സകീനിന്റെ ചരിത്ര പരമ്പര, വീരനാം അലിയാര്‍ ഇവിടെ ആരംഭിക്കുന്നു.. പരമ്പരയെ കുറിച്ച് കൂടുതല്‍ അറിയുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഭാഗം: 1

ദുള്‍ഫിഖാര്‍ വിശ്രമിക്കുകയാണ്. അലി വീട് വിട്ടിറങ്ങി..

മരുഭൂമിയുടെ വിജനതയിലൂടെ, കൂരിരുള്‍ തമോഗര്‍ത്തങ്ങളാക്കിയ ഇടനാഴികളിലൂടെ ഒരു പുതപ്പും പുത​ച്ച്​ അലി നടന്നു.. അങ്ങകലെനിന്നായി ചെന്നായ്ക്കളുടെ ഓരിയിടലുകള്‍ കേള്‍ക്കാം.. ചേതനയറ്റ് വീഴാന്‍പോകുന്ന മനുഷ്യശരീരങ്ങള്‍​ക്കു മേലെ കഴുകന്മാര്‍ കൊതിയോടെ​ വട്ടമിട്ടു പറക്കുന്നു.. അസ്ഥികൂടങ്ങളിലൂടെ വരെ പാമ്പുകള്‍ ഇഴഞ്ഞു നീങ്ങുന്നു.. അലിയാര്‍ നടക്കുകയാണ്. പള്ളിയിലേക്ക്.. നിരായുധനായി, നിശ്ശബ്ദനായി, നിരാശനായി.. ഇതിപ്പോള്‍ ഒരു പതിവാണ്. രാവിന്റെ അന്ത്യയാമങ്ങളില്‍ അലി പള്ളിയിലാണ് ചെലവഴിക്കുന്നത്..

ഇരുളിലെ ഏകാന്തത നല്‍കുന്ന ഏകാഗ്രതയില്‍ അലി തന്റെ എല്ലാ പ്രശ്നങ്ങളും പ്രതിസന്ധികളും നിസ്സഹായാവസ്ഥകളും പ്രപഞ്ചനാഥനോട് പറഞ്ഞു കരയും.. നിലവിളിക്കും.. അപ്പോള്‍ ആകാശഭൂമികളുടെ നാഥന്‍ അലിയെ സമാധാനിപ്പിക്കും, സമാശ്വസിപ്പിക്കും.. വാവിട്ടു കരയുന്ന കുഞ്ഞിനെ ഒരമ്മ മടിയില്‍ ഇരുത്തി കൊഞ്ചിച്ചു കരച്ചില്‍ മാറ്റുന്നത് പോലെ.. ആ രാവിന്റെ അന്ത്യയാമങ്ങള്‍ അലിക്കൊരു ശക്തിയാണ്.. കിഴക്ക് വെള്ള കീറുന്നത് മുതല്‍ തുടങ്ങുന്ന ഓരോ പ്രതിസന്ധികളിലും തളരാതെ പിടിച്ചു നില്‍ക്കാന്‍ കഴിയുന്ന ഒരു ശക്തി..

തനിക്കെതിരെ കൊലവിളികള്‍ വ്യാപകമായ ആ രാവിലും പതിവുപോലെ അലി തന്റെ എല്ലാ വിഷമങ്ങളും ദൈവത്തോട് പങ്കുവയ്ക്കാന്‍ തുടങ്ങി.. തന്നെ വഞ്ചിക്കാന്‍ നോക്കുന്ന ദുനിയാവിനോട് ദൈവത്തെ സാക്ഷിനിര്‍ത്തി നബിയുടെ അരുമശിഷ്യന്‍ പുച്ഛത്തോടെ ചോദിച്ചു..

“ലോകമേ നീയെന്നെ പരിഹസിക്കുകയാണോ? അതോ എന്നില്‍നിന്ന് നീ വല്ലതും പ്രതീക്ഷിക്കുന്നുവോ? എന്നില്‍നിന്നും ഒന്നും നീ പ്രതീക്ഷിക്കേണ്ടതില്ല. എന്നെയല്ലാതെ മറ്റാരെയെങ്കിലുമായിരുന്നു നീ വഞ്ചിച്ചിരുന്നതെങ്കില്‍ നിന്റെ മൂന്നു ത്വലാഖും തന്നിട്ടുണ്ടാകുമായിരുന്നു. നിന്‍റെ വയസ്സ് വളരെ കുറവാണ്. നീ നല്‍കിയ സൌഭാഗ്യവും നിസ്സാരം. നിന്റെ അപകടങ്ങള്‍ ഭയാനകമാണ്. യാത്രയെത്ര ദീര്‍ഘം! വഴിയെത്ര ശൂന്യം!”

എന്തൊക്കെ മോശം നാമങ്ങളാണ്, എന്തെല്ലാം ഭര്‍ത്സനങ്ങളാണ് ഈ ലോകം തനിക്ക് നല്‍കിയത്. ഇപ്പോഴിതാ ഒരിക്കലും കേള്‍ക്കാന്‍ ആഗ്രഹിക്കാതിരുന്നതും കേട്ടു.. മടിയന്മാരും ഭീരുക്കളുമായ ഇറാഖി സൈന്യത്തിന്റെ നേരം കൊല്ലി കളിതമാശകള്‍ക്കിടയില്‍ ആരോ പറഞ്ഞു തുടങ്ങിയ ആ പരിഹാസജല്‍പിതം പരദൂഷണപ്രിയന്മാര്‍ക്കിടയിലൂടെ വളരെ വേഗത്തില്‍ പടര്‍ന്നു.. പൊട്ടിച്ചിരികളുടെ മേമ്പൊടിയില്‍ അതവര്‍ പറഞ്ഞു രസിച്ചു..

“അബൂത്വാലിബിന്റെ മകന്‍ ധീരനൊക്കെ തന്നെ.. പക്ഷെ യുദ്ധം ചെയ്യാനറിയില്ല..”

‘ദൈവമേ, എനിക്ക് യുദ്ധം ചെയ്യാനറിയില്ലേ..?’ കയ്യിലെ ചുവപ്പ് മാറാത്ത കാലത്ത് കയ്യില്‍ ആയുധമേന്തിയവനാണ് അലി.. ബദറിന്റെ ഹൈദര്‍, ഖൈബറിന്റെ കോട്ടവാതില്‍ തകര്‍ത്തവന്‍, ഖന്തഖില്‍ കരുത്തനായ അംറുബ്നു അബ്ദുവുദ്ദ് വന്നു ദ്വന്തയുദ്ധത്തിനു വെല്ലുവിളിച്ചപ്പോള്‍ ധൈര്യത്തോടെ അവനെ നേരിട്ട് നി​ഷ്പ്രയാസം വീഴ്ത്തിയവന്‍, അലിയെ നോക്കി വീരപുലി എന്ന് വിളിച്ചത് സാക്ഷാല്‍ ദൈവദൂതന്‍ തന്നെയാണ്, തന്റെ സൈന്യത്തിന്റെ നായകത്വം അലിയെ പലതവണ ഏല്‍പ്പിച്ചതും അദ്ദേഹം ആണ്.. ഇപ്പോഴിതാ ജനം പറയുന്നു, അലിക്ക് യുദ്ധനൈപുണ്യം ഇല്ലെന്ന്‍.. നീചന്മാര്‍, ഭീരുക്കള്‍, പൌരുഷം പേരിനു പോലുമില്ലാത്ത പുരുഷാരം.. തങ്ങളുടെ കഴിവുകേട് മറച്ചുവയ്ക്കാന്‍ തന്നെ പഴിചാരുകയാണ്..

അസ്ഥികളില്‍ പോലും കുളിര്പകരുന്ന ആ തണുത്ത രാവിലും അലിയുടെ ചിന്തകള്‍ക്ക് ചൂ​ടു പിടിക്കുകയായിരുന്നു.. ഓര്‍മ്മകള്‍ പതിയെ പിറകോട്ടു പോയി..

എത്ര സുന്ദരമായിരുന്നു ആ നല്ല നാളുകള്‍.. ജാഹിലിയ്യത്തിന്റെ മുഴുവന്‍ കാര്യങ്ങളും തന്റെ കാല്‍ചുവട്ടില്‍ ചവിട്ടി​ത്താഴ്ത്തി, സമത്വവും സാഹോദര്യവും സമാധാന​വുമുള്ള അതിമനോഹര​മായൊരു​ വ്യവസ്ഥിതി ലോകത്തിനു സമ്മാനിച്ച നബിയുടെ ഇസ്ലാമികലോകം, സാമ്രാജ്യത്വങ്ങളെ തകര്‍ത്തെറിഞ്ഞ് കിസ്റയുടെ കങ്കണങ്ങള്‍ മരുഭൂമിയില്‍ അലഞ്ഞു നടക്കുന്ന ഗ്രാമീണന്റെ കൈത്തണ്ടയില്‍ ഇട്ടുകൊടുത്ത, വിശാലമായ ഒരു സാമ്രാജ്യമാകെ നീതി വിളയാടിച്ച തന്റെ പ്രിയകൂട്ടുകാരന്‍ ഉമറിന്റെ സല്‍ഭരണം. ഈ മനോഹര​സൗധം കെട്ടി​പ്പടുത്തുയര്‍‍ത്താന്‍ തോളോ​ടുതോള്‍​ ചേര്‍ന്ന് കൈമെയ് മറന്നു പോരാടിയ അനേകംപേര്‍.. അവരെല്ലാം ഇന്നെവിടെ? കാലം എളുപ്പത്തിനു ശേഷം പ്രയാസം കൊണ്ടുവന്ന ഈ നിമിഷത്തില്‍ താന്‍ മാത്രം ബാക്കിയായോ? അവമതികളുടെ, അപമാനങ്ങളുടെ ഈ ഇരുളില്‍ കാലം തന്നെമാത്രം ബാക്കിയാക്കിയോ? മുറിവിന്റെ ലേപനം ആകുമെന്ന് കരുതിയവര്‍ പോലും മുറിവുകള്‍ ആയി മാറുന്നു..

അലിക്കിപ്പോഴും ഓര്‍മ്മയുണ്ട്​,​ ആ നശിച്ച ദിവസം.. എന്തും ചെയ്യാന്‍ മടിക്കാത്ത, അക്രമി​ക്കൂട്ടങ്ങളായ ഒരു കൂട്ടം കലാപകാരികള്‍ ചേര്‍ന്ന് സാത്വികനും ദയാലുവും നബിയുടെ അരുമശിഷ്യനും ആയിരുന്ന, പുഞ്ചിരിയോടെ മാത്രം സംസാരിക്കാന്‍ അറിയാവുന്ന, നിരായുധനായ ഒരു പാവം വയോവൃദ്ധനെ പച്ചവെള്ളം പോലും കുടിക്കാന്‍ അനുവദിക്കാതെ ക്രൂരമായി കൊലപ്പെടുത്തിയ ആ നശിച്ച ദിനം.. കലാപത്തിനു നേതൃത്വം വഹിച്ചവരില്‍ ചിലര്‍ ഉസ്മാനെ മാറ്റി അലിയെ ഭരണാധികാരി ആക്കാനാണ് നമ്മള്‍ പോകുന്നതെന്നുംപറ​ഞ്ഞ് ആളെ കൂട്ടിയതില്‍ താനെന്ത് പിഴച്ചു..? അലി അവര്‍ക്ക് ഒരു പിന്തുണയും നല്‍കിയില്ലെന്ന് മാത്രമല്ല, അവരെ എതിര്‍ക്കുകയും ചെയ്തു. ഉസ്മാനെതിരെ കലാപകാരികള്‍ ഉയര്‍ത്തിയ ഓരോ ആരോപണങ്ങള്‍ക്കും മറുപടി നല്‍കാന്‍ മുന്നില്‍ ഉണ്ടായിരുന്നത് അലിയാണ്..

കലാപകാരികള്‍ ഉസ്മാന്റെ ഭവനം ഉപരോധിച്ച ദിനങ്ങളില്‍ ഉസ്മാന്റെ സംരക്ഷണാര്‍ഥം കലാപകാരികളെ നേരിടാന്‍ ഉസ്മാനോടു പലവട്ടം അലി അനുവാദം തേടിയിട്ടുണ്ട്.. പക്ഷെ തന്റെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി ഒരാളുടെ പോലും രക്തം ചിന്തരുത് എന്ന നിലപാടില്‍ ആ മഹാനായ മനുഷ്യന്‍ ഉറച്ചു നിന്നു.. ഉസ്മാന്‍ കൊല്ലപ്പെടുന്നതിന്റെ തലേദിനം പോലും കലാപകാരികളുമായി യുദ്ധം ചെയ്യാനുള്ള ഖലീഫയുടെ അനുവാദം തേടി പല സഹാബിമാരും അദ്ദേഹത്തെ സമീപിച്ചതാണ്. ഖലീഫയുടെ അനുവാദം കിട്ടാതായപ്പോള്‍ മനസ്സിലാമനസ്സോടെ തിരിച്ചു പോയവരില്‍ അവസാനമായി പോയത് അലിയുടെ മകന്‍ ഹസ്സന്‍ ആണ്.. എന്നിട്ടും തനിക്ക് ഏറെ പ്രിയപ്പെട്ടവര്‍ പോലും ‘ഉസ്മാന്റെ വധത്തില്‍ നിനക്കും പങ്കുണ്ട്’ എന്ന് മുഖ​ത്തു നോക്കി പറഞ്ഞാല്‍ ആരുടെ ഹൃദ​യമാണ് തകര്‍ന്നു പോവാത്തത്‌..

ഒടുവില്‍ എല്ലാവരും ചേര്‍ന്ന് നേതൃത്വം എന്ന ഈ ഭാരം തന്റെ കൈകളിലേക്ക് വ​ച്ചു ത​ന്ന് സ്വഭവനങ്ങളിലെക്ക് മടങ്ങി.. പ്രശ്നകലുഷിതമായ ഈ സാഹചര്യത്തില്‍ എവിടെ നിന്ന് തുടങ്ങണം എന്നറിയാതെ സഹായത്തിനായി ചുറ്റും നോക്കിയപ്പോള്‍ സഹായിക്കും എന്ന് ഉറച്ചു വിശ്വസിച്ചവരെ പോലും എതിര്‍സൈന്യമായി കണ്ടു പകച്ചു പോയ ആ നിമിഷങ്ങള്‍ അലിക്കിപ്പോഴും ഭയത്തോടെ മാത്രമേ ഓര്‍ക്കാന്‍ കഴിയൂ..

എല്ലാം അലിക്ക് കൃത്യമായി ഓര്‍മ്മയുണ്ട്.. അലിയുടെ ചിന്തകള്‍ വീണ്ടും വെറുതെ പിറകിലേക്ക് സഞ്ചരിച്ചു. എന്താണ് ഈ രാഷ്ട്രത്തിന് സംഭവിച്ചത്? എവിടെയാണ് പിഴച്ചത്? മാലാ​ഖമാര്‍ പോലും അസൂയയോടെ നോക്കി നിന്നിട്ടുണ്ടാകുമായിരുന്ന, ശാന്തിയും നീതിയും സമാധാനവും കളിയാടിയിരുന്ന ഈ അതിമനോഹര രാഷ്ട്രം എങ്ങനെ ഇവ്വിധമായി? എല്ലാറ്റിന്റെയും മൂലകാരണങ്ങള്‍ തേടി അലിയുടെ ചിന്തകള്‍ വെറുതെ ഭൂതകാലത്തിലേക്ക് സഞ്ചരിച്ചു തുടങ്ങി..

ഒരു കണ്ണുനീര്‍ അലി പോലും അറിയാതെ നര വീണ ഒരു താടിരോമത്തിലൂടെ ഒലിച്ചിറങ്ങി മണ്ണില്‍ വീണു….

———————

രണ്ടാം ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

RELATED ITEMS

23 thoughts on “വീരനാം അലിയാര്‍ – ഭാഗം: 1

 1. മനോഹരമായ ശൈലി .പരമ്പര പൂർണമാകുമ്പോൾ refrence നല്കണം എന്ന എളിയ നിർദേശമുണ്ട്

 2. അവരുടെ പേര് പറയുമ്പോഴും കേള്‍ക്കുമ്പോഴും ആണ് അത് ചൊല്ലേണ്ടത്.. അതാണ്‌ ഇസ്ലാമിക നിര്‍ദ്ദേശം.. അവരുടെ പേര് എഴുതുമ്പോഴും ബ്രാക്കറ്റില്‍ 'സ' 'റ' എന്നൊക്കെ എഴുതണം എന്ന് ഇസ്ലാം നിഷ്കര്‍ഷിക്കുന്നില്ല എന്നാണു എന്റെ അറിവ്.. 🙂

 3. വളരെ നല്ല തുടക്കം ..സഹാബത്തിന്റെ പേര് എഴുതുമ്പോൾ റളിയ ല്ലാഹു അൻഹു എന്ന് വായിക്കുന്നവർ ഉച്ചരിക്കാൻ ( റ : അ ) എന്ന് കൂടി എഴുതുന്നത്‌ നന്നായിരിക്കും

 4. നന്നായിട്ടുണ്ട്..വളരെ നല്ല തുടക്കം.ഭാഗഞള് ആക്കുന്നത് ഒന്നുകൂടെ കൂട്ടാം എന്നെര് നിരദേശമുണ്ട്

 5. വളരെ നന്നായിരിക്കുന്നു …
  അള്ളാ ഹു നിങ്ങളുടെ കാല്പാടുകളെ നന്മയിൽ ഉറപ്പിച്ച് നിർത്തട്ടെ..ആമീൻ

 6. എഴുതി വെച്ചത് ആണ് പിൽക്കാലത്ത് വിലമതിക്കുന്നത്.
  വാമൊഴിക്കു റെഫറന്സ് പ്രാധാന്യം ഇല്ലല്ലോ.
  സഹാബാക്കളുടെ പേര് എഴുതുമ്പോൾ (റ:അ) എന്ന് എഴുതണം.
  ചരിത്രം ആകുമ്പോൾ അടുത്ത തലമുറക്ക് നമ്മൾ എത്തിച്ചു കൊടുക്കുന്ന അറിവാണ്.
  വിട്ടു പോയാൽ നഷ്ട്ടം തന്നെ ആയിരിക്കും.

  തുറന്നു എഴുതുമ്പോൾ സ(റ:അ) എന്ന് പറയണം എന്നുള്ളത് കൂടെ നമ്മൾ അടുത്ത തലമുറയ്ക്ക് അറിയിച്ചു കൊടുക്കുകയാണ്.

Leave a Reply to Najeeb Vannarvally Cancel reply

Your email address will not be published. Required fields are marked *