ഭാഗം 7 | വീരപുലി

(ആറാം ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക)
പരമ്പരയെ കുറിച്ച് കൂടുതല്‍ അറിയുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

 

ഇസ്ലാമികരാഷ്ട്രം ഒന്നടങ്കം ആ വാര്‍ത്ത കേട്ട് ഞെട്ടിത്തരിച്ചു പോയി.. അലിയും ആയിഷയും ത്വല്‍ഹയും സുബൈറും, ഉസ്മാനെ വിമര്‍ശിച്ചവരും ഉസ്മാനെ പിന്തുണച്ചവരും അങ്ങനെ എല്ലാവരും ഒന്നടങ്കം തലയില്‍ കൈ വച്ച് പോയി.. നബിയുടെ പ്രിയ ശിഷ്യന്‍, നബിയുടെ രണ്ടു പുത്രിമാരെ വിവാഹം കഴിക്കാന്‍ ഭാഗ്യം സിദ്ധിച്ച മനുഷ്യന്‍, ഇസ്ലാമിക രാഷ്ട്രത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരിയാണ് പട്ടാപ്പകല്‍ പച്ചവെള്ളം പോലും കുടിക്കാന്‍ അനുവദിക്കപ്പെടാതെ കൊല്ലപ്പെട്ടത്.. സത്യത്തില്‍ ആരും ഇത് ഉസ്മാന്റെ വധത്തില്‍ കലാശിക്കും എന്ന് കരുതിയിരുന്നില്ല.. ഉപരോധം ചെയ്തു മടുക്കുമ്പോള്‍ കലാപകാരികള്‍ തിരിച്ചു പൊയ്ക്കോളും എന്ന പ്രതീക്ഷയിലായിരുന്നു പലരും.. നബിയാല്‍ തന്നെ അംഗീകരിക്കപ്പെട്ട മനുഷ്യനെ കൊല്ലാന്‍ മാത്രം അവര്‍ മുതിരുമെന്ന് ആരും പ്രതീക്ഷിച്ചില്ല..

ആ സമയത്ത് മദീനയില്‍ കലാപകാരികളാല്‍ കൊടും ക്രൂരതകള്‍ അരങ്ങേറുകയായിരുന്നു.. ഉസ്മാനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഉസ്മാന്റെ ഭാര്യ നാഇലയുടെ കൈവിരല്‍ നഷ്ടമായി.. കലാപകാരികള്‍ ഉസ്മാന്റെ വീട് കൊള്ളയടിച്ചു.. മദീനയാകെ അവരുടെ നിയന്ത്രണത്തിലായിരുന്നു. ഉസ്മാന്റെ മൃതദേഹം പോലും മറമാടാന്‍ സമ്മതിക്കാതെ അവര്‍ മദീനയില്‍ വിളയാടുകയായിരുന്നു.. ആര്‍ക്കും അവരെ നേരിടാനോ ഉസ്മാന്റെ മൃതദേഹം അവരെ മറികടന്നു മറമാടാനോ ധൈര്യമുണ്ടായിരുന്നില്ല..

ഒടുവില്‍, നബിയുടെ കാലം മുതലേ ആളുകള്‍ പലപ്പോഴും ഭയന്ന് പിന്മാറുമായിരുന്ന വെല്ലുവിളികളിലെല്ലാം ധൈര്യസമേതം മുന്നിലേക്ക് ഇറങ്ങിയ ആ വീരപുലി തന്നെ ഇക്കുറിയും മുന്നില്‍ ഇറങ്ങി.. കലാപകാരികളോട് താന്‍ ഉസ്മാന്റെ ശരീരം മറമാടാന്‍ പോവുകയാണ് എന്ന് ധീരമായി പറഞ്ഞു. എല്ലാവരെയും തടഞ്ഞിരുന്ന കലാപകാരികള്‍ അലിയെ മാത്രം തടഞ്ഞില്ല.. അങ്ങനെ പതിനേഴോളം പേര്‍ ചേര്‍ന്ന് മദീനയില്‍ തന്നെ ഉസ്മാന്റെ ശരീരം ഖബറടക്കി..

—————————-

പക്ഷെ വലിയൊരു പ്രശ്നം ആ സമയത്ത് സഹാബികളെയും കലാപകാരികളെയും ഒരേ പോലെ നേരിടുന്നുണ്ടായിരുന്നു..  റോം മുതല്‍ യമന്‍ വരെയും അഫ്ഘാനിസ്ഥാന്‍ മുതല്‍ ഉത്തരാഫ്രിക്ക വരെയും പരന്നുകിടക്കുന്ന പ്രവിശാലമായ ഒരു രാഷ്ട്രവും മുസ്ലിം സമുദായവും ഒരു നാഥന്‍ ഇല്ലാതെ കഴിച്ചു കൂട്ടുകയാണ്.. ഇങ്ങനെ പോയാല്‍ ഇസ്ലാമികരാഷ്ട്രത്തിന് നിലനില്‍പ്പുണ്ടാവില്ല.. റോമാസാമ്രാജ്യമോ പേര്‍ഷ്യാസാമ്രാജ്യമോ വിവരമറിഞ്ഞാല്‍..? അവര്‍ ഒരു ആക്രമണത്തിന് മുതിര്‍ന്നാല്‍..? എല്ലാവരും ഈ ഒരു അവസ്ഥയില്‍ ഭയചകിതരായിരുന്നു..

ഉസ്മാന്റെ രക്തസാക്ഷിത്വത്തിനു ശേഷം അഞ്ചു ദിവസം വരെ മദീനക്കാരും മദീനാ ഗവര്‍ണ്ണര്‍ ഗാഫിഖുബ്നു ഹര്‍ബും നേതൃത്വമേറ്റെടുക്കാന്‍ ആരെങ്കിലും മുന്നോട്ടു വരുമെന്ന പ്രതീക്ഷയിലായിരുന്നു.. ഉമര്‍ മരിക്കും മുമ്പ് നിര്‍ദ്ദേശിച്ച ആറംഗസമിതിയിലെ നാലുപേരും ആ സമയത്ത് മദീനയില്‍ ഉണ്ടായിരുന്നു.. പക്ഷെ അങ്ങനെ ആരെങ്കിലുമായാല്‍ പോരാ.. ഇസ്ലാമികരാഷ്ട്രം ഇന്ന് പഴയ പോലെയല്ല.. അതിന്റെ ഭരണാധികാരി പോലും ക്രൂരമായി കൊല്ലപ്പെട്ടിരിക്കുന്നു.. അതിന്റെ കാപ്പിറ്റല്‍ തന്നെ കലാപകാരികളാല്‍ നിയന്ത്രിക്കപ്പെട്ടിരിക്കുന്നു.. രാജ്യമൊട്ടുക്ക് ഊഹാപോഹങ്ങള്‍ പടര്‍ന്നു പന്തലിക്കുകയാണ്.. ഇതുപോലൊരു ഭീകരമായ സാഹചര്യത്തില്‍ ഭരണത്തില്‍ പ്രതിഭയാകാന്‍ പോന്ന ഒരാളെ തന്നെ നിയമിച്ചേ പറ്റൂ.. ഉമറിനെ പോലെ കര്‍ക്കശക്കാരനും ദീര്‍ഘവീക്ഷണവും നയതന്ത്രജ്ഞതയും ഉള്ള, അബൂബക്കറിനെ പോലെ ഇഹലോകത്തോട് വിരക്തിയും പരലോകത്തോട് ആസക്തിയും ഉള്ള ഒരാളെ ആണ് കാലം തേടുന്നത്.. എല്ലാ കണ്ണുകളും അലിയിലേക്കായിരുന്നു..

അലി.. ‘ഞാന്‍ വിജ്ഞാനത്തിന്റെ പട്ടണം ആണ്, അലി അതിന്റെ കവാടമാണ്’ എന്ന് നബിയാല്‍ വിശേഷിപ്പിക്കപ്പെട്ട അലി.. മൂസാക്ക് ഹാറൂന്‍ എന്ന പോലെ മുഹമ്മദ്‌ കണ്ട അലി.. കരുത്തനും ധീരനും പണ്ഡിതനുമായ അലി.. ഇസ്ലാമികരാഷ്ട്രം ഇതുപോലൊരു പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ അതിനെ നയിക്കാനും നേര്‍വഴിയിലേക്ക് കൊണ്ടുവരാനും എന്തുകൊണ്ടും യോഗ്യനായ വ്യക്തി..

ആദ്യം കലാപകാരികളാണ് അലിയോടു ഈ ആവശ്യം ഉന്നയിച്ചത്.. അലി അവരോടു ക്ഷുപിതനാവുകയായിരുന്നു.. “അത്  തീരുമാനിക്കാന്‍ നിങ്ങള്‍ക്ക് അര്‍ഹതയില്ല…” എന്നായിരുന്നു അലിയുടെ മറുപടി..

ശേഷം മറ്റു ചിലരും അലിയോടു ഈ ആവശ്യം ഉന്നയിച്ചു.. അവരോടു അലി ശാന്തമായി മറുപടി നല്‍കി..

“കൂടിയാലോചനാസമിതിയും ബദറില്‍ പങ്കെടുത്തവരുമാണ് അത് തീരുമാനിക്കേണ്ടത്. കൂടിയാലോചനാസമിതിയും ബദറില്‍ പങ്കെടുത്തവരും ആരെ ഖലീഫയാക്കാന്‍ ആഗ്രഹിക്കുന്നുവോ അദ്ദേഹം ഖലീഫയാകും. നമുക്ക് ഒരുമിച്ചുകൂടാം. ഈ പ്രശ്നത്തെ കുറിച്ച് ചര്‍ച്ച ചെയ്യാം..”

എന്നാല്‍ മുഹാജിറുകളും അന്‍സാറുകളും ബദറില്‍ പങ്കെടുത്തവരും ആയ ആളുകള്‍ തന്നെ അലിയെ സമീപിക്കാന്‍ തുടങ്ങി..

“ഈ വ്യവസ്ഥിതി ഒരു നേതാവിനെ കൂടാതെ നിലനില്‍ക്കുകയില്ല. ജനങ്ങള്‍ക്കൊരു ഇമാം അനിവാര്യമാണ്. ഈ സ്ഥാനത്തേക്ക് താങ്കളേക്കാള്‍ അര്‍ഹനായ മറ്റൊരു വ്യക്തിയെ ഞങ്ങള്‍ കാണുന്നില്ല.. മുന്‍കാലസേവനങ്ങള്‍ കൊണ്ടോ പ്രവാചകനുമായുള്ള അടുപ്പം കൊണ്ടോ താങ്കളെ കവച്ചുവെക്കുന്ന ഒരാളും ഇന്നില്ല”

പക്ഷെ ഈ അപേക്ഷ അലി നിരസിക്കുകയാണുണ്ടായത്.. ജനങ്ങള്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു.. ഒടുവില്‍ അദ്ദേഹം പറഞ്ഞു..

“എന്നാല്‍ എനിക്ക് ബൈഅത്ത് ചെയ്യുന്നത് രഹസ്യമായിട്ടാവരുത്. മുഴുവന്‍ മുസ്ലിംകളുടെയും പൂര്‍ണ്ണസമ്മതത്തോടെയും സംതൃപ്തിയോടെയും മാത്രമേ പാടുള്ളൂ..”

എല്ലാവരും സമ്മതിച്ചു.. പിറ്റേന്ന് മസ്ജിദുന്നബവിയില്‍ വച്ചു പൊതുസഭ കൂടാനും അവിടെ വച്ച് പരസ്യബൈഅത്ത് ചെയ്യാനും തീരുമാനമായി..

അന്ന് രാത്രി പള്ളിയില്‍ ഇരുന്നു ദൈവത്തോട് സംസാരിക്കുമ്പോള്‍ അലിയുടെ നെഞ്ചിലെ തീ എത്രത്തോളം ആയിരിക്കും.. ഇസ്ലാമികരാഷ്ട്രം ഇന്ന് പഴയ രാഷ്ട്രമല്ല.. സമ്പത്തും സൌഭാഗ്യങ്ങളും കണ്ടു കണ്ണ് മഞ്ഞളിച്ചു പോയ, അതില്‍ ആകൃഷ്ടരായി അതില്‍ വീണുപൊയ്കൊണ്ടിരിക്കുന്ന ഒട്ടനവധി ജനങ്ങള്‍ ഉള്ള രാഷ്ട്രമാണ് ഇന്നിത്.. രാജ്യമൊട്ടുക്കും പ്രതിഷേധങ്ങളും കലാപങ്ങളും അരങ്ങേറാന്‍ തുടങ്ങിയിരിക്കുന്നു.. കുതന്ത്രികളും കുബുദ്ധികളുമായ ആളുകള്‍ ഭരണസിരാകേന്ദ്രങ്ങളില്‍ വരെ എത്തിപ്പെട്ടിട്ടുണ്ട്.. എല്ലാറ്റിനും പുറമേ നബിയുടെ നഗരി കലാപകാരികളുടെ കയ്യിലുമായിരിക്കുന്നു.. ഇവിടെ നിന്നാണ് തുടങ്ങേണ്ടത്.. ഈ രാഷ്ട്രത്തെയാണ് അതിന്റെ യഥാര്‍ത്ഥ സ്വഭാവത്തിലെക്കും പ്രഭാവത്തിലേക്കും പ്രൌഡിയിലേക്കും കൊണ്ട് പോവേണ്ടത്..

‘ദൈവമേ.. ആകാശഭൂമികളുടെ നാഥാ.. നീയാണ് ഏക ആശ്രയം, അവലംബം.. പ്രതിസന്ധികളില്‍ തുണയാകണേ.. പ്രശ്നങ്ങളില്‍ സഹായം ആകണേ..’

——————————

പിറ്റേന്ന്, മസ്ജിദുന്നബവിയില്‍ പൊതുസഭ കൂടി. മുഴുവന്‍ മുഹാജിറുകളും അന്‍സാറുകളും മറ്റു ജനങ്ങളും അവിടെവച്ച് അലിക്ക് ബൈഅത്ത് ചെയ്തു.. ബൈഅത്തിനു ശേഷം അലി ജനങ്ങളെ അഭിമുഖീകരിച്ചു ശാന്തവും പ്രൌഡവുമായ വാക്കുകളില്‍ പ്രസംഗിച്ചു..

“ദൈവം തന്റെ ഗ്രന്ഥത്തെ മാര്‍ഗദര്‍ശനമായി അവതരിപ്പിച്ചിരിക്കുന്നു. നന്മയും തിന്മയും അതില്‍ സുവ്യക്തമായി വിവരിച്ചിട്ടുണ്ട്. അതിനാല്‍ നന്മ സ്വീകരിക്കുക. തിന്മയില്‍ നിന്ന് അകന്നുനില്‍ക്കുകയും ചെയ്യുക.. പരലോകജീവിതമാകണം നിങ്ങളുടെ പ്രതീക്ഷ.. ദൈവം പല കാര്യങ്ങള്‍ക്കും പവിത്രത നല്‍കിയിട്ടുണ്ട്. അവയില്‍ ഏറ്റവും കൂടുതല്‍ പവിത്രത നല്‍കിയിട്ടുള്ളത് മുസ്ലിംകള്‍ക്കാണ്.. തൌഹീദിലൂടെയും ഇഖ്ലാസിലൂടെയും അവരുടെ അവകാശത്തെ അവന്‍ സുദൃഡമായി ഉറപ്പിക്കുകയും ചെയ്തിരിക്കുന്നു.. ദൈവദാസന്മാരുടെയും ഭൂമിയുടെയും അവകാശങ്ങള്‍ പൂര്‍ത്തീകരിക്കുന്നതില്‍ ദൈവത്തെ ഭയപ്പെടുക. ജന്തുജാലങ്ങളുടെ കാര്യത്തില്‍ പോലും അന്ത്യനാളില്‍ നിങ്ങള്‍ വിചാരണ ചെയ്യപ്പെടും.. വിചാരണയുടെയും ശരീഅത്ത് നിയമങ്ങള്‍ നടപ്പിലാക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തിലൊഴികെ, നമ്മുടെ നാവില്‍ നിന്നും കരങ്ങളില്‍ നിന്നും ഓരോ മുസ്ലിമും സുരക്ഷിതരായിരിക്കണം.. ദൈവത്തെ അനുസരിക്കണമെന്നും അവനെ ധിക്കരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും ഞാന്‍ നിങ്ങളെ ഉപദേശിക്കുന്നു..  എന്നില്‍ നിന്ന് വല സല്‍പ്രവൃത്തിയും കാണുകയാണെങ്കില്‍ നിങ്ങള്‍ അത് കൈകൊള്ളുക, ദുഷ്പ്രവൃത്തിയാണ്‌ കാണുന്നതെങ്കില്‍ ഒട്ടും അമാന്തിക്കാതെ തള്ളിക്കളയുക..”

ജനങ്ങളെ, നിങ്ങളില്‍ പെട്ട ഒരു സാധാരണ മനുഷ്യനാണ് ഞാന്‍. നിങ്ങള്‍ക്കുള്ള അവകാശങ്ങള്‍ എനിക്കുമുണ്ട്. നിങ്ങള്‍ ഭരമേല്‍പ്പിക്കപ്പെട്ട ബാധ്യതകളില്‍ നിന്ന് ഞാനും ഒഴിവല്ല. നിങ്ങളുടെ പ്രവാചകന്‍ നിര്‍ദ്ദേശിച്ച പന്ഥാവിലൂടെ നിങ്ങളെ നയിക്കാനും അവിടുത്തെ ആജ്ഞകള്‍ നടപ്പില്‍ വരുത്താനുമാണ് ഞാന്‍ ആഗ്രഹിക്കുന്നത്..

അറിയുക, ഉസ്മാന്‍ പതിച്ചുകൊടുത്ത ഭൂമികളും നല്‍കിയ ദാനങ്ങളും ബൈത്തുല്‍മാലിലേക്ക് തിരിച്ചടക്കേണ്ടതാണ്. കാരണം, സത്യത്തെ ഒന്നും തന്നെ ദുര്‍ബലമാക്കുകയില്ല. പ്രസ്തുതധനം കൊണ്ട് വിവാഹം നടത്തിയിട്ടുണ്ടെന്നോ അടിമകളെ അധീനപ്പെടുത്തിയിട്ടുണ്ടെന്നോ വിവിധ നാടുകളില്‍ വിതറപ്പെട്ടിട്ടുണ്ടെന്നോ കണ്ടാല്‍ പോലും ഞാനത് തിരിച്ചെടുക്കുക തന്നെ ചെയ്യും. കാരണം, നീതിയില്‍ വളരെ ആശ്വാസമുണ്ട്. ആര്‍ക്ക് നീതി കുടുസ്സായി തോന്നുന്നുവോ അവന്ന് അനീതി കൂടുതല്‍ ഞെരുക്കമായിരിക്കും..

ജനങ്ങളെ, ശ്രദ്ധിച്ചുകൊള്‍ക, ഭൌതികവിഭവങ്ങളധികരിക്കുകയും തന്നിമിത്തം ഭൂസ്വത്ത് അധീനപ്പെടുത്തുകയും ആറുകള്‍ ഒഴുക്കുകയും കുതിരപ്പുറത്ത് യാത്ര ചെയ്യുകയും അടിമകളെക്കൊണ്ട്‌ ജോലിയെടുപ്പിക്കുകയും ചെയ്തിരുന്നവരെ, തങ്ങള്‍ ആറാടിയിരുന്ന സുഖഭോഗങ്ങളില്‍ നിന്ന് സാക്ഷാല്‍ അവകാശങ്ങളുടെ പരിധികളിലെക്ക് മടക്കുമ്പോള്‍- ‘അബൂത്വാലിബിന്‍റെ പുത്രന്‍ ഞങ്ങളുടെ അവകാശങ്ങള്‍ അപഹരിച്ചു’ എന്ന് പറയരുത്.. ദൈവദൂതന്റെ സ്വഹാബികളില്‍, മുഹാജിറുകളിലും അന്‍സ്വാറുകളിലും പെട്ട വല്ലവര്‍ക്കും നബിയുടെ സഹവാസം കൊണ്ട് തങ്ങളാണ് മറ്റുള്ളവരെക്കാള്‍ ശ്രേഷ്ടരെന്നു വിചാരമുണ്ടെങ്കില്‍ പ്രസ്തുത ശ്രേഷ്ഠത നാളെ ദൈവത്തിന്റെ അടുക്കലാണെന്നും അതിനു അര്‍ഹമായ പ്രതിഫലം പൂര്‍ത്തിയായി നല്‍കുന്നത് ദൈവം മാത്രമാണെന്നും അവര്‍ മനസ്സിലാക്കിക്കൊള്ളട്ടെ. അറിയുക, ആര്‍ ദൈവത്തിന്റെയും ദൈവദൂതന്റെയും വിളിക്കുത്തരം ചെയ്യുകയും ഇസ്ലാം സത്യമാണെന്നംഗീകരിക്കുകയും അതില്‍ പ്രവേശിക്കുകയും നമ്മുടെ ഖിബ്ലയെ ഖിബ്ലയായി സ്വീകരിക്കുകയും ചെയ്യുന്നുവോ അവന്ന് നിസ്സംശയം, ഇസ്ലാം നല്‍കിയ സര്‍വ്വവിധ അവകാശങ്ങളും ലഭിക്കുന്നതാണ്. ഇസ്ലാമികനിയമങ്ങള്‍ അവന് ബാധകമായിരിക്കും. നിങ്ങളെല്ലാവരും ദൈവദാസന്മാരും ധനം ദൈവത്തിന്റെതുമാണ്. അതിനാല്‍ ധനം നിങ്ങള്‍ക്കിടയില്‍ സമമായി വേണം വീതിക്കപ്പെടുവാന്‍. അതില്‍ ഒരാള്‍ക്കും മറ്റൊരാളേക്കാള്‍ മേന്മയില്ല.. ഭയഭക്തര്‍ക്ക് ദൈവത്തിങ്കല്‍ ഉത്തമമായ പ്രതിഫലമുണ്ട്..

‘ആ സന്ദര്‍ഭം ഓര്‍ക്കുവില്‍, നിങ്ങള്‍ തുച്ഛം പേരായിരുന്നു. ഭൂമിയില്‍ ദുര്‍ബലരായി കരുതപ്പെട്ടിരുന്നു. ജനങ്ങള്‍ നിങ്ങളെ റാഞ്ചിക്കളയുമോ എന്ന് നിങ്ങള്‍ ഭയപ്പെടുന്നുണ്ടായിരുന്നു. പിന്നീട് ദൈവം നിങ്ങള്‍ക്ക് അഭയസ്ഥാനമേകി. തന്റെ സഹായത്താല്‍ നിങ്ങളുടെ കരങ്ങളെ ബലപ്പെടുത്തി. നിങ്ങള്‍ക്ക് ഉത്തമമായ വിഭവങ്ങളൊരുക്കിത്തരികയും ചെയ്തു. നിങ്ങള്‍ നന്ദിയുള്ളവരായെങ്കിലോ?’ (ഖുര്‍ആന്‍) ”

അലിയുടെ പ്രസംഗം ജനങ്ങള്‍ ആവേശത്തോടെ വരവേറ്റു.. വര്‍ഷങ്ങള്‍ക്ക് ശേഷം ഇസ്ലാമികരാഷ്ട്രത്തില്‍ വീണ്ടും കരുത്തുള്ള, ആര്‍ജ്ജവമുള്ള വാക്കുകള്‍..

എന്നാല്‍, ഉസ്മാന്റെ ലോലഹൃദയം മുതലാക്കി സമ്പത്തും സ്ഥാനമാനങ്ങളും നേടിയെടുത്തു ജീവിച്ചിരുന്ന ചില ചൂഷണമനസ്ഥിതിക്കാരുടെ നെഞ്ചില്‍ ആഴത്തിലുള്ള പ്രഹരം വീഴ്ത്തുന്നത് തന്നെയായിരുന്നു അലിയുടെ വാക്കുകള്‍.. മനസ്സ് കൊണ്ട് അവര്‍ അപ്പോള്‍ തന്നെ അലിയുടെ ശത്രുപക്ഷത്ത് സ്ഥാനം ഉറപ്പിച്ചിരുന്നു.. അങ്കലാപ്പോടെ മാത്രമാണ് അവര്‍ ആ സത്യത്തെ ഉള്‍കൊണ്ടത്..

ഉമര്‍ നിര്‍ത്തിയിടത്ത് നിന്ന്, അലി തുടങ്ങുകയാണ്…!!

—————————–

ഏട്ടാം ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

RELATED ITEMS

13 thoughts on “വീരനാം അലിയാര്‍ – ഭാഗം 7 | വീരപുലി

  1. ഏഴാം ഭാഗം വരാന്‍ താമസിച്ചപ്പോള്‍ ഇനി കല്യാണം ഒക്കെ കഴിഞ്ഞേ ഉണ്ടാകൂ എന്ന് കരുതി….നന്നായി അവതരിപ്പിച്ചു, അല്ലാഹു അനുഗ്രഹിക്കട്ടെ……ആമീന്‍.

  2. I HAVE EXPERIENCE ABOUT GMT QUALITY AS AN AUDIT IN CHARGE, & RESIDENTIAL HOTEL AT ROOM DIVISION AS AN SUPERVISOR , AT JEDD AH SAUDI ARABIA. SO NEED THE RESULT AS EARLY AS POSSIBLE.

Leave a Reply to Ekkandy Aboobacker Cancel reply

Your email address will not be published. Required fields are marked *