ഭാഗം 4 | അലിയും ഉസ്മാനും

(മൂന്നാം ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക)
പരമ്പരയെ കുറിച്ച് കൂടുതല്‍ അറിയുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

 

കാലം മാറുകയാണ്, ലോകവും…

ഐശ്വര്യത്തിന്റെ വെള്ളിവെളിച്ചങ്ങള്‍ പ്രകാശപൂരിതമാക്കിയ ഒരു നാടിന്റെ മുകളില്‍ കാര്‍മേഖങ്ങള്‍ ഉരുണ്ടുകൂടാന്‍ തുടങ്ങി.. മദീനാനഗരിയില്‍ കഴുകന്മാര്‍ വട്ടമിട്ട് പറക്കാന്‍ തുടങ്ങി.. രാജ്യത്തില്‍ പല ഭാഗങ്ങളിലും ചെറിയ ചെറിയ ഗൂഡാലോചനാസംഘങ്ങള്‍ പൊട്ടി മുളയ്ക്കാന്‍ തുടങ്ങി.. അവര്‍ക്കെല്ലാം ഒരേ ലക്‌ഷ്യം, ഒരേ ദൌത്യം… ഉസ്മാന്‍ സ്ഥാനഭ്രഷ്ടനാക്കപ്പെടണം..!

തുടക്കം ബസ്വറയിലായിരുന്നു.. അവിടുത്തെ ഗവര്‍ണ്ണര്‍ സഈദുബ്നുല്‍ ആസ് ആയിരുന്നു ഇവരുടെ മുഖ്യശത്രു.. അദ്ദേഹത്തിനെതിരെ അവര്‍ പല തവണ ഉസ്മാന് പരാതി കൊടുത്തിട്ടും കാര്യമുണ്ടായില്ല.. പിന്നെ സഈദിനെതിരെ പരസ്യമായ കലാപത്തിനുള്ള ആഹ്വാനങ്ങളായി.. എന്നാല്‍ നബിയുടെ പ്രിയതോഴന്‍ ഉസ്മാന് ജനങ്ങളിൽ ഉള്ള സ്വാധീനത്തിനും മേലെ ആയിരുന്നില്ല ഇവരുടെ സ്വാധീനം. സ്വര്‍ഗം കൊണ്ട് സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ട ആ മഹാന്‍ ഭരിക്കുന്ന നാട്ടില്‍ ഒരു കലാപത്തിനു ജനങ്ങള്‍ ധൈര്യപ്പെട്ടില്ല.

എന്നാല്‍ സ്ഥിതിഗതികള്‍ പതിയെ മാറാന്‍ തുടങ്ങി.. ബന്ധുക്കള്‍ക്ക് ഉസ്മാന്‍ വീണ്ടും വീണ്ടും സ്ഥാനമാനങ്ങളും ആനുകൂല്യങ്ങളും നല്‍കുന്നതും രാജ്യത്തെ മര്‍വ്വാന്റെ അധികാരവും ഉസ്മാന്റെ വിമര്‍ശകരില്‍ പ്രമുഖസഹാബികളെ വരെ എത്തിച്ചു.. ആയിഷയും ത്വല്‍ഹയും സുബൈറും അമ്മാറും എല്ലാം പരസ്യമായി തന്നെ ഉസ്മാന്‍റെ ചെയ്തികളെ വിമര്‍ശിക്കാന്‍ തുടങ്ങി.. ഇത് ഉസ്മാനെതിരെ ഉള്ള ഗൂഡാലോചനാ സംഘങ്ങളില്‍ ആളുകള്‍ കൂടാന്‍ കാരണമായി.. എത്രത്തോളമെന്നാല്‍ അവരിലെ മുന്‍നിരയില്‍ സാക്ഷാല്‍ അബൂബക്കറിന്റെ മകനും അലിയുടെ വളര്‍ത്തുമകനുമായ മുഹമ്മദ്‌ ബിന്‍ അബൂബക്കര്‍ വരെ എത്തി..

നാട് ഒരു വലിയ കലാപത്തിനായി കാത്തിരിക്കുകയാണെന്ന് അലി മനസ്സിലാക്കി. ഉസ്മാന്റെ ചെയ്തികളില്‍ വിയോജിപ്പ്‌ ഉണ്ടെങ്കിലും ഒരു കലാപം ഉണ്ടാവരുത് എന്ന് ആഗ്രഹിച്ച നല്ലവരായ ജനങ്ങള്‍ ഏകോപിച്ചു ഉസ്മാനോടു കാര്യങ്ങളുടെ പോക്കിനെ കുറിച്ച് സംസാരിക്കണം എന്ന് അലിയോടാവശ്യപ്പെടുകയും ചെയ്തു.. അതനുസരിച്ച് ഉസ്മാനെ ഒന്ന് കണ്ടു വിശദമായി സംസാരിക്കാന്‍ തന്നെ അലി തീരുമാനിച്ചു..

—————-

“വിശ്വാസികളുടെ നേതാവേ, ജനങ്ങള്‍ എന്റെ പിന്നിലുണ്ട്. താങ്കളുമായി കാര്യങ്ങള്‍ സംസാരിക്കണമെന്ന് അവരെന്നെ നിര്‍ബന്ധിക്കുന്നു. അല്ലാഹുവാണേ സത്യം, വാസ്തവത്തില്‍ താങ്കളോടെന്താണ് പറയേണ്ടതെന്ന് എനിക്ക് നിശ്ചയമില്ല.. താങ്കള്‍ക്കറിയാത്ത ഒന്നും എനിക്കറിവില്ല.. ഞങ്ങള്‍ക്കറിയാവുന്നത് താങ്കള്‍ക്കും അറിയാം.. താങ്കളെ പോലൊരാള്‍ക്ക് ഇതൊന്നും പറഞ്ഞു തരേണ്ട കാര്യവുമില്ല.. സദ്‌വൃത്തിയില്‍ താങ്കളെ കവച്ചുവെക്കുന്നയാളല്ല അബീഖുഹാഫയുടെ മകന്‍ അബൂബക്കര്‍. താങ്കളെ അപേക്ഷിച്ച് ഖത്വാബിന്റെ മകന്‍ ഉമര്‍ കൂടുതല്‍ നന്മ ചെയ്യുന്നവനുമല്ല. അവര്‍ക്കാര്‍ക്കുമില്ലാത്ത, ദൈവദൂതന്റെ രണ്ടു പുത്രിമാരുടെ ഭര്‍തൃപദം അലങ്കരിക്കുക എന്ന മഹാഭാഗ്യം താങ്കള്‍ക്ക് സിദ്ധിച്ചിട്ടുമുണ്ട്.. താങ്കളെ അജ്ഞതയില്‍ നിന്നും പ്രകാശത്തിലേക്ക് നയിക്കേണ്ട കാര്യമില്ല; അജ്ഞതയില്‍ നിന്നും വിജ്ഞാനത്തിലേക്കും മറ്റൊരാള്‍ ആനയിക്കേണ്ടതില്ല.. നേര്‍മാര്‍ഗം സ്പഷ്ടവും സുവിദിതവുമാണ്..

ഉസ്മാന്‍, താങ്കള്‍ക്കറിയാമല്ലോ, ദൈവസൃഷ്ടികളില്‍ ഉത്തമന്‍ സ്വയം സന്മാര്‍ഗം വരിക്കുകയും മറ്റുള്ളവരെ സന്മാര്‍ഗത്തില്‍ നയിക്കുകയും വ്യക്തമായ സുന്നത്തിനെ നിലനിര്‍ത്തുകയും പരിത്യാജ്യമായ ബിദ്അത്തിനെ കുഴിച്ചുമൂടുകയും ചെയ്ത നീതിമാനായ ഭരണാധിപനാണെന്ന്.. ജനങ്ങളില്‍ ദുഷ്ടന്‍ സ്വയം വഴികേടിലാവുകയും മറ്റുള്ളവരെ വഴികേടിലാക്കുകയും വ്യക്തമായ സുന്നത്തിനെ നശിപ്പിക്കുകയും പരിത്യാജ്യമായ ബിദ്അത്തിനെ പുനര്‍ജ്ജീവിപ്പിക്കുകയും ചെയ്ത അക്രമിയായ ഭരണാധിപനാണ്.. ദൈവദൂതന്‍ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ‘അന്ത്യനാളില്‍ അക്രമിയായ ഭരണാധിപന്‍ ദൈവസന്നിധിയില്‍ ഹാജരാക്കപ്പെടും. അവന്ന് യാതൊരു സഹായിയും ഉണ്ടായിരിക്കുന്നതല്ല. ഒഴികഴിവ് കേള്‍ക്കാനും ആരുമില്ല. അങ്ങനെ അവര്‍ നരകത്തിലേക്ക് എടുത്തെറിയപ്പെടും.. അതിനാല്‍ പ്രിയസഹോദരാ, താങ്കള്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ കേട്ടാലും..”

ശേഷം ജനങ്ങളുടെയും തന്റെയും എല്ലാ പരാതികളും അലി ഉസ്മാനെ ബോധിപ്പിച്ചു.. എല്ലാം കേട്ട ശേഷം ഉസ്മാന്‍ പ്രതിവചിച്ചു..

“അല്ലാഹുവാണേ, തീര്‍ച്ചയായും അവരങ്ങനെ പറയുമെന്ന് എനിക്കറിയാം. അല്ലാഹുവാണേ, താങ്കളാണ് എന്റെ സ്ഥാനത്തെങ്കില്‍ ഞാന്‍ താങ്കളെ അധിക്ഷേപിക്കുമായിരുന്നില്ല; കുറ്റം പറയുമായിരുന്നില്ല; ഒറ്റപ്പെടുത്തുമായിരുന്നില്ല.. ഞാന്‍ കുടുംബബന്ധം സ്ഥാപിച്ചുവെങ്കില്‍, സൗഹൃദം പുലര്‍ത്തിയെങ്കില്‍, ഉമര്‍ ഉദ്യോഗം നല്‍കിയവരെപ്പോലെയുള്ളവര്‍ക്ക് ഉദ്യോഗം നല്‍കിയെങ്കില്‍ അതൊരു തിന്മയല്ല. അലീ, താങ്കള്‍ പറയൂ.. ഞാന്‍ സ്ഥാനം നല്‍കിയവരില്‍ പലരും ഉമറിന്റെ കാലത്തും സ്ഥാനങ്ങള്‍ വഹിച്ചവരാണ്. ശരിയല്ലേ?”

അലി: “അതെ.. ശരിയാണ്..”

ഉസ്മാന്‍: “പിന്നെ എന്തിനു എന്നെ മാത്രം ജനങ്ങള്‍ കുറ്റപ്പെടുത്തണം..?”

അലി: “ഉമര്‍ ആരെയെങ്കിലും ഗവര്‍ണ്ണര്‍ ആക്കിയിട്ടുണ്ടെങ്കില്‍ അവന്റെ പിരടിക്ക് പിടിക്കുകയും ചെയ്യുമായിരുന്നു. അവന്നെതിരില്‍ ആരെങ്കിലും ഒരക്ഷരം ഉരിയാടിയാല്‍ മതി, ഉമര്‍ അവനെ തന്റെ സന്നിധിയില്‍ ഹാജരാക്കും. എന്നിട്ട്, അവനെ ശരിക്കും പാഠം പഠിപ്പിക്കുകയും ചെയ്യും. ഇത് താങ്കള്‍ ചെയ്യുന്നില്ല. താങ്കള്‍ സ്വയം ദുര്‍ബലനായിത്തീരുന്നു.. സ്വന്തം കുടുംബക്കാരോട് അധികം വിനയമായി പെരുമാറുകയും ചെയ്യുന്നു..”

ഉസ്മാന്‍: “അവര്‍ താങ്കളുടെ കൂടി ബന്ധുക്കളാണ്..”

അലി: “അതെ, തീര്‍ച്ചയായും അവര്‍ക്കെന്നോടുള്ള കുടുംബബന്ധം അടുത്തത് തന്നെ. പക്ഷെ, മറ്റുള്ളവരാണ് അവരേക്കാള്‍ ഉത്തമന്‍മാര്‍..”

ഉസ്മാന്‍: “ഉമര്‍ തന്റെ ഭരണകാലത്ത് മുആവിയയെ ഗവര്‍ണ്ണറാക്കി എന്ന് താങ്കള്‍ക്കറിയാമല്ലോ. ഉമറിനു ശേഷം മുആവിയയെ തല്‍സ്ഥാനത്ത് നിര്‍ത്തുക മാത്രമാണ് ഞാന്‍ ചെയ്തത്..”

അലി: “അല്ലാഹുവിനെ മുന്‍നിര്‍ത്തി ഞാന്‍ പറയട്ടെ, ഉമറിന്റെ ഭൃത്യന്‍ യര്‍ഫഅ് ഉമറിനെ ഭയപ്പെട്ടിരുന്നതിനേക്കാള്‍ മുആവിയ അദ്ദേഹത്തെ ഭയപ്പെട്ടിരുന്നെന്ന് താങ്കള്‍ക്കറിയാമല്ലോ..?”

ഉസ്മാന്‍: “അതെ..”

അലി: “എന്നാല്‍, ഇന്ന് താങ്കളറിയാതെ മുആവിയ സ്വന്തമായി തീരുമാനമെടുക്കുകയും അതേ പറ്റി ‘ഇത് ഉസ്മാന്റെ കല്‍പ്പനയാണ്’ എന്ന് ജനങ്ങളോട് പറയുകയും ചെയ്യുന്നു. മുആവിയയെക്കുറിച്ച ഇത്തരം സംഗതികള്‍ താങ്കള്‍ക്ക് വിവരം ലഭിച്ചിട്ടും അദ്ദേഹത്തോട് ഒരക്ഷരം ചോദിക്കുന്നു പോലുമില്ല..”

————–

അലിയുടെ ശ്രമങ്ങള്‍ പരാജയപ്പെടുകയായിരുന്നു.. വേണ്ട നടപടികള്‍ ഒന്നും ഉസ്മാന്‍ എടുത്തില്ല. നബിയുടെ മിമ്പറില്‍ നിന്ന് കൊണ്ട് ജനങ്ങളോട് ശാന്തരാവാന്‍ ആവശ്യപ്പെടാന്‍ ഉസ്മാനോടു അലി നിര്‍ദ്ദേശിച്ചു.. ഉസ്മാന്‍ അപ്രകാരം ചെയ്തു.. എന്നാല്‍ ഓരോ തവണ അലി വെള്ളവുമായി വരുമ്പോഴും മര്‍വ്വാന്‍ വീണ്ടും അഗ്നിയുമായി വരികയായിരുന്നു.. മിമ്പറില്‍ നിന്നും ഉസ്മാന്‍ സ്ഥലം വിട്ടാലുടന്‍ മര്‍വ്വാന്‍ ജനങ്ങളെ പ്രകോപ്പിച്ചു തുടങ്ങി..

അങ്ങനെ ആ തീ ആളിപ്പടര്‍ന്നു.. പ്രതിഷേധാഗ്നി കാതുകളില്‍ നിന്നും കാതുകളിലേക്ക്, മനസ്സുകളില്‍ നിന്നും മനസ്സുകളിലേക്ക് പടര്‍ന്നു കൊണ്ടേയിരുന്നു… ഉസ്മാനെതിരെയുള്ള ഗൂഡാലോചനസംഘങ്ങളിലെക്ക് പലരും ഇരച്ചുകയറി…

ഹിജ്രാബ്ദം 35ലെ ഒരു പ്രഭാതത്തില്‍ മദീന ഉണര്‍ന്നത് ഞെട്ടിക്കുന്ന ആ വാര്‍ത്തയും കേട്ടുകൊണ്ടാണ്..!!

—————-

അഞ്ചാം ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

RELATED ITEMS

One thought on “വീരനാം അലിയാര്‍ – ഭാഗം 4 | അലിയും ഉസ്മാനും

Leave a Reply

Your email address will not be published. Required fields are marked *