ഭാഗം 6| ഒരു വേദനിപിക്കുന്ന ഏട്..

(അഞ്ചാം ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക)
പരമ്പരയെ കുറിച്ച് കൂടുതല്‍ അറിയുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

 

ചരിത്രത്തില്‍ ചില ഏടുകളുണ്ട്.. ചരിത്രമാകുന്ന അതിമനോഹരഗ്രന്ഥംവായിക്കുമ്പോള്‍ അതില്‍ ഒരിക്കലും വായിക്കാന്‍ ആഗ്രഹിക്കാത്ത ചില ഏടുകള്‍.. ചരിത്രത്തിലെ ഓര്‍മ്മകളില്‍ നമ്മളൊരിക്കലും ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത ഓര്‍മ്മകള്‍.. പാപത്തിന്‍റെ നിണമണിയാന്‍ പോകുന്ന താഴ്വരകളുടെ ഭീതിജനകമായ ചിത്രങ്ങള്‍ അലിയെ ഇപ്പോള്‍ വല്ലാതെ ആശങ്കാകുലനാക്കുന്നുണ്ടാവാം.. അദ്ദേഹം അല്‍പ്പനേരം പള്ളിയിലിരുന്നു.. അല്‍പ്പനേരം ദൈവത്തോട് സംസാരിക്കണം..

“അലി… കാര്യങ്ങള്‍ കൂടുതല്‍ വഷളായിരിക്കുന്നു.. ഉസ്മാന്‍റെ വീട് കലാപകാരികള്‍ ഉപരോധിചിരിക്കുന്നു…” പള്ളിയിലേക്ക് ധൃതിയില്‍ കയറി വന്നുകൊണ്ട് ആരോ പറഞ്ഞു..

——————–

കലാപകാരികളിലെ പ്രതിനിധികള്‍ ഉസ്മാനോട് സംസാരിക്കുന്നു.. അവരുടെ കയ്യില്‍ ആ കത്തുമുണ്ട്..

“ഞങ്ങളെ വധിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഈ കത്തയച്ചത് നിങ്ങളല്ലേ?”

“ദൈവമാണേ, എനിക്കീ കത്തിനെ കുറിച്ച് ഒന്നുമറിയില്ല..”

ഇത് കേട്ടതും കലാപകാരികള്‍ അലറി..

“നിങ്ങള്‍ ഇനി ഖലീഫ ആയിരിക്കാന്‍ യോഗ്യനല്ല, നിങ്ങളാണ് ഈ കത്ത് എഴുതിയതെങ്കില്‍ വ്യക്തമായും നിങ്ങള്‍ ഈ പദവിക്ക് യോഗ്യനല്ലാതായിരിക്കുന്നു.. ഇനി നിങ്ങളല്ല, വേറെ ആരെങ്കിലുമാണ് നിങ്ങളുടെ പേരില്‍ ഇത് എഴുതിയതെങ്കില്‍ പോലും നിങ്ങളീ പദവിക്ക് യോഗ്യനല്ല.. നിങ്ങളുടെ അറിവ് പോലുമില്ലാതെ ഇത്തരം അതിഗൗരവകരമായ ആജ്ഞകള്‍ പുറപ്പെടുവിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുന്നുവെങ്കില്‍ നിങ്ങളൊരിക്കലും ഈ രാഷ്ട്രത്തിന്‍റെ നേതാവായി തുടരരുത്.. അതിനാല്‍ ഖിലാഫത്ത് സ്ഥാനം ഒഴിയാന്‍ നിങ്ങളോട് ഞങ്ങള്‍ ആവശ്യപ്പെടുന്നു..”

ഉസ്മാന്‍ ശാന്തനായി മറുപടി നല്‍കി..

“ദൈവം എന്നെ അണിയിപ്പിച്ച വിശേഷവസ്ത്രം അഴിക്കാന്‍ ഞാന്‍ ഒരുക്കമല്ല. എന്നോട് എന്‍റെ നബി നല്‍കിയ വസിയ്യത്ത്‌ ആണത്.. അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ട്.. ‘അല്ലാഹു എപ്പോഴെങ്കിലും ഒരു വിശേഷവസ്ത്രം താങ്കളെ അണിയിച്ചാല്‍ ആളുകള്‍ ആവശ്യപ്പെട്ടാലും അതഴിക്കരുത്..’ “

ഇത് കേട്ട് കുപിതരായ കലാപകാരികള്‍ ഉപരോധം ശക്തമാക്കി.. മദീന ആകമാനം അവര്‍ വളഞ്ഞു.. മദീനയുടെ നിയന്ത്രണം പോലും രണ്ടായിരത്തോളം ആളുകള്‍ വരുന്ന ആ സൈന്യത്തിന്‍റെ കയ്യിലായി.. ഉസ്മാനെ വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ പോലും സമ്മതിക്കാത്ത വിധമായി കാര്യങ്ങള്‍.. ഉസ്മാന്‍ സ്ഥാനത്യാഗം ചെയ്യുന്നത് വരെ ഉപരോധം തുടരും എന്നതായിരുന്നു അവരുടെ നിലപാട്..

കലാപകാരികളുടെ ഭാഗത്ത് നിന്നും സ്ഥാനത്യാഗത്തെ കുറിച്ച ആവശ്യം ശക്തമായപ്പോള്‍ തന്നെ ഉസ്മാന്‍ ഇബ്നു ഉമറുമായി കൂടിയാലോചിച്ചു.. “കുറച്ചാളുകള്‍ ആസംതൃപ്തി പ്രകടിപ്പിക്കുമ്പോഴേക്കും സ്ഥാനത്യാഗം ചെയ്യുന്ന ഒരു സമ്പ്രദായത്തിനു അങ്ങ് വഴിതുറക്കരുത്” എന്നായിരുന്നു ഇബ്നു ഉമറിന്‍റെ മറുപടി.. അതിനാല്‍ തന്നെ കലാപകാരികള്‍ പറഞ്ഞത് കൊണ്ടുമാത്രം സ്ഥാനത്യാഗം ചെയ്യില്ല എന്ന നിലപാടില്‍ ഉസ്മാന്‍ ഉറച്ചുനിന്നു..

——————–

അലിക്ക് കാര്യങ്ങളുടെ ഗൌരവം വ്യക്തമായി.. അദ്ദേഹം എത്രയും പെട്ടെന്ന് ഉസ്മാനെ ചെന്ന് കണ്ടു

“അമീറുല്‍ മുഅ്മിനീന്‍, താങ്കള്‍ ഒരു വാക്ക് പറഞ്ഞാല്‍ മതി, താങ്കളുടെ സംരക്ഷണാര്‍ത്ഥം ഈ അക്രമികളെ നേരിടാന്‍ വേണ്ടി അലിയുടെ കൈകള്‍ വീണ്ടും ദുല്‍ഫിഖാര്‍ അണിയും..”

“വേണ്ട അലീ.. എന്‍റെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി മാത്രം ഒരാളുടെ പോലും രക്തം ചിന്തരുത്.. ഞാന്‍ അതിന് അനുവാദം തരില്ല..”

നിരാശനായി അലി പള്ളിയിലേക്ക് തന്നെ മടങ്ങി.. പള്ളിയിലെത്തിയ അലിയെ അവിടെ കൂടിയവര്‍ നമസ്കാരത്തിന് നേതൃത്വം നല്‍കാന്‍ ആവശ്യപ്പെട്ടു.. “ഇമാം ബന്ധിയായിരിക്കെ നമസ്കാരത്തിന് നേതൃത്വം നല്‍കാന്‍ ഞാനില്ല” എന്നും പറഞ്ഞ് അലി ഒറ്റക്ക് നമസ്കരിച്ചു.. അലിയുടെ മനസ്സ് പ്രക്ഷുബ്ധമായിരുന്നു..

ശേഷം അദ്ദേഹം തന്‍റെ മക്കളെ വിളിച്ചു വരുത്തി.. കലാപകാരികള്‍ ഉസ്മാനെ ആക്രമിക്കുന്നതില്‍ നിന്നും അദ്ദേഹത്തെ സംരക്ഷിക്കുക എന്ന നിര്‍ദ്ദേശവുമായി ഹസനെയും ഹുസൈനെയും അലി ഉസ്മാന്‍റെ വീട്ടിലേക്ക് പറഞ്ഞയച്ചു..

——————–

കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമാകുകയാണ്.. ഓരോ ദിനം കൂടുംതോറും ഉപരോധം തീവ്രമായി കൊണ്ടിരിക്കുന്നു.. കലാപകാരികളില്‍ ചിലര്‍ ഉസ്മാന്‍റെ വീട്ടില്‍ അതിക്രമിച്ചു കയറി ബലം പ്രയോഗിച്ചു അദ്ദേഹത്തെ സ്ഥാനഭ്രാഷ്ടനാക്കാന്‍ ആലോചിച്ചു.. എന്നാല്‍ തങ്ങളുടെ മുന്നില്‍ ഉസ്മാന് സംരക്ഷണവലയം തീര്‍ത്തു നില്‍ക്കുന്ന നബിപൌത്രന്മാരെയും, സഹാബിപുത്രന്മാരെയും കണ്ടപ്പോള്‍ അവരുടെ മനസ്സ് പതറി.. ഹസനും ഹുസൈനും മാത്രമല്ല, ത്വല്‍ഹയുടെ മകനും സുബൈറിന്‍റെ മകനും അബൂഹുറൈറയും എല്ലാം ഉസ്മാനെ സംരക്ഷിക്കാന്‍ അവിടെ ഉണ്ടായിരുന്നു.. കൂടെ മര്‍വ്വാനും..

കലാപകാരികള്‍ക്കിടയില്‍ അബൂബക്കറിന്‍റെ മകനും അലിയുടെ വളര്‍ത്തുമകനുമായ മുഹമ്മദ്‌, അബൂഹുദൈഫയുടെ മകന്‍ മുഹമ്മദ്‌.. അവരില്‍ നിന്നും ഉസ്മാനെ സംരക്ഷിക്കാന്‍ വേണ്ടി എന്തിനും തയ്യാറായി ഉസ്മാനു സംരക്ഷണവലയം തീര്‍ത്തു കൊണ്ട് അലിയുടെ മക്കള്‍, തല്‍ഹയുടെയും സുബൈറിന്‍റെയും മക്കള്‍.. ഒരു മഹത്തായ ആദര്‍ശം കെട്ടിപ്പടുക്കാന്‍ വേണ്ടി തോളോട് തോള്‍ ചേര്‍ന്ന് നബിക്ക് പിറകില്‍ അണിനിരന്ന, രക്തബന്ധങ്ങള്‍ക്കും മേലെ പരസ്പരം സ്നേഹിച്ച മഹാന്മാരുടെ മക്കള്‍ ഇന്ന് മുഖാമുഖം.. ചരിത്രത്തിന്‍റെ ഏടുകളില്‍ തങ്കം ഒലിച്ചു പോയ ലിപികള്‍..!

ഉപരോധം അനുദിനം ശക്തിപ്പെട്ടു കൊണ്ടിരുന്നു.. ഒരൊറ്റ മുദ്രാവാക്യത്തില്‍ കലാപകാരികള്‍ ഉറച്ചു നില്‍ക്കുകയാണ്.. ‘ഉസ്മാന്‍ സ്ഥാനം ഒഴിയണം!.. ‘ 

ഇങ്ങനെ പോയാല്‍ ശരിയാകില്ല എന്ന് ഉസ്മാന്‍റെ സംരക്ഷകര്‍ക്കും തോന്നി.. എതിര്‍ഭാഗത്തുള്ളത് രണ്ടായിരത്തോളം ആളുകളാണ്.. മദീന പോലും ഇപ്പോള്‍ അവരുടെ നിയന്ത്രണത്തിലാണ്. അവര്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ ഒരു സൈന്യത്തെ സജ്ജമാക്കട്ടെ എന്ന് അവര്‍ ഉസ്മാനോട് അനുവാദം തേടി.. പക്ഷെ ഖലീഫ അനുവാദം നല്‍കുകയുണ്ടായില്ല.. ഉസ്മാന്‍റെ ശരീരത്തില്‍ ഒരു പോറല്‍ വീഴുന്നത് പോലും ഒഴിവാക്കാന്‍ മരിക്കാന്‍ വരെ തയ്യാറായ എഴുന്നൂറോളം പേര്‍ അപ്പോള്‍ മദീനയില്‍ മാത്രം ഉണ്ടായിരുന്നു.. അന്‍സാറുകള്‍ ഒന്നടങ്കം ഉസ്മാന് വേണ്ടി യുദ്ധം ചെയ്യാന്‍ സന്നദ്ധമാണെന്ന് സൈദ്‌ ബിന്‍ സാബിത് പറഞ്ഞപ്പോഴും ഉസ്മാന്‍ അതേ മറുപടി തന്നെ നല്‍കി.. ‘യുദ്ധമോ, വേണ്ട..’.. തന്‍റെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി മാത്രം ഒരാളുടെ പോലും രക്തം ചിന്തരുത്, മുസ്ലിംകള്‍ തമ്മില്‍ പരസ്പരം യുദ്ധം ചെയ്യാന്‍ താന്‍ കാരണക്കാരനാകരുത്‌ എന്ന നിലപാടില്‍ ആ മഹാനായ മനുഷ്യന്‍ ഉറച്ചുനിന്നു..

——————

മുഗീറത്തുബ്നു ശുഅ്ബ ഉസ്മാനു മുമ്പില്‍ മൂന്നു നിര്‍ദ്ദേശങ്ങള്‍ വച്ചു..

“അമീറുല്‍ മുഅ്മിനീന്‍, ഒന്നുകില്‍ താങ്കള്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങുക.. ഈ കലാപകാരികളോട് യുദ്ധം ചെയ്യുക. നിങ്ങള്‍ക്ക് വേണ്ടി മരിച്ചു വീഴാന്‍ ഇവിടെ ആളുകളുണ്ട്.. താങ്കളാണ് സത്യമാര്‍ഗത്തില്‍. അതിനാല്‍ വിജയവും താങ്കള്‍ക്കായിരിക്കും.. അതിനു സമ്മതമല്ലെങ്കില്‍ മദീന വിടുക.. താങ്കളെ സുരക്ഷിതനായി ഞങ്ങള്‍ മക്കയിലെത്തിക്കാം. പുണ്യനഗരിയില്‍ വച്ചു അവര്‍ നിങ്ങള്‍ക്കെതിരെ യുദ്ധം ചെയ്യില്ല.. അതിനും സമ്മതമല്ലെങ്കില്‍ സിറിയയിലേക്ക് പോവുക.. അവിടെ നിങ്ങളെ സംരക്ഷിക്കാനായി മുആവിയ ഉണ്ടാകും..”

“അല്ലയോ മുഗീറാ, താങ്കള്‍ക്ക് നന്ദി.. എന്നാല്‍ ഈ മൂന്നു നിര്‍ദ്ദേശങ്ങളും എനിക്ക് സ്വീകാര്യമല്ല.. ആദ്യത്തെ നിര്‍ദ്ദേശം ഞാന്‍ സ്വീകരിക്കില്ല, കാരണം മുസ്ലിംകളുടെ രക്തം ചിന്തുന്ന ആദ്യത്തെ ഖലീഫ ആകാന്‍ എനിക്ക് താല്‍പ്പര്യമില്ല.. രണ്ടാമത്തെ നിര്‍ദ്ദേശവും എനിക്ക് സ്വീകാര്യമല്ല, കാരണം വിശുദ്ധനഗരി അതുമൂലം അപകടത്തില്‍ ആവാനുള്ള സാധ്യതയെ ഞാന്‍ ഭയപ്പെടുന്നു.. മൂന്നാമത്തെ നിര്‍ദ്ദേശവും എനിക്ക് സ്വീകാര്യമല്ല, കാരണം എന്‍റെ കഴുത്ത് തുണ്ടം തുണ്ടമായി ഛേദിക്കപ്പെട്ടാല്‍ പോലും എന്‍റെ നബിയുടെ സാമീപ്യം ഉപേക്ഷിക്കാന്‍ ഞാന്‍ ഒരുക്കമല്ല. ഈ മദീനയിലാണ് എന്‍റെ നബി ഉറങ്ങുന്നത്.. ജീവിക്കുന്നുവെങ്കിലും മരിക്കുന്നുവെങ്കിലും അതിവിടെ തന്നെ..”

ഉസ്മാന്‍റെ നിലപാടറിഞ്ഞ മുആവിയ ഒരു സിറിയന്‍ സൈന്യത്തെ ഉസ്മാനെ സംരക്ഷിക്കാനായി നിയമിക്കാം എന്ന് പറഞ്ഞു.. ഉസ്മാന്‍ അതും വിലക്കി..

“നബിയുടെ അയല്‍ക്കാര്‍ക്ക് ഭക്ഷണം കുടുസ്സാക്കുകയോ..?” പുറത്തുനിന്നു വരുന്ന സൈന്യത്തെ കൂടി പോറ്റെണ്ടി വരുമ്പോള്‍ മദീനക്കാര്‍ക്ക് കിട്ടിക്കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങളില്‍ കുറവ് വരുന്നതിനെ അദ്ദേഹം ഇഷ്ടപ്പെട്ടില്ല.. തന്‍റെ ഉപദേശം മാനിച്ചില്ലെങ്കില്‍ ജീവന്‍ കുരുതി കൊടുക്കേണ്ടി വരും എന്ന് മുആവിയ മുന്നറിയിപ്പ് നല്‍കി..

“ഹസ്ബുനല്ലാഹ് വനിഅ്മല്‍ വകീല്‍.” എന്ന പ്രാര്‍ത്ഥന മാത്രമായിരുന്നു ഉസ്മാന്‍റെ മറുപടി..

———————

അല്ലയോ ഉസ്മാന്‍, താങ്കള്‍ എന്തൊരു മനുഷ്യനാണ്..!!
സ്വന്തം ജീവന്‍ സംരക്ഷിക്കാന്‍ വേണ്ടി ആളുകള്‍ എന്തും ചെയ്യാന്‍ മടിക്കാത്ത ഈ ലോകത്ത് താങ്കള്‍ക്ക് വേണ്ടി മരിക്കാന്‍ ആയിരങ്ങള്‍ സജ്ജരായിട്ടും സ്വന്തം ജീവന് വേണ്ടി ഒരാളുടെ പോലും രക്തം ചിന്തരുത് എന്ന് ശഠിച്ച മഹാനായകാ, താങ്കള്‍ നബിയുടെ ഉത്തമശിഷ്യന്‍ തന്നെ എന്ന് ഓരോ മുസ്ലിമും സാക്ഷ്യപ്പെടുത്തുന്നു.. താങ്കള്‍ ഒരിക്കലും ഒരു രാജാവായിരുന്നില്ല. താങ്കളുടെ സ്ഥാനത്ത് ഒരു രാജാവായിരുന്നുവെങ്കില്‍ തന്‍റെ അധികാരസംരക്ഷണത്തിന് വേണ്ടി എന്തും ചെയ്യാന്‍ അയാള്‍ മടിക്കുമായിരുന്നില്ല.. മദീനാനഗരി ഛിന്നഭിന്നമായിപ്പോയാലും അന്‍സാറുകളും മുഹാജിറുകളും ഒന്നടങ്കം വധിക്കപ്പെട്ടാലും വിശുദ്ധരായ പ്രവാചകപത്നിമാര്‍ അപമാനിക്കപ്പെട്ടാലും പ്രവാചകന്‍റെ പള്ളി രക്തപങ്കിലമായാലും അതൊന്നും അവര്‍ക്ക് പ്രശ്നമാകുമായിരുന്നില്ല.. എന്നാല്‍ താങ്കള്‍ ഒരു യഥാര്‍ത്ഥ ഖലീഫ തന്നെ.. ഇവയ്ക്കൊന്നും ഒരു പോറല്‍ പോലും ഏല്‍ക്കാതിരിക്കാന്‍ താങ്കള്‍ സ്വന്തം ജീവന്‍ തന്നെയാണല്ലോ ബലി കൊടുക്കുന്നത്..

ഉസ്മാന്‍റെ വീട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്നത് പോലും കലാപകാരികള്‍ തടഞ്ഞു.. വെള്ളം കൊണ്ടുവരാന്‍ അലിയോടു ഉസ്മാന്‍ ആവശ്യപ്പെട്ടു എന്നറിഞ്ഞപ്പോള്‍ അലി നിസ്സഹായനായി കരയുകയായിരുന്നു.. എന്ത് ചെയ്യും? ദുല്‍ഫിഖാര്‍ ഇപ്പോഴും തുരുമ്പിച്ചിട്ടില്ല, കൈകളുടെ കരുത്തിനു ഇപ്പോഴും ഒരു കുറവുമില്ല.. ഉസ്മാന്‍റെ ഒരു മൗനാനുവാദം മതി, കലാപകാരികളെ നേരിടാന്‍ ഖൈബറിന്‍റെ കോട്ടവാതില്‍ തകര്‍ത്ത ആ കൈകള്‍ മാത്രം മതി.. പക്ഷെ… ഉസ്മാന്‍ ഒന്നിനും അനുവാദം തരുന്നില്ലല്ലോ..

എങ്കിലും കുടിവെള്ളവുമായി അലി ഉസ്മാന്‍റെ അടുക്കലേക്ക് ചെല്ലുക തന്നെ ചെയ്തു.. പക്ഷെ കലാപകാരികള്‍ ആരെയും അകത്തു കടക്കാന്‍ അനുവദിച്ചില്ല.. ഉസ്മാന്‍റെ വീട്ടിലേക്ക് വെള്ളവും ഭക്ഷണവുമായി ചെന്ന നബിപത്നി ഉമ്മുഹബീബയെ കലാപകാരികള്‍ ഭര്‍ത്സിച്ചു. കഴുതപ്പുറത്ത് വച്ചിരുന്ന ഭക്ഷണത്തിന്‍റെ ഭാണ്ഡക്കെട്ടുകള്‍ അവര്‍ കെട്ടറുത്തു.. നബിപത്നി ഉമ്മുഹബീബ വരെ അപമാനിക്കപ്പെട്ടു എന്നറിഞ്ഞപ്പോള്‍ അത്യധികം വിഷമത്തിലായിപ്പോയ ആയിഷ ‘ഈ അവിവേകതിന്‍റെ കുത്തിയൊഴുക്കില്‍ എനിക്കുകൂടി അപമാനം ഏറ്റുവാങ്ങാന്‍ വയ്യ’ എന്നും പറഞ്ഞു മദീനവിട്ടു മക്കത്തേക്ക് പോയി..

പക്ഷെ മദീനക്കാര്‍ ആരും തന്നെ ഇത് ഉസ്മാന്‍റെ വധത്തില്‍ കലാശിക്കും എന്ന് കരുതിയിരുന്നില്ല..

———————-

ഉസ്മാന്‍റെ വലിയ വീടിന്‍റെ പ്രവേശനകവാടത്തിനു പുറത്തു ഉസ്മാന്‍റെ സ്ഥാനത്യാഗം ആവശ്യപ്പെട്ടു കൊണ്ട് അലമുറയിട്ടു നില്‍ക്കുന്ന ആയിരക്കണക്കിന് കലാപകാരികള്‍..

ഉസ്മാന്‍ ഒരേയൊരു ആയുധം മാത്രമേ ആ കലാപകാരികള്‍ക്കെതിരെ പ്രയോഗിച്ചുള്ളൂ.. അദ്ദേഹത്തിന്‍റെ ശാന്തവും ദയാവായ്പ്പുമുള്ളതുമായ വാക്കുകള്‍.. തന്‍റെ വീടിന്‍റെ മേല്‍ത്തട്ടില്‍ കയറിനിന്ന് അദ്ദേഹം പലവട്ടം കലാപകാരികളെ ശാന്തമായി അഭിസംബോധന ചെയ്തു..

“അല്ലയോ ജനങ്ങളേ.. ഇത് ഞാനാണ്.. ഉസ്മാന്‍.. നിങ്ങളുടെ നബിയുടെ ശിഷ്യന്‍.. നിങ്ങളുടെ നബി എന്നില്‍ തൃപ്തിപ്പെട്ടതാണ്.. എന്നെ ഖലീഫ ആയി തെരഞ്ഞെടുത്തത് ജനങ്ങളാണ്. ഞാന്‍ മുസ്ലിംകളുടെ സമ്മതമില്ലാതെ വാള് കൊണ്ട് അധികാരം നേടിയവനല്ല, എന്നാല്‍ നിങ്ങളെന്നെ വാള് കൊണ്ട് സ്ഥാനഭ്രാഷ്ടനാക്കാന്‍ ശ്രമിക്കുകയാണോ?”

പക്ഷെ അതൊന്നും കലാപകാരികള്‍ക്കിടയില്‍ വില പോയില്ല..

ദിവസങ്ങള്‍ നീണ്ടു പോവുകയാണ്.. ഉപരോധം തുടങ്ങിയിട്ടിപ്പോള്‍ നാല്‍പ്പത് ദിവസം ആവാനായി.. ഉസ്മാന്‍ ഖുര്‍ആന്‍ പാരായണവുമായി തന്‍റെ വീട്ടില്‍ തന്നെ കഴിഞ്ഞു കൂടി, കുടിവെള്ളം പോലുമില്ലാതെ.. ഖുര്‍ആന്‍ ആയിരുന്നു അദ്ദേഹത്തിന്‍റെ ദാഹജലം..

ഇതിനിടയ്ക്ക് കലാപകാരികള്‍ കൂലങ്കഷമായ ചര്‍ച്ചയിലായിരുന്നു.. ഹജ്ജ് കാലമാണ് വരാന്‍ പോകുന്നത്.. ഹജ്ജായാല്‍ ഇസ്ലാമികരാഷ്ട്രത്തിന്‍റെ നാനാഭാഗത്ത് നിന്നും ജനങ്ങള്‍ മക്കയിലെത്തും.. സംഗതി അറിഞ്ഞ് അവരെല്ലാവരും കൂടി വന്നാല്‍ തങ്ങളുടെ നിയന്ത്രണത്തില്‍ നിന്നും കാര്യങ്ങള്‍ കൈവിട്ടു പോകും.. അതിനാല്‍ എന്തെങ്കിലും ചെയ്യണമെന്നുണ്ടെങ്കില്‍ ഹജ്ജിനു മുമ്പ് ചെയ്യണം..

കാര്യങ്ങളുടെ പോക്ക് അപകടത്തിലേക്കാണെന്ന് ഹസന്‍, ഹുസൈന്‍ ഇബ്നു ഉമര്‍ തുടങ്ങിയവര്‍ മനസ്സിലാക്കി.. അവസാനമായി ഒരിക്കല്‍ കൂടി കലാപകാരികളെ നേരിടാന്‍ അവര്‍ ഉസ്മാന്‍റെ അനുവാദം ചോദിച്ചു.. ‘ഏറ്റുമുട്ടലിനൊന്നും നില്‍ക്കാതെ സ്വന്തം വീട്ടിലേക്ക് മടങ്ങിപൊയ്ക്കോളൂ’ എന്നായിരുന്നു ഉസ്മാന്‍റെ പുഞ്ചിരിയോടെയുള്ള മറുപടി.. അങ്ങനെ അവര്‍ നിരാശരായി മടങ്ങി.. ഹസ്സന്‍ അല്‍പ്പനേരം കൂടി അവിടെ നിന്നു.. പതിയെ അദ്ദേഹവും മനസില്ലാമനസ്സോടെ മടങ്ങി.. അദ്ദേഹത്തിന്‍റെ കണ്ണുകള്‍ അപ്പോള്‍ നിറഞ്ഞിരുന്നു…

ഉസ്മാന്‍ അന്ന് രാത്രി മനോഹരമായ ഒരു സ്വപ്നം കണ്ടു.. സ്വപ്നത്തില്‍ അദ്ദേഹത്തിന് മുന്നില്‍ ദൈവദൂതന്‍ പുഞ്ചിരിതൂകി കടന്നുവന്നു.. ഉസ്മാന്‍റെ ആ പ്രിയനായകന്‍ ഉസ്മാനോടു പറഞ്ഞു.. ‘താങ്കള്‍ക്ക് സഹായം വേണമെങ്കില്‍ സഹായം അയക്കപ്പെടും, അതല്ല താങ്കള്‍ക്ക് ഈ സായാഹ്നം ഞങ്ങളുടെ കൂടെ നോമ്പ് തുറക്കണമെന്നാണെങ്കില്‍ ഞങ്ങള്‍ താങ്കളെ സ്വാഗതം ചെയ്യുന്നു..’

‘എനിക്ക് രണ്ടാമത്തേതു മതി നബിയേ.. രണ്ടാമത്തേത് മതി..’ നബിയുടെ കൈകളില്‍ മുത്തം വച്ച് ഉസ്മാന്‍ കരഞ്ഞു…

————————

തൊട്ടുടനെയുള്ള ദിവസം.. പ്രവേശനകവാടത്തില്‍ ഉസ്മാന്‍റെ സംരക്ഷണത്തിനായി നില്‍ക്കുന്ന സഹാബിപുത്രന്മാര്‍ അറിയാതെ കലാപകാരികളില്‍ ചിലര്‍ പിറകുവശത്ത് കൂടിയും മതില്‍ ചാടിയും എല്ലാം കൂട്ടമായി അകത്ത് കടക്കാന്‍ തുടങ്ങി.. ഹസനും ഹുസൈനും ഇബ്നു സുബൈറും എല്ലാം സംഗതി അറിഞ്ഞപ്പോഴേക്കും പലരും അകത്ത് കടന്നിരുന്നു.. ഉസ്മാന്‍റെ വീട്ടിലേക്ക് ഉസ്മാനെ സംരക്ഷിക്കാനായി ഓടാന്‍ തുനിഞ്ഞ അവരെ കലാപകാരികള്‍ തടഞ്ഞുനിര്‍ത്തി.. വാളുകള്‍ തമ്മില്‍ ഏറ്റുമുട്ടി.. ഇബ്നു സുബൈറിനും ഹസനും പരിക്കേറ്റു.. ആയിരക്കണക്കിന് ആളുകള്‍ നാല് ഭാഗത്തുമായി നില്‍ക്കുമ്പോള്‍ അവര്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും..?

ഉസ്മാന്‍റെ വീടിനകത്തേക്ക് അക്രമികള്‍ പ്രവേശിക്കുമ്പോള്‍ ഉസ്മാന്‍ ഖുര്‍ആന്‍ പാരായണം ചെയ്യുകയായിരുന്നു.. അദ്ദേഹം നോമ്പ്കാരനുമായിരുന്നു.. തന്നെ ആക്രമിക്കാനായി വരുന്ന അക്രമിസംഘത്തിന്‍റെ മുന്നില്‍ നില്‍ക്കുന്ന ആളെ ഉസ്മാന്‍ പുഞ്ചിരിയോടെ നോക്കി.. തന്‍റെ അബൂബക്കറിന്‍റെ മകന്‍.. എന്നാല്‍ മുഹമ്മദ്‌ ഇബ്ന്‍ അബൂബക്കര്‍ അതൊന്നും ഗൌനിക്കാതെ ഉസ്മാന്‍റെ താടിയില്‍ കടന്നുപിടിച്ചു..

ഉസ്മാന്‍ അപ്പോഴും ശാന്തനായി അദ്ദേഹത്തെ നോക്കി പുഞ്ചിരിച്ചു..

“എന്‍റെ അബൂബക്കറിന്‍റെ മോനെ.. നിന്‍റെ ഉപ്പ ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ എനിക്കിങ്ങനെയൊക്കെ സംഭവിക്കുമായിരുന്നോ? അദ്ദേഹം ഒരിക്കലും നിന്‍റെ പ്രവൃത്തി ഇഷ്ടപ്പെടുമായിരുന്നില്ല..”

ഒരു നിമിഷം.. മുഹമ്മദിന്‍റെ പിടിയൊന്നയഞ്ഞു.. ആ കണ്ണുകള്‍ നിറഞ്ഞു. കണ്ഠനാളത്തില്‍ ഒരു വേദന.. മനസ്സിലൂടെ ആയിരം ചിത്രങ്ങള്‍ കടന്നുപോയി.. തന്‍റെ പിതാവിന്‍റെ കൂട്ടുകാരന്‍… നബിയുടെ ഇടവും വലവുമായി തന്‍റെ പിതാവിന്‍റെ കൂടെ ഇസ്ലാമിന് വേണ്ടി എന്നെന്നും നിലനിന്ന മനുഷ്യന്‍.. അയാളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.. കയ്യിലെ ആയുധം അയാളറിയാതെ താഴെ വീണു.. മുഹമ്മദ്‌ തിരിച്ചു നടന്നു, നിറകണ്ണുകളുമായി.. ചുറ്റുപാട് നിന്നും ഉയരുന്ന അലര്‍ച്ചകളും ആക്രോശങ്ങളും ഏതാനും നിമിഷത്തേക്ക് നിശബ്ദമായതായി അയാള്‍ക്ക് തോന്നി.. വീട്ടില്‍ നിന്നും ഇറങ്ങി നടക്കുമ്പോള്‍ അയാള്‍ തിരിഞ്ഞു നോക്കിയില്ല..

ആ സമയത്ത് കൂടെ ഉണ്ടായിരുന്ന മറ്റു കലാപകാരികള്‍ ഉസ്മാന്‍റെ, നബിയുടെ ആ പ്രിയപ്പെട്ട കൂട്ടുകാരന്‍റെ തലക്ക് ഒരു കോടാലി കൊണ്ട് അടിക്കുകയായിരുന്നു, വാള്‍ കൊണ്ട് ക്രൂരമായി കുത്തിക്കൊല്ലുകയായിരുന്നു.. ശിരസ്സ് കഴുത്തില്‍ നിന്നും ഛേദിച്ചെടുക്കുകയായിരുന്നു… അദ്ദേഹം പാരായണം ചെയ്തു കൊണ്ടിരുന്ന ഖുര്‍ആനില്‍ ആ രക്തം ചിന്തി…

ഇസ്ലാമികരാഷ്ട്രം കണ്ട ഏറ്റവും വേദനാജനകമായ കാഴ്ചകള്‍…..

——————————–

ഏഴാം ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

RELATED ITEMS

11 thoughts on “വീരനാം അലിയാര്‍ – ഭാഗം 6 | ഒരു വേദനിപിക്കുന്ന ഏട്..

  1. 6 ആം ഭാഗംഇറങ്ങിയോഇല്ലയോഎന്നൊക്കെസംശയത്തില്‍ആയിരുന്നു ഇന്നദിവസം ഇറങ്ങുംഎന്ന് ഒരുമുന്നറിയിപ്പുണ്ടായാല്‍ വളരെ ഉപകാരമായിരുന്നു

  2. “ദൈവം എന്നെ അണിയിപ്പിച്ച വിശേഷവസ്ത്രം അഴിക്കാന്‍ ഞാന്‍ ഒരുക്കമല്ല. എന്നോട് എന്‍റെ നബി നല്‍കിയ വസിയ്യത്ത്‌ ആണത്.. അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ട്.. ‘അല്ലാഹു എപ്പോഴെങ്കിലും ഒരു വിശേഷവസ്ത്രം താങ്കളെ അണിയിച്ചാല്‍ ആളുകള്‍ ആവശ്യപ്പെട്ടാലും അതഴിക്കരുത്..’ “

  3. ഉസ്മാന്‍ അപ്പോഴും ശാന്തനായി അദ്ദേഹത്തെ നോക്കി പുഞ്ചിരിച്ചു..

    “എന്‍റെ അബൂബക്കറിന്‍റെ മോനെ.. നിന്‍റെ ഉപ്പ ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ എനിക്കിങ്ങനെയൊക്കെ സംഭവിക്കുമായിരുന്നോ? അദ്ദേഹം ഒരിക്കലും നിന്‍റെ പ്രവൃത്തി ഇഷ്ടപ്പെടുമായിരുന്നില്ല

  4. ദുല്‍ഫിഖാര്‍ ഇപ്പോഴും തുരുമ്പിച്ചിട്ടില്ല, കൈകളുടെ കരുത്തിനു ഇപ്പോഴും ഒരു കുറവുമില്ല.. ഉസ്മാന്‍റെ ഒരു മൗനാനുവാദം മതി, കലാപകാരികളെ നേരിടാന്‍ ഖൈബറിന്‍റെ കോട്ടവാതില്‍ തകര്‍ത്ത ആ കൈകള്‍ മാത്രം മതി.. പക്ഷെ… ഉസ്മാന്‍ ഒന്നിനും അനുവാദം തരുന്നില്ലല്ലോ..

  5. ചരിത്രത്തില്‍ തങ്കം ഒലിച്ചുപോയ ലിപികള്‍ വായിക്കുമ്പോള്‍ കണ്ണുകള്‍ കള്‍ നിറഞ്ഞു കൊണ്ടേ ഇരിക്കും.

Leave a Reply to Aman Ponnoos Cancel reply

Your email address will not be published. Required fields are marked *