭവിച്ച ഈ അപചയത്തിന് പരിഹാരം എന്ന നിലയ്ക്ക് മറ്റൊരു മതം ഉയര്‍ന്നുവരിക എന്നത് ചരിത്രപരമായ ഒരു അനിവാര്യതയായിരുന്നു. അതായിരുന്നു ഇസ്ലാം (പേജ് 44)

അതിനാല്‍ തന്നെ തങ്ങളുടെ പ്രദേശങ്ങള്‍ ഇസ്ലാമിക ഭരണത്തിന് കീഴില്‍ കൊണ്ടുവരാന്‍ അക്കാലത്തെ ക്രിസ്ത്യാനികള്‍ ആഗ്രഹിച്ചിരുന്നതായി എം എന്‍ റോയി ചരിത്രരേഖകളുടെ വെളിച്ചത്തില്‍ സമര്‍ഥിക്കുന്നു.

“സാരസിയന്‍ പടയാളികള്‍ ഓരോ കൃസ്ത്യന്‍ രാജ്യങ്ങളുടെ മേലും കൈവരിച്ച വിജയം ചരിത്രത്തിന്‍റെ നിര്‍ഭാഗ്യകരമെന്ന് തന്നെ പറയാവുന്ന വെളിപ്പെടുത്തലുകള്‍ പ്രകാരം തോല്‍പ്പിക്കപ്പെട്ട രാജ്യങ്ങളിലെ ജനസാമാന്യത്തിന്‍റെ പ്രീതിക്കത് പാത്രീഭവിച്ചു എന്നതാണ്. അറബികളായ ആക്രമണകാരികളുടെ ഭരണത്തെക്കാള്‍ കൂടുതല്‍ കിരാതവും സ്വേച്ഛാധിപത്യപരവും ആയിരുന്നു മിക്ക ക്രൈസ്തവ രാജ്യങ്ങളിലെയും ഭരണം, സിറിയന്‍ ഭൂപ്രദേശത്തെ തദ്ദേശവാസികള്‍ മുഹമ്മദിന്‍റെ അനുയായികളെ അക്ഷരാര്‍ത്ഥത്തില്‍ തന്നെ സ്വാഗതം ചെയ്യുകയായിരുന്നു. ഈജിപ്തിലെ കോപ്റ്റിക് വംശജര്‍ തങ്ങളുടെ രാജ്യത്തെ അറബ് അധിനിവേശത്തിനു കീഴില്‍ കൊണ്ടുവരാന്‍ വളരെയേറെ സംഭാവനകള്‍ ചെയ്യുകയുണ്ടായി. ക്രിസ്ത്യാനികളായ ആഫ്രിക്കന്‍ ബെര്‍ബറുകള്‍ ഇസ്ലാമിന്‍റെ ആഫ്രിക്കന്‍ അധിനിവേശം വളരെ എളുപ്പമാക്കി. കൊൺസ്റ്റാണ്ടിനോപ്പിള്‍ കേന്ദ്രീകരിച്ച് ക്രിസ്ത്യന്‍ ഭരണാധികാരികള്‍ നടത്തിയിരുന്ന തേര്‍വാഴ്ച്ചയെ മേല്‍ പറഞ്ഞ രാജ്യങ്ങളിലെ എല്ലാ ജനവിഭാഗങ്ങളും ശക്തമായി എതിര്‍ത്തിരുന്നു. നാടുവാഴികളായ പ്രഭുക്കന്മാരുടെ വഞ്ചനയും സാമാന്യജനത്തിന്‍റെ അസംതൃപ്തിയും സ്പൈനിനെയും തെക്കന്‍ ഫ്രാന്‍സിനെയും സാരസിയന്‍ അധിനിവേശത്തിനു അധിവേഗം ഇരകളാക്കി (Finaly-History of the Byzantine Empire) – പേജ് 47

ഇസ്ലാം കടന്നു ചെന്ന പ്രദേശങ്ങള്‍ ഇസ്ലാമിലേക്ക് അലിഞ്ഞു ചേരുകയായിരുന്നു എന്നതാണ് ശ്രദ്ധേയമായ വിലയിരുത്തല്‍!!
തദ്ദേശവാസികളുടെ മനസ്സുകളെ കീഴ്പ്പെടുത്തിയാണ് ഇസ്ലാം അത് സാധിച്ചത് എന്നദ്ദേഹം എഴുതുന്നു:

“അറേബ്യന്‍മണ്ണില്‍ ഇസ്ലാം കൈവരിച്ച പുരോഗതി വാളിന്‍റെ വായ്ത്തലകൊണ്ട് വെട്ടിപ്പിടിച്ചതാണെന്ന തികച്ചും തെറ്റായ ഒരു ധാരണ ഇന്ന് ലോകത്താകെ പരന്നിട്ടുണ്ട്. വാളുകൊണ്ട് ഒരുപക്ഷെ ഒരു രാജ്യത്തിന്‍റെ അധികാരം പിടിച്ചെടുക്കാന്‍ കഴിഞ്ഞേക്കാം. എന്നാല്‍ അവിടത്തെ ജനങ്ങളുടെ മനസ്സ് കീഴടക്കാന്‍ ക‌ഴിയുകയില്ല. ഏഷ്യയുടെയും ആഫ്രിക്കയുടെയും സാമാന്യ ജനജീവിതവുമായി ഇസ്ലാം ഇണങ്ങിച്ചേര്‍ന്ന സംഭവം അത്യന്തം ഗഹനമായി വിലയിരുത്തപ്പെടെണ്ട ഒന്നാണ്” (പേജ് 43)

ശാസ്ത്ര -വൈജ്ഞാനിക മേഖലകളില്‍ ഇസ്ലാമിന്‍റെ പങ്ക്!

വൈജ്ഞാനിക മേഖലയ്ക്കു 500 വര്‍ഷക്കാലം ഇസ്ലാം നല്‍കിയ സംഭാവനകളെ കുറിച്ച് എം എന്‍ റോയി സവിസ്തരം വിവരിക്കുന്നുണ്ട്. “അബ്ബാസികള്‍ , ഫാത്തിമികള്‍, അമവികള്‍ തുടങ്ങിയ വ്യത്യസ്ത ഇസ്ലാമിക ഭരണാധികാരികളുടെ കീഴില്‍ വിജ്ഞാനവും സംസ്കാരവും ഏഷ്യ, വടക്കേ ആഫ്രിക്ക, സ്പൈന്‍ തുടങ്ങിയ പ്രദേശങ്ങളില്‍ യഥാക്രമം പോഷിപ്പിക്കപ്പെട്ടുപ്പോന്നിരുന്നു. സമര്‍ഖന്ദും ബുഖാറയും മുതല്‍ ഫാസും കൊർദോവയും വരെയുള്ള സ്ഥലങ്ങളില്‍ ഒട്ടേറെ പണ്ഡിതന്മാര്‍ ജ്യോതിശാസ്ത്രം, ഗണിത ശാസ്ത്രം, ഊര്‍ജജ തന്ത്രം, രസതന്ത്രം, വൈദ്യശാസ്ത്രം, സംഗീതം തുടങ്ങിയ വിഷയങ്ങള്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തുവന്നിരുന്നു. ഗ്രീക്ക് തത്ത്വചിന്തയുടെയും പാണ്ഡിത്യത്തിന്റെയും വിലമതിക്കാനാവാത്ത നിധിശേഖരം ഒന്നടങ്കംതന്നെ ക്രൈസ്തവസഭയുടെ അന്ധവിശ്വാസങ്ങളുടെയും അസഹിഷ്ണുതകളുടെയും ആഘാതമേറ്റ് മറഞ്ഞു കിടക്കുകയായിരുന്നു. അറബ് പണ്ഡിത ശ്രേഷ്ഠന്മാര്‍ ഇവയെ പുറത്തു കൊണ്ടുവരാന്‍ മെനക്കെട്ടില്ലായിരുന്നുവെങ്കില്‍ അതൊന്നടങ്കം ലോകത്തിനു എന്നെന്നേക്കുമായി നഷ്ടമാകുമായിരുന്നു. അങ്ങനെ സംഭവിച്ചെങ്കില്‍ ഉണ്ടാകുമായിരുന്ന നഷ്ടം നമുക്ക് സംഭാവന ചെയ്യാന്‍ കഴിയുന്നതിനും എത്രയോ അപ്പുറത്തായിരിക്കും (പേജ് 57)

അറബികള്‍ – ശാസ്ത്രത്തിന്‍റെ മുന്‍ഗാമികള്‍

നമ്മളിന്നു കരുതുന്നതു പോലുള്ള ഭൌതികശാസ്ത്രത്തിന്റെ സ്ഥാപകരെന്നു വിളിക്കാവുന്നത് അറബികളെയാണ്. പരീക്ഷണനിരീക്ഷണങ്ങളാണ് പുരോഗതിയുടെ പാതയൊരുക്കുന്നത്. ശാസ്ത്രത്തിന്റെ അടിസ്ഥാന സിദ്ധാന്തം മുതല്‍ ഗ്രീക്കുകാരുടെ ശാസ്ത്രീയ നേട്ടങ്ങള്‍ വരെ മാത്രമല്ല ആധുനികകാലം വരെയുള്ള എല്ലാ ശാസ്ത്രീയ നേട്ടങ്ങളും അറബികളോട് കടപ്പെട്ടിരിക്കുന്നു. (പേജ്-58)

പുരാതന ഗ്രീസിലെ ലോക ഗുരുക്കന്മാരുടെ രചനകള്‍ സംരക്ഷിക്കുക മാത്രമല്ല മറഞ്ഞു കിടന്നവയെ കണ്ടെത്തുകയും സംരക്ഷിക്കുകയും ചെയ്യുന്നതില്‍ അറബികള്‍ ഉത്സാഹം കാണിച്ചു. പ്ലേറ്റോ, അരിസ്റ്റോട്ടില്‍,യൂക്ലിഡ്, അപ്പോലോനിയസ്, ടോളമി, ഹിപ്പോക്രാറ്റസ്, ഗാലന്‍ തുടങ്ങിയ പ്രമുഖരുടെ സമ്പൂര്‍ണ്ണ കൃതികള്‍ ആധുനിക യൂറോപ്പിന്‍റെ പിതാക്കന്മാര്‍ക്കു പോലും ലഭ്യമായത് അറബി ഭാഷയില്‍ മാത്രമായിരുന്നു. അറബികള്‍ ഇവയ്ക്കെല്ലാം പണ്ഡിതോചിതമായ വ്യാഖ്യാനങ്ങളും നല്‍കിയിരുന്നു. ആധുനിക യൂറോപ്പ് അറബികളില്‍ നിന്ന് ഔഷധവിദ്യയും ഗണിതശാസ്ത്രവും മാത്രമല്ല ജ്യോതിശാസ്ത്രവും പഠിച്ചു. ജ്യോതിശാസ്ത്ര പഠനം പാശ്ചാത്യലോകത്തിന്‍റെ വീക്ഷണ ചക്രവാളം വിപുലമാകുന്നതിന് സഹായകമായി. പ്രകൃതിയുടെ യാന്ത്രികമായ നിയമങ്ങള്‍ മനുഷ്യരുടെ മുമ്പില്‍ പുതിയ വെളിപാടുകള്‍ തന്നെ തുറന്നുകൊടുത്തു. ശാസ്ത്ര ബോധത്തിലധിഷ്ടിതമായ ഈ നൂതന സംസ്കാരത്തിന്‍റെ പിതൃത്വം തീര്‍ച്ചയായും അറബികൾക്കവകാശപ്പെട്ടതാണ്. ദൂരദര്‍ശിനി പോലുള്ള ആധുനികോപകരണങ്ങളുടെ സഹായത്തോടെ അറബ് ശാസ്ത്രജ്ഞർ ഭൂമിയുടെ യഥാര്‍ത്ഥ പരിധിയും വ്യാപ്തിയും കൃത്യമായി കണക്കുകൂട്ടുക മാത്രമല്ല ചെയ്തത് , ഭൂമിയെ ചുറ്റുന്ന ഗ്രഹങ്ങളുടെ എണ്ണവും സ്ഥാനവും വരെ നിര്‍ണ്ണയിചു. പൌരസ്ത്യ രാജ്യങ്ങളിലെ പുരോഹിതന്മാരും മറ്റും ഊഹാപോഹങ്ങളെ അടിസ്ഥാനമാക്കി സ്വരൂപിച്ച ജ്യോതിഷം പോലുള്ള വ്യാജ ശാസ്ത്രങ്ങളുടെ ഉള്ളുകള്ളികള്‍ പൊളിയുക തന്നെ ചെയ്തു. ജ്യോതിഷം ശരിയായ ജ്യോതിശാസ്ത്രത്തിനു മുമ്പില്‍ വഴിമാറിക്കൊടുക്കാന്‍ നിര്‍ബന്ധിതമായി.

ബീജഗണിതം അഥവാ അല്‍ജിബ്രാ അലക്സാണ്ട്രിയയിലെ ഡയോഫാന്ടസ് ഇതിനകം കണ്ടുപിടിച്ചിരുന്നു. എങ്കിലും അറേബ്യന്‍ വിജ്ഞാനം ബലപ്പെടുന്നതുവരെയും അല്‍ജിബ്രാ പൊതുവില്‍ അന്ഗീകരിക്കപ്പെട്ട ഒരു പഠനവിഷയമായി മാറിയിരുന്നില്ല. ഈ ശാസ്ത്രശാഖയുടെ പേരു തന്നെ, സൂചിപ്പിക്കുന്നതനുസരിച്ച് ഇതിന്‍റെ അറേബ്യന്‍ ഉത്ഭവം സംബന്ധിച്ച സിദ്ധാന്തം ശരിയാണെന്ന് വരുന്നു. അല്‍ജിബ്രയുടെ കാര്യത്തില്‍ തങ്ങള്‍ക്കു ഗ്രീക്ക് ഗുരുക്കന്മാരോടുള്ള കടപ്പാട് അറബികള്‍ തന്നെ മാന്യമായ രീതിയില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. വൈദ്യശാസ്ത്ര വിദ്യാര്‍ഥികളെ ബോട്ടണി അഭ്യസിപ്പിചിരുന്നെങ്കിലും ഡയസ്കോരൈഡസ് എന്ന അറബ് പണ്ഡിതന്‍ 2000 ഇനം ചെടികളെ വര്‍ഗ്ഗീകരിച്ച് പട്ടികയുണ്ടാക്കിയതോടെ ഒരു പുതിയ ശാസ്ത്രശാഖയുടെ പിറവി തന്നെയാണ് സംഭവിച്ചത്. പുരാതന ഈജിപ്തിലെ പുരോഹിതന്മാര്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന ഒരു വിദ്യയായിരുന്നു അതുവരെയും രാസവിദ്യ അഥവാ കെമിസ്ട്രി എന്ന പേരില്‍ നമുക്കിന്നു സുപരിചിതമായ രസതന്ത്ര പഠന ശാഖ. ഈ വിജ്ഞാന ശാഖ പുരാതന ബാബിലോണിയയില്‍ ഒരിക്കല്‍ പ്രയോഗത്തിലുണ്ടായിരുന്നു. അല്‍പ്പംകൂടി പിന്നിട്ട ഒരു കാലത്ത് കെമിസ്ട്രിയുടെ ചില വശങ്ങള്‍ ഇന്ത്യയിലെ ഭിഷഗ്വരന്മാര്‍ക്കും പരിചിതമായിരുന്നു എന്നതിന് തെളിവുകളുണ്ട്. എങ്കില്‍ തന്നെ കെമിസ്ട്രി ഒരു ശാസ്ത്ര വിഷയമെന്ന നിലയില്‍ അതിന്‍റെ ആവിര്‍ഭാവത്തിനും പ്രഥമഘട്ട വികാസത്തിനും ഏറെ കടപ്പെട്ടിരിക്കുന്നത് അറബികളോടാണ്. “അവരാണാദ്യമായി ദ്രാവകങ്ങള്‍ ഡിസ്റ്റല്‍ ചെയ്യുന്നതിനുള്ള പാത്രം കണ്ടു പിടിച്ചത്. ഔഷധ നിര്‍മ്മാണമായിരുന്നു ഈ കണ്ടുപിടുതതിലേക്ക് അവരെ നയിച്ചത്. ആസിഡുകളെന്നും ആല്ക്കാലികളെന്നും ദ്രാവകങ്ങളെ വേര്‍തിരിച്ചതും അവയുടെ പരസ്പരബന്ധം ആദ്യമായി മനസ്സിലാക്കിയതും അവരായിരുന്നു. ദ്രാവകങ്ങളില്‍ അന്തര്‍ലീനമായിരുന്ന രാസ പദാര്‍ഥങ്ങളെ വേര്‍തിരിച്ചെടുത്തു വിലപ്പെട്ട ഔഷധങ്ങള്‍ ആക്കി മാറ്റാന്‍ അവരുടെ ഈ പരിശ്രമത്തിനു കഴിഞ്ഞു എന്ന കാര്യം ഗിബ്ബണ്‍ തന്‍റെ ചരിത്ര പഠനത്തില്‍ വിശദീകരിക്കുന്നുണ്ട് (പേജ് 63)

ഔഷധ ശാസ്ത്രത്തിന്‍റെ വിഷയത്തിലാണ് അറബികള്‍ അവരുടെ മഹത്തായ സംഭാവനകള്‍ അര്‍പ്പിച്ചത്. മാസുവായും ജബറും ഗാലന്റെ യോഗ്യരായ ശിഷ്യന്മാരായിരുന്നു. അവര്‍ തങ്ങളുടെ ശ്രേഷ്ടനായ ഗുരുവില്‍ നിന്നു പഠിക്കുക മാത്രമല്ല പഠിചതിനോട് കൂടി സ്വന്തമായി പലതും കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. അവിസെന്ന വിദൂരമായ ബുഖാരയിലാണ് ജനിച്ചത്‌. അദ്ദേഹത്തിന്റെ ജീവിതകാലം 10 ആം നൂറ്റാണ്ടിലായിരുന്നു. യൂറോപ്പില്‍ 10 മുതല്‍ 15 വരെ നൂറ്റാണ്ടുകളില്‍ വൈദ്യശാസ്ത്രത്തിന്‍റെ ചോദ്യം ചെയ്യാനാകാത്ത ആധികാരിക പണ്ഡിതനായി അദ്ദേഹം പരിലസിച്ചിരുന്നു. (പേജ് 64)

അവിറോസ്,അല്‍ കിന്തി, അല്‍ ഫാറാബി,അൽ ഗസ്സാലി, ഇബ്നു സീന , അല്‍ ഹസ്സന്‍ തുടങ്ങിയ ശാസ്ത്രപ്രതിഭകളെ കുറിച്ച് അദ്ദേഹം സവിസ്തരം പരാമർശിച്ചിരിക്കുന്നു. എല്ലാ കാലത്തേയും മൌലിക ശാസ്ത്ര പ്രതിഭകളുടെയും മുന്‍നിരയില്‍ നിർത്താവുന്ന ശാസ്ത്ര പ്രതിഭയായാണ് അല്‍ഹസ്സനെ അദ്ദേഹം വിശേഷിപ്പിക്കുന്നത്. പ്രകാശരശ്മികള്‍ കണ്ണില്‍ നിന്നാണ് പുറപ്പെടുന്നത് എന്ന ഗ്രീക്കുകാരുടെ അബദ്ധവാദം തിരുത്തിയത് അല്‍ ഹസ്സന്‍ ആണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. ശരീര ശാസ്ത്രപരമായും ക്ഷേത്ര ഗണിത നിയമപ്രകാരവും പ്രകാശ രശ്മികള്‍ നമ്മുടെ കാഴ്ചയ്ക്ക് വിധേയമാകുന്ന പദാര്‍ത്ഥത്തില്‍ നിന്ന് പുറപ്പെട്ട് നമ്മുടെ കണ്ണിന്‍റെ റെറ്റിനയില്‍ തട്ടി സംഘട്ടനം സംഭവിക്കുമ്പോഴാണ് കാഴ്ച എന്ന പ്രതിഭാസം സംഭവിക്കുന്നത്‌ എന്ന് അല്‍ ഹസ്സന്‍ തെളിയിച്ചു. കെപ്ലരുടെ കാഴ്ച സംബന്ധിച്ചുള്ള സിദ്ധാന്തങ്ങള്‍ അത്രയും അദ്ദേഹം അറബികളായ തന്‍റെ പൂർവഗാമികളില്‍ നിന്ന് കടം കൊണ്ടതാണ് എന്നാണ് പല ചരിത്രകാരന്മാരും സമര്തിചിരിക്കുന്നത്. (പേജ് -68)

12 ആം ശതകത്തില്‍ ജീവിച്ചിരുന്ന അബൂബക്കര്‍ ആയിരുന്നു ജ്യോതിര്‍ ഗോളങ്ങളെ സംബന്ധിച്ച ടോളമിയുടെ സിദ്ധാന്തങ്ങളെ ആദ്യമായി നിരസിച്ച ജ്യോതിശാസ്ത്രജ്ഞന്‍. ഗ്രഹങ്ങളുടെ സ്ഥാനത്തെ സംബന്ധിച്ച് പിന്നീട് വന്ന ജിയോര്‍ദാനോ ബ്രൂനോയ്ക്കും ഗലീലിയോയ്ക്കും കോപ്പർനിക്കസിനും ജ്യോതിര്‍വിജ്ഞാനത്തോട്‌ ബന്ധപ്പെടുത്തി താന്താങ്ങളുടെ കണ്ടുപിടുത്തങ്ങള്‍ എളുപ്പമാക്കുന്ന പ്രാഥമിക ജോലികള്‍ അബൂബക്കര്‍ പൂര്‍ത്തിയാക്കിയിരുന്നു (പേജ് 70)

മുസ്ലിം ഭരണാധികാരികളും മുസ്ലിം പണ്ഡിതന്മാരും ശാസ്ത്ര ലോകത്തിന് നല്‍കിയ സംഭാവനകളെ അതിരുകളില്ലാതെ അഭിനന്ദിക്കുകയാണ് എം എന്‍ റോയി. അറബികളുടെ സംഭാവന ഇല്ലായിരുന്നുവെങ്കില് ഈ മേഖലയുടെ അവസ്ഥ അങ്ങേയറ്റം പിറകോട്ടു പോകുമായിരുന്നു എന്ന് അദ്ദേഹം ആവര്‍ത്തിക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടിലെ ശ്രദ്ധേയനായ ഒരു ഭൌതികവാദിയുടെ നിഷ്പക്ഷമായ വിലയിരുത്തല്‍ തുടര്‍ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും വിധേയമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

അവസാനമായി വിമര്‍ശകരോട് :

ഇസ്ലാം കേവലം അനുഷ്ഠാനങ്ങളുടെ മതമല്ല. അതിനു ചരിത്രപരമായ ഒരു നിയോഗമുണ്ട്. സാമൂഹ്യമണ്ഡലങ്ങളില്‍ പരിവര്‍ത്തനത്തിന്‍റെ ശംഖൊലി മുഴക്കിയ, നൂറ്റാണ്ടുകളുടെ അനുഭവ കരുത്താര്‍ജ്ജിച്ച മഹിതമായ ആദര്‍ശമാണ് ഇസ്ലാം. അന്ധമായ ഇസ്ലാം വിമര്‍ശനം കണ്ണ് മൂടിക്കെട്ടിയ കുതിരകളെ പോലെ നിങ്ങളെ ഓടിക്കുമെന്ന് മനസ്സിലാക്കുക. ചുരുങ്ങിയ പക്ഷം ഇസ്ലാമിനെ വിമര്‍ശിക്കാന്‍ വേണ്ടിയെങ്കിലും ഇന്നലെകളിലെ ചരിത്രം പഠിക്കുക.

ലേഖകൻ: നസറുദ്ദീൻ മണ്ണാർക്കാട്

7 thoughts on “ഇസ്ലാമിന്‍റെ ചരിത്രപരമായ പങ്ക് – എം എന്‍ റോയ് കണ്ട ഇസ്ലാം !

  1. അതാണ്‌ പറഞ്ഞത്.." ഇസ്ലാമിനെ മനസ്സിലാക്കേണ്ടത് ഒരു വ്യക്തിയില്‍ നിന്നല്ല..അലെങ്കില്‍ ഒരു വ്യക്തിയെ കണ്ടല്ല" എന്ന്‍

  2. ഇസ്ലാമിന്റെ വാക്താക്കൾ എന്ന് അഭിമാനിക്കുന്നവർക്ക് പോലും ഈ വിധത്തിൽ മനസ്സിലാക്കാൻ സാധിചിട്ടുണ്ടോയെന്നു സംശയമാണ് വളരെ നന്ദി .

  3. iinu keralathile ellaa eid gahilum mumb ullathinekaaallum janagal perunnaal niskarikaan undaayirunnu,mashah allah,mashah allah,aashcharyapettu poyee janagale kandittt,,,,mashahallah,ithu kandu nava madavoorikal vallatha tensionil aanu..naale muthal ithinte tension maataaan virthiketa posterukal face bookil uplod cheyyunathaakum,athupole ithine support cheyaan vendi prasthanathinte perum ittu kurachu chaaranamaarude comndsum kaanaammm

Leave a Reply to Gokulanathan Mala Cancel reply

Your email address will not be published. Required fields are marked *