ഭാഗം 3 | ഉസ്മാന്റെ ഖിലാഫത്ത്

(രണ്ടാം ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക)

പരമ്പരയെ കുറിച്ച് കൂടുതല്‍ അറിയുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ഒരിക്കല്‍ തന്റെ പിന്‍ഗാമികളാവാനിടയുള്ളവരെ കുറിച്ച് സംസാരിക്കവേ ഖലീഫ ഉമര്‍ അബ്ദുല്ലാഹിബ്നു അബ്ബാസിനോട് പറഞ്ഞു:

“എന്റെ പിന്‍ഗാമിയായി വരുന്നത് ഉസ്മാന്‍ ആണെങ്കില്‍ അദ്ദേഹം ബനൂ ഉമയ്യക്കാരെ ജനങ്ങളുടെ തലയില്‍ കയറ്റിയിരുത്തും.. അങ്ങനെ അവര്‍ ജനങ്ങള്‍ക്കിടയില്‍ ദൈവധിക്കാരം പ്രവര്‍ത്തിക്കും.. ദൈവമാണേ, ഞാനദ്ദേഹത്തെ നിര്‍ദ്ദേശിച്ചാല്‍ ഇപ്പറഞ്ഞത്‌ പോലെ തന്നെ ഉസ്മാന്‍ ചെയ്യും. അങ്ങനെ ആളുകള്‍ പാപങ്ങള്‍ ചെയ്തുകൂട്ടും. ഒടുവില്‍ ജനങ്ങള്‍ ഇളകി ഉസ്മാനെ കൊല്ലുകയും ചെയ്യും..”

എന്തൊരു ദീര്‍ഘവീക്ഷണം..!! ഉമറിനു ദിവ്യബോധനമൊന്നും ലഭിക്കുന്നില്ല എന്ന് ഏവര്‍ക്കും അറിയാം.. എങ്കിലും സ്ഥിതിഗതികളെ സൂക്ഷ്മനിരീക്ഷണം ചെയ്തു അവയെ യുക്തിയുക്തമായി ഗണിച്ചു നോക്കുമ്പോള്‍, ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്ന ഫലങ്ങളെ രണ്ടും രണ്ടും നാല് എന്ന കണക്കെ കൃത്യമായി കാണാന്‍ കഴിയുന്ന നല്ല ഉള്‍കാഴ്ചയുള്ള ഒരു പ്രതിഭ തന്നെയായിരുന്നു ഉമര്‍..

അറബികള്‍ക്കിടയില്‍ ഗോത്രപക്ഷപാതിത്വം എത്ര ആഴത്തില്‍ വേരൂന്നിയിട്ടുണ്ട് എന്ന് ഉമറിന് നന്നായി അറിയാം.. നൂറ്റാണ്ടുകളുടെ താഴ്ചയുണ്ട്‌ ആ വേരിനു.. അതിനെയാണ് ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ കൊണ്ട് നബി പിഴുതെറിഞ്ഞു കളഞ്ഞത്.. എങ്കില്‍ പോലും അതിനി ഒരിക്കലും വരാതിരിക്കാന്‍ വേണ്ടിയാകണം നബി ഒരിക്കലും തന്റെ ബന്ധുക്കള്‍ക്കോ തന്റെ ഗോത്രത്തില്‍ പെട്ടവര്‍ക്കോ എന്തെങ്കിലും പ്രത്യേകം സ്ഥാനമാനങ്ങള്‍ നല്‍കാതിരുന്നത്.. അലി മാത്രമായിരുന്നു ഇതിനൊരു അപവാദം.. അലിക്ക് നല്‍കിയ സ്ഥാനം പോലും, ആദ്യകാലത്ത് തന്നെ ഇസ്ലാം സ്വീകരിച്ച വ്യക്തി എന്നത് കൊണ്ടും അസാമാന്യമായ പാണ്ഡിത്യവും പ്രതിഭയും ഉണ്ടായിരുന്നു എന്നതിനാലുമാണ്, അല്ലാതെ നബിയുടെ ബന്ധുവായത് കൊണ്ടല്ല എന്ന് ജനങ്ങള്‍ക്കിടയില്‍ വ്യക്തമായിരുന്നു.. യുദ്ധത്തില്‍ നബി പലപ്പോഴും ശത്രുക്കളുടെ അടുത്തേക്ക് നിര്‍ത്തിയിരുന്നത് പോലും തന്റെ ബന്ധുക്കളെ ആയിരുന്നു..

അബൂബക്കറും ഇതേ പാത തന്നെ പിന്തുടര്‍ന്നു.. തന്റെ ഖിലാഫത്ത് കാലത്ത് സ്വന്തം കുടുംബത്തിലോ ഗോത്രത്തിലോ പെട്ട ഒരാള്‍ക്കും ഒരു സ്ഥാനവും നല്‍കിയില്ല. ഉമറും പിന്തുടര്‍ന്നത്‌ അതെ രീതി തന്നെ. അതിവിശാലമായ രാഷ്ട്രം ഭരിച്ച നീണ്ട പത്ത് വര്‍ഷത്തെ ഖിലാഫത്തില്‍ തന്റെ ഗോത്രത്തില്‍ പെട്ട ഒരെയോരാള്‍ക്ക് മാത്രമാണ് ഒരു ചെറിയ പദവിയെങ്കിലും നല്‍കിയത്.. അതില്‍ നിന്നുപോലും അദ്ദേഹത്തെ വളരെ പെട്ടെന്ന് നീക്കുകയുണ്ടായി.. കാരണം അത്രയ്ക്കും ഭീകരമായിരുന്നു നബിക്ക് മുമ്പുണ്ടായിരുന്ന ജാഹിലിയ്യാ കാലത്തെ സ്വജനപക്ഷപാതിത്വം.. ഭരണാധികാരികള്‍ ബന്ധുക്കള്‍ക്ക് എന്തെങ്കിലും സ്ഥാനം നല്‍കുന്നു എന്ന് ജനങ്ങള്‍ക്കിടയില്‍ തോന്നല്‍ വന്നാല്‍ നബി വേരോടെ പിഴുതെറിഞ്ഞു കളഞ്ഞ ആ ഗോത്രപക്ഷപാതിത്വത്തിനു വീണ്ടും വിത്ത് പാകലാകുമെന്നു അബൂബക്കറും ഉമറും എല്ലാം ഭയന്നിരുന്നു. അത് കൊണ്ട് അവര്‍ തങ്ങളുടെ ബന്ധുക്കള്‍ക്ക് ഒരു സ്ഥാനവും നല്‍കിയില്ല.. അല്ലാതെ അവയൊന്നും ശരീഅത്തില്‍ നിഷിദ്ധമായത് കൊണ്ടല്ല..

തന്റെ പിന്‍ഗാമിയായി വരുന്ന ആളും അതേ നയം തന്നെ തുടരണമെന്ന് ഉമറിന് നിര്‍ബന്ധബുദ്ധിയുണ്ടായിരുന്നു. അത് കൊണ്ടാണ് മരണാസന്നവേളയിലും തന്റെ പിന്‍ഗാമികളാകുമെന്ന് പ്രതീക്ഷിക്കപ്പെട്ട ഉസ്മാന്‍, അലി, സഅദ്  എന്നീ മൂന്നുപേരെയും പ്രത്യേകം വിളിച്ചു ഉമര്‍ ഇപ്രകാരം വസിയ്യത്ത്‌ ചെയ്തത്..

“എനിക്ക് ശേഷം നിങ്ങള്‍ ആരെങ്കിലും ഖലീഫ ആവുകയാണെങ്കില്‍ സ്വന്തം ഗോത്രത്തില്‍ പെട്ട ഒരാളെയും ജനങ്ങളുടെ മേല്‍ അധികാരം നടത്താന്‍ നിയോഗിക്കരുത്..”

എന്നാല്‍ പിന്നീട് അധികാരമേറ്റ ഉസ്മാന്‍ ഈ നയത്തില്‍ നിന്നും ക്രമേണ വ്യതിചലിച്ചു.. വളരെയധികം സ്നേഹസമ്പന്നനും ലോലഹൃദയനും തന്റെ ബന്ധുക്കളോടു അങ്ങേയറ്റം സ്നേഹവും അടുപ്പവും ഉള്ള ആളായിരുന്നു ഉസ്മാന്‍. ഇതാകട്ടെ അറബികളില്‍ നിലനിന്നിരുന്ന ജാഹിലിയ്യത്തിലെ ഗോത്രപക്ഷപാതിത്വം ആയിരുന്നില്ല, അദ്ദേഹത്തിന് തന്റെ ബന്ധുക്കളോടുള്ള സ്നേഹം തികച്ചും ആത്മാര്‍ഥവും നിഷ്കളങ്കവും ആയിരുന്നു.. ജനങ്ങളില്‍ കൂടുതല്‍ അടുപ്പവും അവരോടായിരുന്നു. അതിനാല്‍ തന്റെ ഭരണകാലത്ത് ഭരണത്തില്‍ സഹായികളായി തന്റെ ബന്ധുക്കള്‍ വേണമെന്ന് ഉസ്മാന്‍ ആഗ്രഹിച്ചു.. അങ്ങനെ ഉസ്മാന്‍ തന്റെ ബന്ധുക്കള്‍ക്ക് എല്ലാ അധികാരപദവികളും നല്‍കിത്തുടങ്ങി.. നബിയും അബൂബക്കറും ഉമറും സ്വീകരിച്ച നയതന്ത്രജ്ഞതയില്‍ നിന്നുള്ള ഒരു വ്യതിചലനം തന്നെയായിരുന്നു അത്.. മാത്രവുമല്ല രാഷ്ട്രത്തിലെ പല പ്രധാനപ്പെട്ട അധികാരപദവികളും തന്റെ ബന്ധുക്കള്‍ക്ക് നല്‍കിയത് നബിയുടെ പ്രമുഖരായ സഹാബികളെ ആ സ്ഥാനത്ത് നിന്നും മാറ്റിക്കൊണ്ടുമായിരുന്നു..

സഅദുബ്നു അബീവഖാസിനെ കൂഫയുടെ ഗവര്‍ണ്ണര്‍ സ്ഥാനത്ത് നിന്നും മാറ്റി തന്റെ മാതാവൊത്ത സഹോദരന്‍ വലീദുബ്നു ഉഖ്ബയെ നിയോഗിച്ചു. അബൂമൂസല്‍ അശ്അരിയെ ബസ്വറയുടെ ഗവര്‍ണ്ണര്‍ പദവിയില്‍ നിന്നും ഒഴിവാക്കി സ്വന്തം മാതുലപുത്രന്‍ അബ്ദുല്ലാഹിബ്നു ആമിറിനെ തദ്സ്ഥാനത്ത് നിയമിച്ചു. അംറുബ്നുല്‍ ആസിനെ ഈജിപ്തിലെ ഗവര്‍ണ്ണര്‍ സ്ഥാനത്ത് നിന്നും മാറ്റി പകരം മുലകുടി ബന്ധത്തിലുള്ള തന്റെ സഹോദരന്‍ അബ്ദുല്ലാഹിബ്നു സഅദിനെ നിശ്ചയിച്ചു. തന്റെ ബന്ധുവായ മുആവിയയെ ഡമാസ്കസ്, ഹിംസ്, ഫലസ്തീന്‍, ജോര്‍ദ്ദാന്‍, ലബനാന്‍ തുടങ്ങിയ അതിവിശാലമായ പ്രദേശങ്ങളുടെ മുഴുവന്‍ ഗവര്‍ണ്ണര്‍ ആയി നിയോഗിച്ചു.  ഉമറിന്റെ കാലത്ത് മുആവിയക്ക് ഡമാസ്കസിന്റെ ചുമതല മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതെല്ലാം കൂടാതെ തന്റെ പിതൃവ്യപുത്രന്‍ മര്‍വാനുബ്നുല്‍ ഹകമിനെ സ്വന്തം സെക്രട്ടറിയായും നിയമിച്ചു. ഒരു ഭരണവകുപ്പ് തലവന്റെ പദവി തന്നെ മര്‍വ്വാന് കിട്ടിയതോടെ രാജ്യമൊട്ടുക്കും മര്‍വ്വാന്റെ സ്വാധീനവും ആജ്ഞയും സ്ഥാപിതമാവാന്‍ തുടങ്ങി. ഇങ്ങനെ അതിവിശാലമായ ഒരു സാമ്രാജ്യത്തിന്റെ അധികാരം മുഴുവന്‍ ഒരു കുടുംബത്തിന്റെ മാത്രം കരങ്ങളില്‍ കേന്ദ്രീകൃതമാവാന്‍ തുടങ്ങി..

പോരാത്തതിന്, തന്റെ ബന്ധുക്കള്‍ക്ക് പൊതുഖജനാവില്‍ നിന്നും ഉസ്മാന്‍ സഹായങ്ങള്‍ നല്‍കുകയും ചെയ്തു.. ആഫ്രിക്കയിലെ പ്രഥമയുദ്ധത്തില്‍ നിന്നും ലഭിച്ച യുദ്ധമുതലിന്റെ അഞ്ചിലൊന്ന് അദ്ദേഹം അബ്ദുല്ലാഹിബ്നു സഅദിന് നല്‍കി. ആഫ്രിക്ക മുഴുവന്‍ ജയിച്ചടക്കപ്പെട്ട രണ്ടാമത്തെ യുദ്ധത്തില്‍ നിന്നുകിട്ടിയ യുദ്ധമുതലിന്റെ അഞ്ചിലൊന്ന് മര്‍വ്വാനും നല്‍കുകയുണ്ടായി.  അതുപോലെ തന്റെ ജാമാതാവായ ഹാരിസുബ്നു ഹകമിന് അദ്ദേഹത്തിന്റെ വിവാഹദിവസം ബൈത്തുല്‍ മാലില്‍ നിന്ന് രണ്ടുലക്ഷം ദിര്‍ഹം ദാനം നല്‍കുകയുണ്ടായി.

എന്തായിരിക്കാം ഉസ്മാന്‍ ഇങ്ങനെയെല്ലാം ചെയ്യാനുള്ള കാരണം? തീര്‍ച്ചയായും അദ്ദേഹം മഹാനായ സഹാബിയാണ്. സ്വര്‍ഗം കൊണ്ട് സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ട സഹാബി.. ‘സ്വര്‍ഗത്തില്‍ എന്റെ കൂട്ടുകാരന്‍’ എന്ന് നബിയാല്‍ വിശേഷിപ്പിക്കപ്പെട്ട മഹാന്‍.. അദ്ദേഹം തന്റെ ബന്ധുക്കളെ അങ്ങേയറ്റം സ്നേഹിച്ചു. കുടുംബബന്ധങ്ങള്‍ ചേര്‍ക്കുന്നതിനെക്കുറിച്ചുള്ള ഇസ്ലാമിക അധ്യാപനം അദ്ദേഹം എന്നും ജിവിതത്തില്‍ പാലിച്ചിരുന്നു.. തന്റെ സമ്പത്തും സമ്പാദ്യവും മുഴുവന്‍ അദ്ദേഹം ബന്ധുക്കള്‍ക്കിടയില്‍ വീതിച്ചു. മക്കള്‍ക്ക്‌ പോലും ബന്ധുക്കളുടേതിനു തുല്യമായിട്ടാണ് നല്‍കിയത്. ഇതിനെ എത്ര പ്രശംസിച്ചാലും അധികമാവില്ല. പക്ഷെ, ഖുര്‍ആനും ഹദീസും അനുശാസിക്കുന്ന ചാര്‍ച്ച ചേര്‍ക്കലിന്റെ ശരിയായ താല്‍പ്പര്യം ബന്ധുക്കളെയും കുടുംബങ്ങളെയും സഹായിക്കാന്‍ ലഭിച്ച ഒരവസരവും പാഴാക്കാതിരിക്കുക എന്നതാണെന്ന് അദ്ദേഹം തെറ്റിദ്ധരിച്ചു.. കുടുംബബന്ധം ചേര്‍ക്കാനുള്ള ഇസ്ലാമിന്റെ ആജ്ഞ വ്യക്തികളോടാണ്, ഭരണാധികാരിയോടല്ല.. തന്റെ ജീവിതത്തിലുടനീളം വ്യക്തി എന്ന നിലക്ക് ഉസ്മാന്‍ കാണിച്ച ഉദാരമായ സമീപനങ്ങള്‍ തീര്‍ച്ചയായും ചാര്‍ച്ച ചേര്‍ക്കലിന്റെ മഹത്തായ മാതൃക തന്നെ.. എന്നാല്‍ ഖലീഫ എന്ന നിലക്ക് സ്വന്തം ബന്ധുക്കളോട് ഗുണം ചെയ്യാന്‍, കുടുംബബന്ധം ചേര്‍ക്കാനുള്ള കല്‍പ്പന ഖിലാഫത്ത് എന്ന പദവിയുമായി ബന്ധപ്പെട്ടതല്ലല്ലോ.. അതിനാല്‍ ഖലീഫ എന്ന നിലക്ക് അദ്ദേഹം ബന്ധുക്കള്‍ക്ക് നല്‍കിയ പരിഗണന ഒരു പിഴവ് തന്നെയായിരുന്നു.. ഇത് പക്ഷെ ഉദ്ദേശത്തിലെ പിഴവല്ല, ബന്ധുക്കളോട് ഉദാരസമീപനം കാണിക്കുക എന്ന ഇസ്ലാമിക അധ്യാപനത്തിന്റെ കാര്യത്തില്‍ അദ്ദേഹത്തിനുണ്ടായിരുന്ന വീക്ഷണത്തിലെ പിഴവായിരുന്നു.. മറ്റൊരു വിധം പറഞ്ഞാല്‍ ഇജ്തിഹാദിലെ പിഴവ്..!

മാത്രമല്ല, അദ്ദേഹം ബന്ധുക്കള്‍ക്ക് നല്‍കിയ പണം ഒന്നും അന്യായമായി പൊതുഖജനാവില്‍ നിന്നും എടുത്തവയല്ല. ഈ വിഷയത്തില്‍ സഹാബികള്‍ വിമര്‍ശിച്ചപ്പോള്‍ അദ്ദേഹം തന്നെ വിശദീകരിച്ച പോലെ ഇസ്ലാമികഭരണകൂടത്തിനു ഒരു ഖലീഫ എന്ന നിലക്ക് അദ്ദേഹം സ്വീകരിച്ചിരുന്ന പ്രതിഫലം അദ്ദേഹം സ്വയം എടുക്കാതെ ബന്ധുക്കള്‍ക്ക് നല്‍കുക മാത്രമായിരുന്നു.. മര്‍വ്വാനും അബ്ദുല്ലാഹിബ്നു സഅദിനും നല്‍കിയ പണമാകട്ടെ കടമായി നല്കിയതും അത് തിരിച്ചടപ്പിക്കുകയും ചെയ്തിട്ടുണ്ട്.. പക്ഷെ തന്റെ ബന്ധുക്കള്‍ക്ക് പുറമേ മറ്റുള്ളവരോടും ഇതേ മട്ടിലുള്ള ഔദാര്യം കാട്ടിയിരുന്നുവെങ്കില്‍ ആക്ഷേപമുണ്ടാകുമായിരുന്നില്ല.. ഖലീഫ സ്വന്തം ബന്ധുക്കളോട് മാത്രം ഇങ്ങനെ ഔദാര്യം കാണിച്ചതാണ് തെറ്റിധാരണക്ക്  കാരണമായത്.. അബൂബക്കറും ഉമറും തെറ്റിധാരണക്ക് ഇടം കൊടുക്കാതിരിക്കാനായി സ്വയം കഷ്ടപ്പാട് സഹിക്കുകയും മറ്റുള്ളവരോട് കാണിച്ച ഔദാര്യം പോലും സ്വന്തം ബന്ധുക്കള്‍ക്ക് നിഷേധിക്കുകയുമാണ്‌ ചെയ്തത്. പക്ഷെ ഉസ്മാന് ഇത്രത്തോളം സൂക്ഷ്മത പുലര്‍ത്താന്‍ കഴിഞ്ഞില്ല. അതിനാല്‍ തന്നെ അദ്ദേഹം ആക്ഷിപ്തനാവുകയും ചെയ്തു..

“ബന്ധുക്കള്‍ക്ക് സഹായം നല്‍കാതെയാണ് അബൂബക്കറും ഉമറും പ്രതിഫലം കാംക്ഷിച്ചത്. എന്നാല്‍ അവര്‍ക്ക് സഹായം നല്‍കി ക്കൊണ്ടാണ് ഞാന്‍ പ്രതിഫലം കാംക്ഷിക്കുന്നത്..”  ഇതായിരുന്നു ഈ വിഷയത്തില്‍ ഉസ്മാന്റെ നിലപാട്. പക്ഷെ ജനങ്ങള്‍ ഇഷ്ടപ്പെട്ടത് അബൂബക്കറിന്റെയും ഉമറിന്റെയും നയമായിരുന്നു.

തന്റെ ബന്ധുക്കള്‍ക്ക് അധികാരസ്ഥാനങ്ങള്‍ നല്കിയത് ശരീഅത്തില്‍ നിരോധിക്കപ്പെട്ട കാര്യമൊന്നുമല്ല. ഈ വിഷയത്തില്‍ മരണാസന്നവേളയില്‍ ഉമര്‍ നല്‍കിയ വസിയ്യത്ത്‌ പോലും നിര്‍ബന്ധമായും പാലിക്കേണ്ട ശരീഅത്ത് നിയമവുമല്ല.. ഉസ്മാന്‍ തന്റെ കുടുംബത്തില്‍ നിന്നും ഭരണരംഗത്തേക്ക് നിയമിച്ചയച്ച ഈ വ്യക്തികളെല്ലാം ഭരണ-സൈ നിക രംഗങ്ങളില്‍ യോഗ്യരും സമര്‍ത്ഥരുമായിരുന്നു എന്ന വസ്തുത ഒരാള്‍ക്കും നിഷേധിക്കാനും കഴിയില്ല.. എന്നാല്‍ യോഗ്യത ഇവരില്‍ മാത്രം പരിമിതമായിരുന്നില്ല. യോഗ്യരായ മറ്റനവധി പേരും ഉണ്ടായിരുന്നു.. ഖുറാസാന്‍ മുതല്‍ ഉത്തരാഫ്രിക്ക വരെ പടര്‍ന്നു പന്തലിച്ചു കിടക്കുന്ന ഒരു വലിയ സാമ്രാജ്യം മുഴുവന്‍ ഒരു കുടുംബത്തില്‍ നിന്നുള്ള ഗവര്‍ണ്ണര്‍മാരുടെ കീഴിലാവുകയും അതേ കുടുംബത്തില്‍ പെട്ട ഒരു വ്യക്തിയില്‍ കേന്ദ്രസെക്രട്ടറിയെറ്റിന്റെ ഉത്തരവാദിത്വം വരികയും അതേ കുടുംബത്തില്‍ പെട്ട ആള്‍ തന്നെ ഖലീഫ ആവുകയും ചെയ്യുന്നത് നൂറ്റാണ്ടുകള്‍ നീണ്ട ഗോത്രപക്ഷപാതിത്വത്തില്‍ നിന്നും മോചിതരായി വരുന്ന ജനങ്ങളില്‍ എത്രമാത്രം അമര്‍ഷം ഉണ്ടാക്കിയിട്ടുണ്ടാകും എന്ന് ഊഹിക്കാവുന്നതേ ഒള്ളൂ..

ജനങ്ങള്‍ക്ക് അമര്‍ഷം ഉണ്ടാവാന്‍ കാരണങ്ങള്‍ വേറെയും ഉണ്ടായിരുന്നു.. ഉസ്മാന്‍ നിയമിച്ച ഈ ഗവര്‍ണ്ണര്‍മാരില്‍ അധികപേരും ഇസ്ലാമികരംഗത്ത്‌ കാര്യമായി സേവനങ്ങള്‍ അര്‍പ്പിച്ചവരോ നബിയുടെ പ്രമുഖസഹാബികളോ ആയിരുന്നില്ല. മറിച്ചു, അവസാനസമയം വരെയും നബിയെയും ഇസ്ലാമിനെയും എതിര്‍ക്കുകയും മക്കാ വിജയനാന്തരം മാത്രം ഇസ്ലാമിലേക്ക് പ്രവേശിക്കുകയും ചെയ്തവരാണ് ഇവരില്‍ പലരും.. മുആവിയ, മര്‍വ്വാന്‍, വലീദുബ്നു ഉഖ്ബ തുടങ്ങിയവരെല്ലാം മക്കാവിജയദിവസം മാപ്പ് നല്‍കപ്പെട്ട കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. അബ്ദുല്ലാഹിബ്നു സഅദ് ആകട്ടെ മക്കാവിജയദിനം കഅബയുടെ സന്നിധിയില്‍ വച്ച് കണ്ടാല്‍ പോലും വധിച്ചുകളയാന്‍ കല്പ്പിക്കപ്പെട്ടവരില്‍ പെട്ടയാളായിരുന്നു.. ഉസ്മാന്‍ അദ്ദേഹത്തിന് വേണ്ടി ശുപാര്‍ശ ചെയ്തത് കൊണ്ട് മാത്രം വെറുതെ വിട്ടയക്കപ്പെട്ട വ്യക്തിയാണ് അയാള്‍..  മര്‍വ്വാന്‍റെ കാര്യം തന്നെ നോക്കാം..  കടുത്ത അപരാധത്തിന്റെ പേരില്‍ നബി മദീനയില്‍ നിന്നും നാടുകട ത്തിയ ഹകമിന്റെ മകന്‍ ആണ് മര്‍വ്വാന്‍. അബൂബക്കറിന്റെയും ഉമറിന്റെയും കാലത്ത് ഹകം തനിക്ക് മദീനയിലേക്ക് തിരിച്ചു വരാന്‍ അനുവാദം നല്‍കണമെന്ന് അപേക്ഷിച്ചെങ്കിലും അനുവാദം നല്‍കുകയുണ്ടായില്ല. എന്നാല്‍ ഉസ്മാന്‍ അദ്ദേഹത്തിന് മദീനയിലെക്ക് തിരിച്ചുവരാന്‍ അനുവാദം നല്‍കുകയുണ്ടായി.. “നബിയോട് ഇദ്ദേഹത്തിനുവേണ്ടി ഞാന്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇദ്ദേഹത്തെ തിരിച്ചുവിളിക്കാമെന്നു നബി അന്ന് വാക്ക് തന്നതാണ്” എന്നൊരു വിശദീകരണവും ഉസ്മാന്‍ നല്‍കി.. അത് ജനങ്ങള്‍ സമ്മതിച്ചെന്നിരിക്കാം.. പക്ഷെ നബിയാല്‍ അഭിശംസിക്കപ്പെട്ട ഒരാളുടെ മകനെ, അതും നബിയുടെ സഹവാസം വേണ്ടത്ര ലഭിച്ചിട്ടില്ലാത്ത ഒരാളെ എല്ലാറ്റിനും അധികാരമുള്ള ഭരണവകുപ്പുതലവന്‍ ആക്കിയത് സാധാരണ ജനങ്ങള്‍ക്ക് എന്നല്ല, പ്രമുഖസഹാബികള്‍ക്ക് പോലും ഉള്‍കൊള്ളാന്‍ കഴിഞ്ഞില്ല..

മറ്റൊരു  നിലക്ക്  പറഞ്ഞാല്‍ ഉസ്മാന്‍ ഗവര്‍ണ്ണര്‍ ആക്കിയവരൊന്നും ഒരു നിലക്കും ഇസ്ലാമികസമൂഹത്തിന്റെ നേതാക്കള്‍ ആകാന്‍ യോഗ്യരായിരുന്നില്ല..  ഭരണ-സൈ നിക രംഗങ്ങളില്‍ യോഗ്യരായിരുന്നിരിക്കാം. എന്നാല്‍ ഇസ്ലാം ജയിക്കാനും ഭരിക്കാനും വേണ്ടി മാത്രം വന്നതായിരുന്നില്ലല്ലോ. അത് ഒന്നാമതായും നന്മയിലേക്കും വിശുദ്ധിയിലെക്കും ഉള്ള പ്രബോധനമായിരുന്നു. അതിന്റെ നേതൃത്വത്തിന് ഭരണ-സൈനിക പാടവത്തെക്കാള്‍ മാനസികവും ധാര്‍മ്മികവുമായ സംസ്കരണമാണ് വേണ്ടിയിരുന്നത്.. മേല്‍പറഞ്ഞവരെയെല്ലാം ഇസ്ലാമികസമൂഹത്തില്‍ അലിയിച്ചു ചേര്‍ക്കാന്‍ വേണ്ടി അബൂബക്കറും ഉമറും അവര്‍ക്കൊക്കെ ചെറിയ ചില ഉത്തരവാദിത്തങ്ങളും സ്ഥാനങ്ങളും നല്‍കിയിരുന്നു എന്നത് ശരി തന്നെ. എന്നാല്‍ ഉസ്മാന്‍ അവരെ ഇസ്ലാമികരാഷ്ട്രത്തിന്റെ തന്നെ മര്‍മ്മപ്രധാനമായ അധികാരസ്ഥാനങ്ങളിലേക്ക് ഉയര്‍ത്തുകയായിരുന്നു.. മുസ്ലിം ആണെങ്കിലും സാക്ഷാല്‍ ഖുര്‍ആന്‍ തന്നെ കുബുദ്ധി എന്ന് വിശേഷിപ്പിച്ച ആളാണ്‌ വലീദുബ്നു ഉഖ്ബ.. അദ്ദേഹത്തിന്റെ തെറ്റിന് പില്‍ക്കാലത്ത്‌ നബി മാപ്പ് നല്‍കുകയുണ്ടായി.. അബൂബക്കറിന്റെയും ഉമറിന്റെയും കാലത്ത് ഒരു ഗോത്രത്തിന്‍റെ സക്കാത്ത് പിരിക്കുന്ന ചുമതലക്കാരന്‍ എന്ന ചെറിയ സ്ഥാനം മാത്രമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. എന്നാല്‍ ഉസ്മാന്റെ കാലത്താകട്ടെ, വലീദിനെ കൂഫയുടെ ഗവര്‍ണ്ണറായാണ് നിയമിച്ചത്.. അതും നബിയുടെ അരുമശിഷ്യനായിരുന്ന സഅദുബ്നു അബീവഖാസിനെ മാറ്റിക്കൊണ്ട്. കൂഫയാകട്ടെ തന്ത്രപ്രധാനമായ , പ്രവിശാലമായ ഒരു സംസ്ഥാനമായിരുന്നു. അവിടെ വച്ച് വലീദ് മദ്യപിക്കുമായിരുന്നു എന്ന രഹസ്യവും പുറത്തായി.. ഇതിന്റെ പേരില്‍ പിന്നീട് അദ്ദേഹം ശിക്ഷിക്കപ്പെടുകയുമുണ്ടായി..

മറ്റൊന്ന്, നബിയുടെയും അബൂബക്കറിന്റെയും ഉമറിന്റെയും കാലത്ത് ഭരണാധികാരികളും ഭരണീയരും തമ്മില്‍ ജീവിതനിലവാരത്തില്‍ വ്യത്യാസം ഉണ്ടായിരുന്നില്ല. വല്ലാത്തൊരു സമത്വം ആയിരുന്നു അവര്‍ക്കിടയില്‍.. ഭരണാധികാരികള്‍ ഭരണീയരേക്കാളും ദരിദ്രരായി ജീവിച്ചു. മരണപ്പെടുമ്പോള്‍ നബിയുടെ വീട്ടില്‍ വിളക്കിലെണ്ണ ഒഴിക്കാനുള്ള പണം പോലുമുണ്ടായിരുന്നില്ല. അബൂബക്കര്‍ മരണപ്പെടുമ്പോള്‍ തന്റെ ബാക്കി ഉണ്ടായിരുന്ന തുച്ചമായ സമ്പത്ത് പോലും പൊതു ഖജനാവിലേക്ക് അടച്ചു. ഉമര്‍ കൊല്ലപ്പെടുമ്പോള്‍ കടക്കാരനായിരുന്നു..  ഉമറിന്റെ കാലത്ത് പല സമ്പന്നരാഷ്ട്രങ്ങളും ഇസ്ലാമികരാഷ്ട്രത്തിന്റെ ഭാഗമാവുകയും അങ്ങനെ രാഷ്ട്രം വളരെ സമ്പന്നമാവുകയും ചെയ്തു. എന്നിട്ടും തന്റെ ഗവര്‍ണ്ണര്‍മാരെ സമ്പന്നരാവാന്‍ ഉമര്‍ അനുവദിച്ചില്ല.. പലപ്പോഴും അവരില്‍ അമിതമായി സമ്പത്ത് വരുന്നത് കണ്ടപ്പോള്‍ ഉമര്‍ അതൊക്കെ പൊതുഖജനാവില്‍ തിരിച്ചടപ്പിച്ചു.. ഓരോ ഗവര്‍ണ്ണറുടെയും പിരടിയില്‍ ഉമറിന്റെ ശക്തമായ കരങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ലോലഹൃദയനും സാധുവും ആയിരുന്ന ഉസ്മാന്റെ കാലത്ത് സ്ഥിതിഗതികള്‍ മാറി. ഉമറിനെ പോലെ കര്‍ക്ക ശക്കാരനല്ലാത്ത ഉസ്മാന്റെ ഭരണം പല ഗവര്‍ണ്ണര്‍മാരെയും സമ്പന്നരാക്കി.. പൊതുജനങ്ങളില്‍ നിന്നും ഉയരെ ആയി അധികാരികള്‍ ജീവിക്കാന്‍ തുടങ്ങി. കിസ്രയുടെയും ഹിര്‍ക്കലിന്റെയുമൊക്കെ രാജവാഴ്ചകളില്‍ നിന്നും മോചിതരായ ശേഷം, ഈന്തപ്പനയോലയില്‍ കിടന്നുറങ്ങിയിരുന്ന നബിയെയും വ്യക്തിപരമായ ആവശ്യത്തിനു പൊതുമുതലിലെ ഒരു മെഴുകുതിരിനാളം പോലും എടുക്കാതിരുന്ന അബൂബക്കറിനെയും പ്രജകള്‍ക്കായി സ്വയം ഭക്ഷണം ചുമലിലേറ്റി നടന്ന ഉമറിനെയും അവര്‍ക്ക് ചേര്‍ന്ന അവരുടെയൊക്കെ ഗവര്‍ണ്ണര്‍മാരെയും കണ്ടു അമ്പരന്നു പോയ ഒരു ജനതക്ക് ഉസ്മാന്റെ കാലത്ത് പെട്ടെന്നുണ്ടായി വന്ന മാറ്റങ്ങള്‍ അത്ര പെട്ടെന്ന് ഉള്‍കൊള്ളാന്‍ കഴിഞ്ഞില്ല..

പ്രധാനമായും നാട് നേരിട്ട് കൊണ്ടിരിക്കുന്ന പല പ്രശ്നങ്ങളും ഉസ്മാന്‍ മനസ്സിലാക്കിയിരുന്നില്ല.. എണ്‍പതിനോടടുത്തു പ്രായവുമായി കഴിഞ്ഞിരുന്നു അദ്ദേഹത്തിന്.. അദ്ദേഹം വളരെയധികം ലോലഹൃദയനും ശാന്തസ്വഭാവക്കാരനും ആയിരുന്നു. വ്യക്തി എന്ന നിലയില്‍ സല്‍ഗുണസമ്പന്നനും ആളുകളോട് സ്നേഹമുള്ളവനും നിഷ്കളങ്കനും ആയിരുന്നു.. ഉമര്‍ എന്ന കര്‍ക്കശക്കാരന് കീഴില്‍ ഒന്നും ചെയ്യാന്‍ കഴിയാതെ പതുങ്ങി നിന്നിരുന്ന പല കുബുദ്ധികളും ഉസ്മാന്റെ ലോലഹൃദയം മുതലെടുക്കുകയായിരുന്നു.. പോരാത്തതിന് പ്രായാധിക്യവും.. ഇത് കാരണം പലര്‍ക്കും അദ്ദേഹത്തെ വളരെയെളുപ്പത്തില്‍ സ്വാധീനിക്കാന്‍ കഴിഞ്ഞു.. മര്‍വ്വാന്‍ അദ്ദേഹത്തെ സ്വാധീനിച്ചു അദ്ദേഹത്തിന്റെ സെക്രട്ടറി വരെയായി.. ഉസ്മാന്റെ ശാന്തസ്വഭാവവും ശുദ്ധഗതിയും മുതലെടുത്ത്‌ മര്‍വ്വാന്‍ സ്വന്തമായി പല നടപടികളും എടുത്തു. ഉസ്മാന്റെ അനുവാദവും അറിവും ഇല്ലാതെ ചെയ്ത ഇത്തരം നടപടികളുടെ വരെ ഉത്തരവാദിത്തം അദ്ദേഹത്തിന്റെ മേല്‍ ചുമത്തപ്പെട്ടു. മാത്രമല്ല, ഉസ്മാനും പ്രമുഖ സഹാബികള്‍ക്കുമിടയിലുള്ള ബന്ധം വഷളാക്കാനുള്ള നിരന്തരശ്രമങ്ങളും മര്‍വ്വാന്‍ നടത്തിയിരുന്നു.. ഖലീഫ തന്റെ പഴയ കൂട്ടുകാരെക്കാള്‍ തന്നെ സ്വന്തം സഹായിയും ഗുണകാംക്ഷിയുമായി മനസ്സിലാക്കാന്‍ വേണ്ടിയായിരുന്നു ഇത്.. പലപ്പോഴും ഇത് വിജയം കണ്ടു.. ധനം ആവശ്യക്കാര്‍ക്ക് നല്‍കാതെ കെട്ടിപൂട്ടിവയ്ക്കുന്നതിനെയും സുഖാഡംബരങ്ങളില്‍ ആറാടികഴിയുന്നതിനെയും രൂക്ഷമായി വിമര്‍ശിച്ചതിന്റെ പേരിലും, നബി പ്രബോധനം ചെയ്ത പോലെ ധനം ചെലവഴിക്കാനും മാന്യതയും ഭയഭക്തിയും കൈക്കൊള്ളുവാനും പ്രബോധനം ചെയ്തതിന്റെ പേരിലും അബൂദറിനെ നാടുകടത്താന്‍ പോലും ഉസ്മാനെ സ്വാധീനിച്ച് മര്‍വ്വാന് സാധിച്ചു.. സഹാബികളുടെ സദസ്സില്‍ പലപ്പോഴും ഭീഷണിയുടെ സ്വരത്തിലുള്ള പ്രസംഗങ്ങള്‍ നടത്താന്‍ വരെ മര്‍വ്വാന്‍ ധൃഷ്ടനായി.. ഇതെല്ലാം സഹാബികളിലും പൊതുജനങ്ങളിലും കുറച്ചൊന്നുമല്ല അലോസരങ്ങള്‍ സൃഷ്ടിച്ചത്.. ഉസ്മാന്റെ പത്നി നാഇല പോലും ഉസ്മാനെ ഇപ്രകാരം ഉണര്‍ത്തുകയുണ്ടായി.. “മര്‍വാനെ കേട്ട് നടന്നാല്‍ അദ്ദേഹം അങ്ങയെ കൊല്ലിക്കും. അയാളുടെ ഉള്ളില്‍ പടച്ചവനെ പേടിയില്ല. ആദരവോ സ്നേഹമോ ഇല്ല..” ..

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും സഹാബികള്‍ക്കും പൊതുജനങ്ങള്‍ക്കും ഉസ്മാനെ ഇഷ്ടമായിരുന്നു. അദ്ദേഹത്തിന്റെ ശാന്തസ്വഭാവത്തെയും സ്നേഹത്തെയും അവര്‍ വിലമതിച്ചു. പലപ്പോഴും അദ്ദേഹം സ്വാധീനിക്കപ്പെടുക മാത്രമാണ് ചെയ്യുന്നത് എന്നും അവര്‍ മനസ്സിലാക്കിയിരുന്നു.. ബന്ധുക്കളോടുള്ള അദ്ദേഹത്തിന്റെ സമീപനം ഒഴിച്ച് നിര്‍ത്തിയാല്‍ അദ്ദേഹത്തിന്റെ ഖിലാഫത്ത് മാതൃകാപരവുമായിരുന്നു. മാത്രമല്ല, ഈ ഒരു കാര്യത്തില്‍ അദ്ദേഹത്തോട് അസംതൃപ്തരായിരുന്ന ആളുകളെപ്പോലും എങ്ങും ഖിലാഫത്തിനെതിരില്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കാത്ത വിധം ഗുണപ്രദവും ഇസ്ലാമിന്റെ ഉന്നതിക്ക് സഹായകവുമായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലം. ഉസ്മാനുള്ള ബൈഅത്ത് പുതുക്കാന്‍ വേണ്ടി അബൂമൂസല്‍ അശ്അരി ജനങ്ങളെ സമീപിച്ചപ്പോള്‍, അതിനെ എതിര്‍ത്തിരുന്ന അരാജകവാദികളെ അവഗണിച്ചുകൊണ്ട് ജനങ്ങള്‍ ബൈഅത്തിനു സന്നദ്ധരായത് ഉസ്മാനെ അവര്‍ സ്നേഹിച്ചിരുന്നത് കൊണ്ടാണ്.. എങ്കില്‍ പോലും തുടര്‍ച്ചയായി ഉസ്മാന്റെ ഗവര്‍ണ്ണര്‍മാരില്‍ നിന്നുണ്ടാകുന്ന കുഴപ്പങ്ങളും അവര്‍ക്ക് ഉസ്മാന് മേല്‍ ഉള്ള സ്വാധീനവും എല്ലാം ജനങ്ങളില്‍ അസംതൃപ്തി ഉണ്ടാക്കുന്നതും ഇത് മുതലെടുത്ത്‌ ചിലര്‍ ഒരു കലാപത്തിനു കോപ്പ് കൂട്ടുന്നതും പ്രമുഖസഹാബികള്‍ മണത്തറിഞ്ഞു..

ബന്ധുക്കളോടുള്ള ഉസ്മാന്റെ ഈ സമീപനം നേരത്തെ തന്നെ ഒരു സംഘം സഹാബികള്‍ അലിയുടെ നേതൃത്വത്തില്‍ ഉസ്മാനെ ചോദ്യം ചെയ്തതായിരുന്നു.. അതിനു ഉസ്മാന്‍ നല്‍കിയ മറുപടി ഇങ്ങനെയാണ്.. “ബന്ധുക്കള്‍ക്ക് ധനസഹായം നല്‍കാതെയാണ് അബൂബക്കറും ഉമറും പ്രതിഫലം കാംക്ഷിച്ചത്. എന്നാല്‍ അവര്‍ക്ക് സഹായം നല്‍കികൊണ്ടാണ് ഞാന്‍ പ്രതിഫലം കാംക്ഷിക്കുന്നത്..” ഉസ്മാന്റെ മറുപടി കേട്ടു സഹാബികള്‍ എഴുന്നേറ്റുപോയി. തദവസരം അവരിങ്ങനെ ഉരുവിടുന്നുണ്ടായിരുന്നു.. “പക്ഷെ അബൂബക്കറിന്റെയും ഉമറിന്‍റെയും മാതൃകയാണ് താങ്കളുടെ മാതൃകയേക്കാള്‍ ഞങ്ങള്‍ക്ക് പ്രിയങ്കരം..”

ഇസ്ലാമികരാഷ്ട്രത്തില്‍ ഒരു കലാപം ഉണ്ടാവാനുള്ള സാധ്യതയെകുറിച്ച് അലി ആശങ്കാകുലനായിരുന്നു.. അദ്ദേഹം ഇത് പലതവണ ഉസ്മാനോടു പറഞ്ഞതുമാണ്. എന്നാല്‍ ആര് പറയുന്നതിനും മേലെ തന്റെ വാക്കുകള്‍ക്ക് ഉസ്മാനില്‍ സ്വാധീനം ഉണ്ടാക്കാന്‍ വേണ്ട കുതന്ത്രങ്ങളെല്ലാം മര്‍വ്വാന് അറിയാമായിരുന്നു.. എങ്കിലും ഉസ്മാനെ അലി കുറ്റപ്പെടുത്തിയില്ല.. കാരണം ഉസ്മാന്റെ അവസ്ഥ അലിക്ക് ശരിക്കും അറിയാമായിരുന്നു.. അദ്ദേഹം തന്നെ അത് പറയുകയും ചെയ്തു..

“മൌനം പൂണ്ട് ഞാനെന്റെ വീട്ടില്‍ ഇരിക്കുന്ന പക്ഷം ഉസ്മാന്‍ പറയും.. ‘എന്നെയും എന്നോടുള്ള ബന്ധുത്വത്തെയും ബാധ്യതയെയും താങ്കള്‍ വിസ്മരിക്കുകയാണ്.’ ഇനി അദ്ദേഹവുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്താലും തനിക്കിഷ്ടപ്പെട്ട രൂപത്തിലേ അദ്ദേഹം പ്രവര്‍ത്തിക്കുകയുള്ളൂ.. മര്‍വ്വാന്‍ അദ്ദേഹത്തെ കളിപ്പിക്കുകയാണ്. ദൈവദൂതന്റെ സഹവാസം വിനഷ്ടമാവുകയും കൂടുതല്‍ പ്രായമാവുകയും ചെയ്തപ്പോള്‍ അദ്ദേഹം പൂര്‍ണ്ണമായും മര്‍വ്വാന്‍ നയിക്കുന്നിടത്തേക്ക് നീങ്ങുകയാണ്..”

——————

നാലാം ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

RELATED ITEMS

14 thoughts on “വീരനാം അലിയാര്‍ – ഭാഗം 3 | ഉസ്മാന്റെ ഖിലാഫത്ത്

 1. ഇതിനോടകം വായിച്ചു കഴിഞ്ഞവര്‍ ഒന്നൂടി നോക്കുക.. നേരത്തെ തന്നപ്പോള്‍ അതില്‍ ഫുള്‍ ഭാഗം (അവസാന രണ്ടു പാരഗ്രാഫ്) ഇല്ലായിരുന്നു. ഇപ്പൊ എഡിറ്റ്‌ ചെയ്തു കയറ്റി..

 2. ഒരു സ്വജനപക്ഷപാതിയെ വെള്ളപൂശാന്‍ ഉള്ള ശ്രമം ലേഖനത്തില്‍ ഉണ്ടോ എന്ന് സംശയിക്കുന്നു

 3. ആ വീതികൂടിയ ചിത്രം മൊബൈല്‍ ടെമ്പ്ലേറ്റ് കാര്യക്ഷമമല്ലാതാക്കുന്നുണ്ട്.

 4. മമനോഹരമായി അവതരിപ്പിച്ചു..
  മുകളിളെ ഫൊട്ടോ കാരണം മൊബൈലിൽ വലിയ ബുദ്ധിമുട്ടാണ്.ശ്രദ്ധിക്കുമല്ലോ

 5. കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കാന്‍ നോക്ക് സുഹൃത്തെ ആ പുണ്യാത്മാവിനെ അപമതിക്കരുത്‌

 6. സുഹ്രതെ എനിക്ക് അദേഹത്തെ അപമാനിക്കണം എന്നൊന്ന് ഇല്ല, ഒരാള്‍ മഹാന്‍ ആണ് എന്ന് മുന്‍വിധി ഉണ്ടായാല്‍ അയാള്‍ ചെയ്യുന്നത് ഒക്കെ ശരിയാണ്ന്ന് തോന്നും, ഖിലാഫത്ത്നെ അന്തമായിപിന്തുണക്കുന്നവര്‍ക്ക് അവര്‍ ചെയ്യുന്നത് ഒക്കെ ശരിയായിരിക്കും എന്ന് വാദിക്കാം……ഈ ലേഖനം വായിച്ചിട്ട് എനിക്ക് തോന്നിയത് ഇദ്ദേഹം ഒരു സ്വജനപക്ഷപാതിയാണ് എന്ന് തന്നെയാണ്, ഈ ലേഖനത്തില്‍ മറ്റ് സഹാബികള്‍ക്കും അദേഹത്തിന്‍റെ പ്രവര്‍ത്തനത്തില്‍ വിയോജിപ്പ് ഉണ്ടായിരുന്നതായി പറയുന്നുണ്ട്

 7. Kannazhuth Yousuf Ummer ആദ്യമേ പറയട്ടെ.. ഉസ്മാനില്‍ ഞാന്‍ nepotism ആരോപിച്ചിട്ടില്ല.. അദ്ദേഹം മഹാനായ സഹാബി ആണ് എന്ന് എന്റെ തന്നെ ലേഖനത്തില്‍ പല തവണ ആവര്‍ത്തിച്ചിട്ടും ഉണ്ട്..

  അദ്ദേഹം ഒരു സ്വജനപക്ഷപാതിയായിരുന്നില്ല.. അങ്ങനെ ആരോപിക്കാന്‍ സാമാന്യബുദ്ധി ഉള്ള ആര്‍ക്കും കഴിയുകയുമില്ല.. അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുള്ളത് പോലെ, കുടുംബബന്ധം ചേര്‍ക്കുകയായിരുന്നു യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ ഉദ്ദേശം

  ലേഖനത്തില്‍ നിന്നും:-

  ""അദ്ദേഹം തന്റെ ബന്ധുക്കളെ അങ്ങേയറ്റം സ്നേഹിച്ചു. കുടുംബബന്ധങ്ങള്‍ ചേര്‍ക്കുന്നതിനെക്കുറിച്ചുള്ള ഇസ്ലാമിക അധ്യാപനം അദ്ദേഹം എന്നും ജിവിതത്തില്‍ പാലിച്ചിരുന്നു.. തന്റെ സമ്പത്തും സമ്പാദ്യവും മുഴുവന്‍ അദ്ദേഹം ബന്ധുക്കള്‍ക്കിടയില്‍ വീതിച്ചു. മക്കള്‍ക്ക്‌ പോലും ബന്ധുക്കളുടേതിനു തുല്യമായിട്ടാണ് നല്‍കിയത്. ഇതിനെ എത്ര പ്രശംസിച്ചാലും അധികമാവില്ല. പക്ഷെ, ഖുര്‍ആനും ഹദീസും അനുശാസിക്കുന്ന ചാര്‍ച്ച ചേര്‍ക്കലിന്റെ ശരിയായ താല്‍പ്പര്യം ബന്ധുക്കളെയും കുടുംബങ്ങളെയും സഹായിക്കാന്‍ ലഭിച്ച ഒരവസരവും പാഴാക്കാതിരിക്കുക എന്നതാണെന്ന് അദ്ദേഹം തെറ്റിദ്ധരിച്ചു..

  കുടുംബബന്ധം ചേര്‍ക്കാനുള്ള ഇസ്ലാമിന്റെ ആജ്ഞ വ്യക്തികളോടാണ്, ഭരണാധികാരിയോടല്ല.. തന്റെ ജീവിതത്തിലുടനീളം വ്യക്തി എന്ന നിലക്ക് ഉസ്മാന്‍ കാണിച്ച ഉദാരമായ സമീപനങ്ങള്‍ തീര്‍ച്ചയായും ചാര്‍ച്ച ചേര്‍ക്കലിന്റെ മഹത്തായ മാതൃക തന്നെ.. എന്നാല്‍ ഖലീഫ എന്ന നിലക്ക് സ്വന്തം ബന്ധുക്കളോട് ഗുണം ചെയ്യാന്‍, കുടുംബബന്ധം ചേര്‍ക്കാനുള്ള കല്‍പ്പന ഖിലാഫത്ത് എന്ന പദവിയുമായി ബന്ധപ്പെട്ടതല്ലല്ലോ.. അതിനാല്‍ ഖലീഫ എന്ന നിലക്ക് അദ്ദേഹം ബന്ധുക്കള്‍ക്ക് നല്‍കിയ പരിഗണന ഒരു പിഴവ് തന്നെയായിരുന്നു.. ഇത് പക്ഷെ ഉദ്ദേശത്തിലെ പിഴവല്ല, ബന്ധുക്കളോട് ഉദാരസമീപനം കാണിക്കുക എന്ന ഇസ്ലാമിക അധ്യാപനത്തിന്റെ കാര്യത്തില്‍ അദ്ദേഹത്തിനുണ്ടായിരുന്ന വീക്ഷണത്തിലെ പിഴവായിരുന്നു.. മറ്റൊരു വിധം പറഞ്ഞാല്‍ ഇജ്തിഹാദിലെ പിഴവ്..!""

 8. Kannazhuth Yousuf Ummer ഈ വിഷയത്തില്‍ ഉസ്താദ് കുര്‍ദ് അലി പറഞ്ഞ അഭിപ്രായം ആണ് എനിക്കും.. "ഹസ്രത് ഉസ്മാന്‍ തന്റെ ജനതയുടെയും ഗോത്രത്തിന്റെയും പിന്തുണ കൂടുതലായി ആശ്രയിച്ചത് അദ്ദേഹത്തിന്റെ രാഷ്ട്രീയതന്ത്രജ്ഞതയുടെ താല്പ്പര്യമായിരുന്നു. എന്തെന്നാല്‍ ഈയാളുകളില്‍ അദ്ദേഹത്തിനു പൂര്‍ണ്ണവിശ്വാസമുണ്ടായിരുന്നു.." (അല്‍ ഇദാറത്തുല്‍ ഇസ്ലാമിയ്യ പേജ് 103)

  തനിക്ക് പൂര്‍ണ്ണവിശ്വാസവും അവലംബിക്കാന്‍ എളുപ്പവും ആയ ആളുകള്‍ ഗവര്‍ണ്ണര്‍മാരായാല്‍ ഭരിക്കാന്‍ കൂടുതല്‍ എളുപ്പം ആകുമെന്ന് അദ്ദേഹം ചിന്തിച്ചു.. അത് അദ്ദേഹത്തിന്റെ ഒരു നയം ആണ്.. അതൊരിക്കലും ഹറാം അല്ല, പക്ഷെ പാളിപ്പോയ ഒരു നയതന്ത്രം ആണെന്നും പറയാതെ വയ്യ..

  ലേഖനത്തില്‍ നിന്നും:-

  ""തന്റെ ബന്ധുക്കള്‍ക്ക് അധികാരസ്ഥാനങ്ങള്‍ നല്കിയത് ശരീഅത്തില്‍ നിരോധിക്കപ്പെട്ട കാര്യമൊന്നുമല്ല. ഈ വിഷയത്തില്‍ മരണാസന്നവേളയില്‍ ഉമര്‍ നല്‍കിയ വസിയ്യത്ത്‌ പോലും നിര്‍ബന്ധമായും പാലിക്കേണ്ട ശരീഅത്ത് നിയമവുമല്ല.. ഉസ്മാന്‍ തന്റെ കുടുംബത്തില്‍ നിന്നും ഭരണരംഗത്തേക്ക് നിയമിച്ചയച്ച ഈ വ്യക്തികളെല്ലാം ഭരണ-സൈ നിക രംഗങ്ങളില്‍ യോഗ്യരും സമര്‍ത്ഥരുമായിരുന്നു എന്ന വസ്തുത ഒരാള്‍ക്കും നിഷേധിക്കാനും കഴിയില്ല.. എന്നാല്‍ യോഗ്യത ഇവരില്‍ മാത്രം പരിമിതമായിരുന്നില്ല. യോഗ്യരായ മറ്റനവധി പേരും ഉണ്ടായിരുന്നു.. ഖുറാസാന്‍ മുതല്‍ ഉത്തരാഫ്രിക്ക വരെ പടര്‍ന്നു പന്തലിച്ചു കിടക്കുന്ന ഒരു വലിയ സാമ്രാജ്യം മുഴുവന്‍ ഒരു കുടുംബത്തില്‍ നിന്നുള്ള ഗവര്‍ണ്ണര്‍മാരുടെ കീഴിലാവുകയും അതേ കുടുംബത്തില്‍ പെട്ട ഒരു വ്യക്തിയില്‍ കേന്ദ്രസെക്രട്ടറിയെറ്റിന്റെ ഉത്തരവാദിത്വം വരികയും അതേ കുടുംബത്തില്‍ പെട്ട ആള്‍ തന്നെ ഖലീഫ ആവുകയും ചെയ്യുന്നത് നൂറ്റാണ്ടുകള്‍ നീണ്ട ഗോത്രപക്ഷപാതിത്വത്തില്‍ നിന്നും മോചിതരായി വരുന്ന ജനങ്ങളില്‍ എത്രമാത്രം അമര്‍ഷം ഉണ്ടാക്കിയിട്ടുണ്ടാകും എന്ന് ഊഹിക്കാവുന്നതേ ഒള്ളൂ..""

 9. മരത്തിനു ഇത്രയും വിലയുള്ള ഇക്കാലത്ത് വെബ്സൈറ്റ് മുഴുവൻ മരം മേഞ്ഞത് ശെരിയായില്ല. പലകകളുടെ വലിപ്പം കാരണം മൊബൈലിൽ അങ്ങോട്ടും ഇങ്ങോട്ടും പോവാതെ കുറേ നേരം ഇരുന്നു. 🙂

Leave a Reply to Marvan Basheer Cancel reply

Your email address will not be published. Required fields are marked *