ഭാഗം 5| കലാപം..

(നാലാം ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക)
പരമ്പരയെ കുറിച്ച് കൂടുതല്‍ അറിയുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

 

അബ്ദുല്ലാഹിബ്നു സബഅ്.. ശപ്തനായ ഈ ജൂതന്‍റെ കരങ്ങള്‍ ഉസ്മാനെതിരെ ഉള്ള കലാപത്തില്‍ എത്രമാത്രം പങ്കു വഹിച്ചിട്ടുണ്ടെന്നറിയില്ല.. പക്ഷെ ഒന്നുറപ്പ്, അയാളുടെ ലക്‌ഷ്യം ഇസ്ലാമികരാഷ്ട്രത്തെ തകര്‍ക്കുക എന്നത് മാത്രമായിരുന്നു..

മദീനയില്‍ വന്ന ഇയാള്‍ നബിക്ക് ശേഷം അലി ഖലീഫ ആകണം എന്ന് ആഗ്രഹിച്ചിരുന്ന ചിലര്‍ ഉണ്ടായിരുന്ന വിവരം അറിഞ്ഞു.. അതയാള്‍ ശരിക്കും മുതലെടുത്തു.. ഉസ്മാന്‍റെ ഭരണത്തില്‍ ചിലര്‍ക്കുള്ള അമര്‍ഷവും ഇതും കൂട്ടിക്കുഴച്ചു നാടിന്‍റെ പല ഭാഗങ്ങളിലും ഇയാള്‍ ഉപജാപസംഘങ്ങളെ ഉണ്ടാക്കിയെടുത്തു.. ഉസ്മാന്‍റെ ചെയ്തികളെ പ്രതികൂലിച്ചിരുന്ന സഹാബിമാരുടെ പേരില്‍ വ്യാജക്കത്തുകള്‍ നിര്‍മ്മിച്ച്‌ കലാപത്തിന്‍റെ തീ ആളിക്കത്തിക്കാന്‍ ശ്രമങ്ങള്‍ തകൃതിയാക്കി.. ഉസ്മാന്‍റെ ഗവര്‍ണ്ണര്‍മാരില്‍ ഏറ്റവുമധികം എതിര്‍പ്പുകള്‍ നേടിയത് ഈജിപ്ഷ്യന്‍ ഗവര്‍ണ്ണര്‍ അബ്ദുല്ലാഹിബ്നു സഅദുബ്നു അബീസര്‍ഹ് ആയിരുന്നത് കൊണ്ടാകാം കലാപകാരികളുടെ പ്രധാനപ്രവര്‍ത്തനമേഖല ഈജിപ്ത് തന്നെയായിരുന്നു..

എന്നാല്‍ ഇയാളുടെ സ്വാധീനം കൊണ്ട് മാത്രം ഒരിക്കലും ഒരു കലാപം ഇസ്ലാമികരാഷ്ട്രത്ത് അരങ്ങേറില്ലായിരുന്നു.. എന്നാല്‍ ഉസ്മാന്‍റെ നിലപാടുകളിലുള്ള കടുത്ത അമര്‍ഷത്താല്‍ കലപാകാരികളുടെ നേതൃത്വത്തിലേക്ക് അബൂബക്കറിന്‍റെ മകനും അബൂഹുദൈഫയുടെ മകനും വന്നതോ​ടു കൂടി ചിത്രം മാറി.. ഉസ്മാന്‍റെ ഭരണത്തിന്‍റെ ആ പന്ത്രണ്ടാം വര്‍ഷം അവര്‍ അത് തീരുമാനിച്ചു കഴിഞ്ഞിരുന്നു.. ഉസ്മാന്‍ സ്ഥാനഭ്രഷ്ടനാക്കപ്പെടണം, സ്വയം അതിനു തയ്യാറല്ലെങ്കില്‍ ബലം പ്രയോഗിച്ച്…

———————–

മദീന ഒന്നടങ്കം ഞെട്ടലോടെയാണ് ആ വാര്‍ത്ത ശ്രവിച്ചത്.. രണ്ടായിരത്തോളം വരുന്ന കലാപകാരികള്‍ മദീനയിലേക്ക് വരുന്നു.. ഈ കലാപകാരികള്‍ ഈജിപ്ത്, കൂഫ, ബസ്വറ എന്നിവടങ്ങളില്‍ നിന്നുള്ളവരായിരുന്നു.. ഉംറ ചെയ്യാനെന്ന പേരില്‍ മദീനയെ ലക്ഷ്യമാക്കി നീങ്ങിയിരുന്ന ഇവരുടെ യഥാര്‍ത്ഥ ലക്‌ഷ്യം അബ്ദുല്ലാഹിബ്നു സഅദുബ്നു അബീസര്‍ഹ് ഉസ്മാനെ അറിയിച്ചു..

വിവരമറിഞ്ഞ ഉസ്മാന്‍ എത്രയും പെട്ടെന്ന് അലിയുടെ വീട്ടിലേക്ക് ചെന്നു കാര്യങ്ങള്‍ എല്ലാം അറിയിച്ചു.. ഏറെ ഭയന്നിരുന്ന സംഭവം നടക്കാന്‍ പോകുന്നതിന്‍റെ ഭീതി അലിയുടെ മുഖത്ത് അപ്പോള്‍ വ്യക്തമായിരുന്നു..

“അലീ… കുടുംബബന്ധത്തെ മുന്‍നിറുത്തി ഈ കുഴപ്പം അമര്‍ച്ച ചെയ്യാന്‍ എന്നെ സഹായിച്ചാലും..”

അലി നിരാശനായാണ് മറുപടി നല്‍കിയത്..

“അമീറുല്‍ മുഅ്മിനീന്‍.. ഞാനിതിനെ കുറിച്ച് അനേകം തവണ പറഞ്ഞതല്ലേ? ഞാനെന്താണ് ചെയ്യുക? ഈ പ്രശ്നങ്ങളെല്ലാം ഉണ്ടാക്കുന്നത് മര്‍വ്വാനും സഈദുബ്നുല്‍ ആസ്വിയും അബ്ദുല്ലാഹിബ്നു ആമിറും മുആവിയയുമൊക്കെയാണ്.. താങ്കള്‍ അവര്‍ പറയുന്നത് കേള്‍ക്കുകയല്ലാതെ എന്‍റെ വാക്കിനു ഒരു വിലയും കല്‍പ്പിക്കുന്നില്ല..”

“ശരി, താങ്കള്‍ പറയുന്നത് പോലെ ഞാന്‍ കേട്ടുകൊള്ളാം.. എന്നെ സഹായിക്കൂ അലീ..”

“എങ്കില്‍ താങ്കളീക്കാര്യം പള്ളിയില്‍ പോയി ജനങ്ങളോട് പറയുക.. അവരുടെ പരാതികള്‍ക്ക് താങ്കള്‍ വേണ്ട വിധം പരിഹാരം കാണും എന്നവരെ ബോധിപ്പിക്കുക.. ഈ കലാപകാരികള്‍ക്ക് താങ്കളുടെ മേല്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കാന്‍ ഒരു പഴുതും ഉണ്ടാവരുത്..”

ഉസ്മാന്‍ അ​തു പോലെ ചെയ്തു.. അലി ഏതാനും സഹാബികളെയും കൂട്ടി കലാപകാരികളോട് സംസാരിക്കാനായി പുറപ്പെട്ടു.. മദീനക്ക് പുറത്തു ജഹ്ഫയിലെത്തി അലി അവരുമായി സന്ധിച്ചു..

“എന്താണ് നിങ്ങളുടെ പ്രശ്നം? എന്തിനു വേണ്ടിയാണ് ഉംറ ചെയ്യാനെന്ന പേരും പറഞ്ഞു മദീനയെ ലക്ഷ്യമാക്കിയുള്ള നിങ്ങളുടെ ഈ നീക്കം?”

അവര്‍ കാര്യങ്ങള്‍ അലിയോടു പറഞ്ഞു.. ഉസ്മാനെതിരെ ഉള്ള പരാതികള്‍ ബോധിപ്പിച്ചു.. ഉസ്മാനെതിരെ ആരോപണങ്ങളുടെ ഒരു നീണ്ട പട്ടിക തന്നെ അവര്‍ അലിയുടെ മുന്നില്‍ അവതരിപ്പിച്ചു.. എന്നാല്‍, അതിലവരുന്നയിച്ച ആരോപണങ്ങളിലധികവും അടിസ്ഥാനരഹിതങ്ങളായിരുന്നു. വ്യക്തമായ മറുപടി നല്‍കാന്‍ കഴിയുന്ന അര്‍ത്ഥശൂന്യങ്ങളായ ആരോപണങ്ങള്‍.. അലി ആ ആരോപണങ്ങള്‍ക്ക് ഓരോന്നിനും വ്യക്തമായ മറുപടികള്‍ നല്‍കി ഉസ്മാന്‍റെ നിലപാട് വിശദീകരിച്ചു കൊടുത്തു.. അവരുടെ പരാതികള്‍ പരിഹരിക്കാന്‍ ഉസ്മാന്‍ തീരുമാനമെടുത്തിട്ടുണ്ടെന്നു അവരെ അറിയിക്കുകയും ചെയ്തു..

എന്തോ.. അലിയോടു അവര്‍ വല്ലാത്ത ബഹുമാനമാണ് കാണിച്ചത്.. അതിരുകവിഞ്ഞ ബഹുമാനം എന്ന് തന്നെ പറയാം.. ആ ദുരൂഹതക്ക് പിന്നില്‍ എന്തൊക്കെയോ ദുരുദ്ദേശങ്ങള്‍ ഉള്ള പോലെ അലി മണത്തു..

“ഹേ ജനങ്ങളെ, നിങ്ങളെന്തിനാണ് ഈ അതിരുകവിഞ്ഞ ആദരവ് എന്നോട് കാണിക്കുന്നത്.. ഞാന്‍ വെറുമൊരു സാധാരണക്കാരനാണ്.. നിങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വേണ്ട കാര്യങ്ങള്‍ ഉസ്മാന്‍ ചെയ്യാന്‍ തന്നെ തീരുമാനിച്ചിട്ടുണ്ട്.. അതിനാല്‍ ദയവു ചെയ്തു സംയമനത്തോടെ തിരിച്ചു പോവുക..”

അലിയുടെ ദൌത്യം വിജയിച്ചു എന്ന് തന്നെ പറയാം.. കലാപകാരികള്‍ തിരിച്ചു പോയി.. ഈജി​പ്തില്‍ നിന്നും വന്നവര്‍ ഈജിപ്തിലേക്കും ബസ്വറക്കാര്‍ ബസ്വറയിലേക്കും കൂഫക്കാര്‍ കൂഫയിലെക്കുമായി പിരിഞ്ഞു പോയി..

———————

പ്രശ്നങ്ങള്‍ തീര്‍ന്നെന്നു കരുതി എല്ലാവരും സമാധാനിച്ചിരിക്കെ ഏതാനും നാളുകള്‍ക്ക് ശേഷം വീണ്ടുമതാ അതേ ഞെട്ടിക്കുന്ന വാര്‍ത്ത.. തിരിച്ചു പോയ കലാപകാരികള്‍ ​മടങ്ങി വന്നിരിക്കുന്നു.. ഹിജ്രാബ്ദം 35 ശവ്വാല്‍ മാസത്തില്‍ ഹാജിമാരുടെ വേഷത്തില്‍ കലാപകാരികള്‍ മദീനയിലേക്ക് കടന്നു നഗരത്തെ നാലുപാടു നിന്നും വളഞ്ഞിരിക്കുന്നു…

അവരോടു തിരിച്ചുപോകാന്‍ സഹാബികള്‍ ആവശ്യപ്പെട്ടു. അവര്‍ ചെവികൊണ്ടില്ല.. വിവരമറിഞ്ഞ അലി എത്രയും പെട്ടെന്ന് അവരുടെ അടുത്തേക്ക് പോയി..

“ഹേ ബസ്വറക്കാരെ, ഹേ മി​സ്ര്‍കാരെ, ഹേ കൂഫക്കാരെ.. എല്ലാം നമ്മള്‍ സംസാരിച്ചതല്ലേ? നിങ്ങളുടെ ആരോപണങ്ങള്‍ക്ക് മറുപടി നല്കിയതല്ലേ? നിങ്ങളുടെ പരാതികള്‍ പരിഹരിക്കാം എന്ന് വാക്ക് തന്നതല്ലേ? പിന്നെ നിങ്ങള്‍ എന്തിനു വീണ്ടും മടങ്ങി വന്നു?

കൂട്ടത്തിലെ ഈജിപ്ത്കാര്‍ ഒരു കത്ത് ഉയര്‍ത്തി കാണിച്ചു കൊണ്ട് പറഞ്ഞു..

“താങ്കളീ കത്ത് കണ്ടോ? ഞങ്ങളെ കൊല്ലാന്‍ നിര്‍ദ്ദേശിച്ചു കൊണ്ട് ഖലീഫ അയച്ചതാണീ കത്ത്. ഖലീഫയുടെ ദൂതനില്‍ നിന്നും ഞങ്ങള്‍ പിടിച്ചതാണിത്.. സംശയമുണ്ടെങ്കില്‍ താങ്കള്‍ക്ക് പരിശോ​ധിക്കാം..”

കത്ത് നോക്കിയ അലി ആകെ അമ്പരക്കുകയാണുണ്ടായത്.. കത്തില്‍ ഉസ്മാന്‍റെ സീല്‍ ഉണ്ട്..

“നിങ്ങള്‍ക്കീ കത്ത് എങ്ങനെ കിട്ടി?”

മറുപടി പറഞ്ഞത് ഈജിപ്തുകാരാണ്.. “ഞങ്ങള്‍ നാട്ടിലേക്ക് മടങ്ങുമ്പോള്‍ വഴിയില്‍ വെച്ച് ഒരു സവാരിക്കാരന്‍ ഞങ്ങളുടെ വഴിതടഞ്ഞു. പെട്ടെന്ന് തന്നെ ഞങ്ങളില്‍ നിന്നകന്നുപോവുകയും ചെയ്തു. വീണ്ടും മടങ്ങിവരികയും വീണ്ടും തിരിച്ചുപോവുകയും ചെയ്തു. അയാള്‍ ഉസ്മാന്‍റെ ദൂതനാണെന്നു തിരിച്ചറിഞ്ഞ ഞങ്ങള്‍ അയാളെ പിടികൂടി കാര്യം തിരക്കി.. തന്‍റെ ദൌത്യം അറിയിച്ചാല്‍ അയാളുടെ ജീവന് സംരഷണം നല്‍കാം എന്ന് വാക്ക് തന്നാല്‍ പറയാമെന്നായി അയാള്‍.. ഞങ്ങള്‍ വാക്ക് കൊടുത്തപ്പോള്‍ അയാളാണ് ഞങ്ങളെ ഈ കത്ത് കാണിച്ചുതന്നത്.. കത്തില്‍ ഞങ്ങളെ വധിക്കണം എന്നും കൈകാലുകള്‍ ഛേദിക്കണം എന്നും ശൂലത്തില്‍ തറയ്ക്കണമെന്നും ഈജിപ്ഷ്യന്‍ ഗവര്‍ണ്ണര്‍ക്കുള്ള ഉസ്മാന്‍റെ ഉത്തരവായിരുന്നു.. ആ ദൂതന്‍ ഉസ്മാന്‍റെ ഭൃത്യന്‍ ആണ്, അയാള്‍ യാത്ര ചെയ്ത ഒട്ടകം ഉസ്മാന്‍റെ ഉടമസ്ഥതയിലുള്ളതുമാണ്, കത്തില്‍ ഉസ്മാന്‍റെ സീലുമുണ്ട്.. പറയൂ.. എല്ലാം പരിഹരിക്കാം എന്ന് നിങ്ങളുടെ വാക്ക് കേട്ട് സമാധാനപരമായി ഞങ്ങള്‍ തിരിച്ചു പോകവേ ഇങ്ങനെയൊരു കാര്യം കണ്ടാല്‍ ഞങ്ങള്‍ പിന്നെ എന്ത് ചെയ്യണം?”

അലിക്കൊന്നും വ്യക്തമായില്ല.. ഉസ്മാന്‍ അങ്ങനെ ചെയ്യുമോ? ഒരിക്കലുമില്ല.. പ്രശ്നങ്ങള്‍ പരിഹരിക്കാം എന്ന് വാക്ക് തന്ന ഈ വേളയില്‍ ഇങ്ങനെയൊരു കാര്യം ഉസ്മാന്‍ ഒരിക്കലും ചെയ്യില്ല..

“ഈ കാര്യം ഞാന്‍ ഉസ്മാനോടു തന്നെ തിരക്കിയിട്ടു വരാം.. അത് വരെ നിങ്ങള്‍ കുഴപ്പങ്ങള്‍ ഒന്നും ഉണ്ടാക്കാതെ ഇവിടെ തന്നെ നില്‍ക്കുക..”

——————————–

കത്ത് കണ്ട ഉസ്മാനും അമ്പരന്നു…

“സംശയമില്ല, ഇത് എനിക്കെതിരായ ശക്തമായ തെളിവ് തന്നെ. പക്ഷെ, അല്ലാഹുവാണേ, ഞാന്‍ അങ്ങനെ എഴുതുകയോ ആരെക്കൊണ്ടെങ്കിലും എഴുതിക്കുകയോ ചെയ്തിട്ടില്ല.. എനിക്ക് ഈ കത്തിനെ കുറിച്ച് ഒന്നും അറിയില്ല..”

ഉസ്മാനും അലിയും മറ്റു സഹാബികളും ഒന്നും മനസ്സിലാകാതെ പരസ്പരം മുഖത്തോട് മുഖം നോക്കി.. ഇങ്ങനെയൊരു വ്യാജക്കത്ത് ​ ആര​യച്ചു.? സീല്‍ വ്യാജമായി നിര്‍മ്മിക്കാം എന്ന് തന്നെ വയ്ക്കാം. പക്ഷെ ഉസ്മാന്‍റെ ഒട്ടകപ്പുറത്ത് സഞ്ചരിക്കുന്ന ഉസ്മാന്‍റെ ഭൃത്യന്‍റെ കയ്യില്‍ നിന്നാണ് ആ കത്ത് ലഭിച്ചത്.. പിന്നെയുള്ള ഒരേയൊരു സാധ്യത മര്‍വ്വാന്‍ ആണ്.. അയാളല്ലാതെ മറ്റാരും ഇങ്ങനെയൊരു നീചകൃത്യത്തിനു മുതിരാന്‍ സാധ്യതയില്ല.. മുമ്പും മര്‍വാന്‍ ഉസ്മാന്‍റെ പേരില്‍ ഇങ്ങനെ സ്വയം തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്.. അയാള്‍ക്കല്ലാതെ മറ്റാര്‍ക്കും ഉസ്മാന്‍റെ സീല്‍ ലഭിക്കില്ല, ഉസ്മാന്‍റെ ഒട്ടകം ലഭിക്കില്ല, ഉസ്മാന്‍റെ ഭൃത്യനെയും ലഭിക്കില്ല..

പക്ഷെ സമയമില്ല, മര്‍വ്വാനെ ചോദ്യം ചെയ്യാനോ ഇതിന്‍റെ പേരില്‍ ശിക്ഷിക്കാനോ ഉള്ള സാഹചര്യമല്ല ഇപ്പോള്‍.. മദീന ഒരുപറ്റം കലാപകാരികള്‍ വളഞ്ഞിരിക്കുകയാണ്.. ആദ്യം അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി പറഞ്ഞയക്കുകയാണ് വേണ്ടത്… അതിനാല്‍ അലിയും ത്വല്‍ഹയും സുബൈറും മറ്റു സഹാബിമാരും ചേര്‍ന്ന് അവരുടെ അടുത്തേക്ക് തന്നെ പോയി..

അലി അവരോടു പറഞ്ഞു..

“ഈ കത്ത് എഴുതിയത് ഉസ്മാന്‍ അല്ല. അദ്ദേഹത്തിനിതില്‍ യാതൊരു പങ്കുമില്ല.. ഇതാരോ അദ്ദേഹത്തിന്‍റെ പേരില്‍ കെട്ടിച്ചമച്ചതാണ്.. ദയവുചെയ്ത് നിങ്ങളെന്നെ വിശ്വസിക്കുക..”

കലാപകാരികളില്‍ ചിലര്‍ അതംഗീകരിച്ചെങ്കിലും ഭൂരിപക്ഷം പേരും അതിനെ തള്ളിക്കളഞ്ഞു… അവര്‍ അലിയോടു ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു..

“താങ്കള്‍ കണ്ടതല്ലേ.. അല്ലാഹുവിന്‍റെ ശത്രു ഞങ്ങളെ കുറിച്ച് എന്താണ് എഴുതിയിരിക്കുന്നത് എന്ന്.. അല്ലാഹുവാണേ, ഇപ്പോള്‍ അയാളുടെ രക്തം ഞങ്ങള്‍ക്ക് അനുവദനീയമാണ്.. അതിനാല്‍ ഞങ്ങളുടെ കൂടെ വന്നാലും..”

അലി കുപിതനായി മറുപടി നല്‍കി.. “അല്ലാഹുവാണേ, ഞാന്‍ നിങ്ങളുടെ കൂടെ വരില്ല, നിങ്ങളുടെ കൂടെ ചേരുന്ന പ്രശ്നമില്ല..”

“എല്ലാം പോട്ടെ, നിങ്ങളുടെ നിലപാട് ഇങ്ങനെയൊക്കെ ആണെങ്കില്‍ പിന്നെ എന്തിനാണ് അലീ താങ്കള്‍ ഞങ്ങള്‍ക്ക് കത്തുകള്‍ അയച്ചത്..?”

“കത്തോ? ഞാന്‍ നിങ്ങള്‍ക്ക് ഒരു കത്തും അയച്ചിട്ടില്ല..”

കലാപകാരികള്‍ പരസ്പരം നോക്കി.. നിങ്ങളുമായി ഇത്തരത്തില്‍ ബന്ധമില്ലായ്മ പ്രകടിപ്പിക്കുന്ന ഒരാള്‍ക്ക്‌ വേണ്ടിയാണോ നിങ്ങള്‍ യുദ്ധത്തിനു പുറപ്പെട്ടിരിക്കുന്നതെന്ന് ചോദിക്കുകയും ചെയ്തു..

ആര്‍ക്കും കാര്യങ്ങള്‍ വ്യക്തമായില്ല.. അലിയുടെയും ത്വല്‍ഹയുടെയും സുബൈറിന്‍റെയും എല്ലാം പേരില്‍ അവര്‍ക്ക് കത്തുകള്‍ ലഭിച്ചിട്ടുണ്ടത്രെ.. എന്തൊക്കെയാണ് സംഭവിക്കുന്നത്? ആരൊക്കെ ചേര്‍ന്നാണ് ഇതിന്‍റെ പിറകില്‍ കളിക്കുന്നത്..? ഒന്നും ആലോചിക്കാനോ കാര്യങ്ങള്‍ കൂടിയാലോചിച്ചു രമ്യമായി പരിഹരിക്കാനോ കഴിയുന്ന സാഹചര്യവുമില്ല.. കലാപകാരികളില്‍ ഭൂരിപക്ഷവും കലി തുള്ളി നില്‍ക്കുകയാണ്.. അലി അല്‍പ്പനേരത്തെ ആലോചനക്ക് ശേഷം ഈജിപ്തുകാരെ വിട്ടു ബസ്വറക്കാരോട് ചോദിച്ചു.

“ബസ്വറക്കാരെ, നിങ്ങള്‍ യാത്ര ചെയ്തു ഏറെ ദൂരം പിന്നിട്ടിരിക്കെ ഈജിപ്തുകാരുമായി ബന്ധപ്പെട്ട ഈ സംഭവം നിങ്ങള്‍ക്കെങ്ങനെ അറിയാന്‍ കഴിഞ്ഞു..? നിങ്ങള്‍ മൂന്നു കൂട്ടരും കൂടി എങ്ങനെ ഒരേ സമയം തന്നെ തിരിച്ചു വന്നു..? ഇത് മദീനയില്‍ ആവിഷ്കരിക്കപ്പെട്ട ഒരു പദ്ധതി തന്നെയാണ്…!!”

ഇത്രയും പറഞ്ഞു കലി തുള്ളി നില്‍ക്കുന്ന കലാപകാരികളെ വിട്ടു അലി കുപിതനായി തിരിച്ചുപോന്നു…!

———————————–

ആറാം ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

RELATED ITEMS

6 thoughts on “വീരനാം അലിയാര്‍ – ഭാഗം 5| കലാപം..

  1. ജൂത കുതന്ത്രങ്ങള്‍ അന്നും ഇന്നും ഇസ്ലാമിനെ വേട്ടയാടുന്നു എല്ലാം അറിഞ്ഞിട്ടും ഇന്നും മുസ്ലിങ്ങള്‍ അതില്‍ വീണു പോകുന്നു …

  2. Ali usman abbobakar umar ennokke parayumbol oru vishamam. Ulkollan kazhiyunnilla. Ali (r)usman (r)umar (r)aboobakar (r) enn ezhudikoode. ..valiya samayam onnum vendallo. …

  3. അവരുടെ പേര് പറയുമ്പോഴും കേള്‍ക്കുമ്പോഴും ആണ് അത് ചൊല്ലേണ്ടത്.. അതാണ്‌ ഇസ്ലാമിക നിര്‍ദ്ദേശം.. അവരുടെ പേര് എഴുതുമ്പോഴും ബ്രാക്കറ്റില്‍ 'സ' 'റ' എന്നൊക്കെ എഴുതണം എന്ന് ഇസ്ലാം നിഷ്കര്‍ഷിക്കുന്നില്ല എന്നാണു എന്റെ അറിവ്.. 🙂

  4. വളരെയധികം ഇഷ്ടപ്പെട്ടു. അള്ളാഹു അനുഗ്രഹിക്കട്ടെ….തക്കതായ പ്രതിഫലവും നല്‍കട്ടെ…ആമീന്‍. ഉമര്‍ റളി അല്ലാഹുവിന്റെ ശഹാദത്തിനെപറ്റിയുള്ള വിവരങ്ങള്‍ അറിയാന്‍ ആഗ്രഹം ഉണ്ട്. മുംബ് പോസ്റ്റ്‌ ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ ലിങ്ക് അറിയിച്ചാല്‍ മതി. അല്ലെങ്കില്‍ ആ വിവരങ്ങളും കൂടി സാധിക്കുമെങ്കില്‍ പോസ്റ്റ്‌ ചെയ്യണം.

Leave a Reply

Your email address will not be published. Required fields are marked *