ഭാഗം 8 | വിജ്ഞാനത്തിന്റെ കവാടം

(ഏഴാം ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക)
പരമ്പരയെ കുറിച്ച് കൂടുതല്‍ അറിയുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

 

“നീ നിന്റെ അടുത്ത ബന്ധുക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുക”

ഖുര്‍ആന്‍ വചനം അവതരിച്ചു. രഹസ്യപ്രബോധനകാലഘട്ടത്തിനു വിരാമമാവുകയാണ്. ഇനി പരസ്യപ്രബോധനത്തിന്റെ നാളുകള്‍. ആദ്യമായി താക്കീത് നല്‍കേണ്ടത് അടുത്ത ബന്ധുക്കള്‍ക്ക് തന്നെ.. അവരുടെ സംരക്ഷണം ലഭ്യമായാല്‍ പിന്നെ സമൂഹത്തിലേക്ക് ഈ മഹത്തായ ആദര്‍ശവുമായി ഇറങ്ങണം..

പ്രവാചകനു ഭയം തോന്നാതിരുന്നില്ല.. ഇത്രയും കാലം രഹസ്യമായി പ്രബോധനം നടത്തിയിട്ടും ബന്ധുക്കളിലെയും അല്ലാത്തവരിലെയും പ്രമാണിമാര്‍ ആരും തന്നെ ഇസ്ലാമിലേക്ക് വന്നിട്ടില്ല.. ദാറു​ന്നദ്‌വയില്‍ നിന്നും എതിര്‍പ്പുകള്‍ വന്നു തുടങ്ങിയിട്ടുണ്ട്. തന്‍റെ സന്ദേശം ബന്ധുക്കള്‍ക്ക് നല്‍കിയാല്‍ അവര്‍ ഏത് നിലയില്‍ പ്രതികരിക്കും എന്ന് പറയാന്‍ കഴിയില്ല.. ആ നിമിഷം മുതല്‍ തന്റെ ബന്ധുക്കളില്‍ നിന്ന് വരെ തനിക്ക് ശത്രുക്കള്‍ ഉണ്ടായിത്തുടങ്ങും..

പക്ഷെ ആജ്ഞ ദൈവത്തില്‍ നിന്നാണ്. ദൈവദൂതന് ധിക്കരിക്കാന്‍ കഴിയില്ല.. തന്റെ അനുയായിയായ ഒരു കുഞ്ഞുബാലനെ നബി വിളിപ്പിച്ചു..

“അലീ.. കുറച്ചു ഗോതമ്പ് കൊണ്ടുവരിക. ഒരു ആടിന്റെ കാലും ഒരു വലിയ പാത്രം പാലും.. എന്നിട്ട് അബ്ദുല്‍ മുത്തലിബിന്റെ എല്ലാ മക്കളെയും ഞാന്‍ ഒരു സല്‍ക്കാരത്തിനു ക്ഷണിക്കുന്നു എന്ന് പറയുക..”

അലി അ​തു​പോലെ ചെയ്തു. പ്രവാചകന്റെ വീട്ടില്‍ അബ്ദുല്‍ മുത്തലിബിന്റെ കുടുംബം മുഴുവന്‍ എത്തിച്ചേര്‍ന്നു.. ഭക്ഷണത്തിന് ശേഷം നാല്‍പ്പത്തഞ്ചോളം വരുന്ന അവരെ നോക്കി നബി ഇസ്ലാമിന്റെ സന്ദേശം പ്രഖ്യാപിച്ചു.. അതവരുടെ അധികാരത്തെയും സുഖജീവിതത്തെയും തന്നെ കാലിനടിയില്‍ നിന്നും ഒലിപ്പിച്ചു കൊണ്ട് പോകുന്നതിന്റെ ഭീതി അവരില്‍ പലരുടെയും മുഖത്ത് പ്രകടമായിരുന്നു.. അവരുടെ മുഖത്ത് നോക്കി നബി വീണ്ടും പറഞ്ഞു..

“ഹേ ബനൂ അബ്ദുല്‍മുത്തലിബ്, അറബികളില്‍ ഒരു യുവാവും നിങ്ങള്‍ക്ക് ഇതിനേക്കാള്‍ നല്ലതായി മറ്റൊന്ന് കൊണ്ടുവന്നതായി എനിക്കറിയില്ല.. ഈ ലോകത്തും പരലോകത്തും ഏറ്റവും ശ്രേഷ്ടമായ ഒന്നിലേക്ക്, ദൈവമല്ലാത്ത മറ്റൊന്നിനെയും ആരാധിക്കരുത് എന്ന മഹത്തായ വിശ്വാസത്തിലേക്കാണ് ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നത്.. നിങ്ങളില്‍ ആരാണ് ആദ്യമായി എന്നെ ഇതില്‍ തുണയ്ക്കാനായി മുന്നോട്ടു വരുന്നത്.. അയാള്‍ ആ നിമിഷം മുതല്‍ എന്റെ സഹോദരന്‍ ആയിരിക്കും, നിങ്ങള്‍ക്കിടയിലെ എന്റെ ഉത്തരാധികാരിയും പ്രതിനിധിയും ആയിരിക്കും.. ആരാണ് ഉള്ളത്?”

നബിയുടെ ഈ ആഹ്വാനത്തിന് തണുത്ത പ്രതികരണമായിരുന്നു അവരില്‍ നിന്നും. നബി ഓരോരുത്തരിലേക്കും നോക്കി.. കരുത്തന്മാരായ അനേകം പേര്‍.. ആരും മുന്നോട്ടു വന്നില്ല..

പെട്ടെന്ന്,
മൃദുലമായ ഒരു കുഞ്ഞുകൈ മുകളിലേക്ക് ഉയര്‍ന്നു..

“ദൈവദൂതരേ.. ഞാന്‍…!!”

എല്ലാവരും നോക്കി.. പതിമൂന്നു വയസ്സുകാരന്‍ അലി.. അത്ഭുതപ്പെടാന്‍ മാത്രം എന്തിരിക്കുന്നു.. ആ കുഞ്ഞുകൈകള്‍ ദൈവദൂതന്റെ കൈ പിടിച്ചല്ലേ വളര്‍ന്നത്.. ആ മണ്ണില്‍ ഉറപ്പിച്ചു നില്‍ക്കുന്ന കാലുകള്‍ അല്‍ അമീന്റെ തോളില്‍ കയറി ഇരിക്കുമ്പോള്‍ എത്ര തവണ ആ നെഞ്ചോടു ചേര്‍ന്ന് നിന്നിട്ടുണ്ട്. ആ നെഞ്ചിലെ ഓരോ മിടിപ്പുകളും തൊട്ടറിഞ്ഞിട്ടുണ്ട്..

അഭിമാനം നിറഞ്ഞ പുഞ്ചിരിയോടെ ആ കൊച്ചുബാലനെ തന്നോട് ചേര്‍ത്തു പിടിച്ചു നബി പറഞ്ഞു.. “ഇതാ.. എന്റെ സഹോദരന്‍.. നിങ്ങള്‍ക്കിടയിലെ എന്റെ ഉത്തരാധികാരി, എന്റെ പ്രതിനിധി..!!

പ്രായപൂര്‍ത്തിയാവാത്ത പ്രായത്തില്‍ നബിയുടെ പ്രതിനിധിയാകാന്‍ യോഗ്യത ലഭിച്ച മഹാന്‍.. അലി..!!

അവിടെ നിന്നും കാലത്തിന്റെ അടരുകള്‍ ഒരുപാട് കൊഴിഞ്ഞു പോയി.. പീഡനങ്ങളുടെയും മര്‍ദ്ദനങ്ങളുടെയും കാലം അവസാനിച്ചു. ദൈവദൂതന്‍ മുഹമ്മദ്‌ അറേബ്യയുടെ ഭരണാധികാരിയായി.. തന്റെ ദൌത്യം പൂര്‍ത്തീകരിച്ചു കഴിഞ്ഞു.. വിടവാങ്ങല്‍ ഹജ്ജിനു ശേഷം ഗദിര്‍ ഗുമ്മില്‍ വച്ച് ഒരു ലക്ഷത്തോളം അനുയായികളെ നോക്കി നബി പ്രസംഗിച്ചു.. ആ പ്രസംഗത്തില്‍ നബിയുടെ അടുത്തായി അലിയും ഇരിപ്പുണ്ടായിരുന്നു… നബി ഒരു ദൌത്യത്തിന്റെ ഭാഗമായി യമനിലേക്ക് നിയോഗിച്ച അലിയുടെ അവിടുത്തെ നീതിനിഷ്ടവും കര്‍ക്കശവുമായ നിലപാടിനെ ചിലര്‍ ലുബ്ധെന്നും സങ്കുചിതത്വമെന്നും വിമര്‍ശിച്ചിരുന്നു. അവര്‍ അലിക്കെതിരെ അടിസ്ഥാനരഹിതമായ പരാതികള്‍ ഉന്നയിക്കുകയും ചെയ്തു.. അതിനാല്‍ ആ പ്രസംഗത്തില്‍ നബി തന്റെ ആ അരുമശിഷ്യനെതിരെ ഉയര്‍ന്നിരുന്ന ആ വിമര്‍ശനത്തിനു കൂടി മറുപടി നല്‍കുകയുണ്ടായി.. തന്റെ അടുത്തിരിക്കുന്ന അലിയുടെ കൈകള്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് നബി പറഞ്ഞു..

“ആര്‍ക്കെല്ലാം ഞാന്‍ നേതാവാണോ, അവര്‍ക്ക് അലിയും നേതാവാണ്‌. അലിയെ പിന്തുണക്കുന്നവരെ അല്ലാഹു സംരക്ഷിക്കുന്നതും അലിയോടു ശത്രുത പുലര്‍ത്തുന്നവരോട് അല്ലാഹു ശത്രുത പുലര്‍ത്തുന്നതുമാണ്..”

മഹത്തായ അംഗീകാരം.. നബിയുടെ ദൌത്യത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ എന്നും കൂടെയുണ്ടായിരുന്ന ആ അരുമശിഷ്യന് ദൌത്യത്തിന്റെ ആദ്യത്തിലും അന്ത്യത്തിലും നബിയാല്‍ ലഭിക്കപ്പെട്ട അപൂര്‍വ്വമായ വിശേഷണങ്ങള്‍..

അലി, വിജ്ഞാനത്തിന്റെ കവാടം.. ‘ഞാന്‍ കഴിഞ്ഞാല്‍ ഏറ്റവും നല്ല വിധികര്‍ത്താവ്‌’ എന്ന് നബിയാല്‍ ബഹുമതി ലഭിക്കപ്പെട്ട അതുല്യപ്രതിഭ..! ‘മൂസാക്ക് ഹാറൂനെ പോലെയാണ് എനിക്ക് നീ’ എന്ന് ദൈവദൂതനാല്‍ പ്രശംസ ലഭിച്ച മഹാനായ സഹാബി.. പടക്കളങ്ങളിലെ നിറസാന്നിധ്യം.. ബദറിലും ഉഹുദിലും ഖന്തഖിലും മുന്‍പന്തിയില്‍ ആ യുവാവ് എപ്പോഴും നിലയുറപ്പിച്ചിരുന്നു.. എത്രയെത്ര കൊടിയ വമ്പന്മാരാണ് ദുല്‍ഫിഖാറിന് മുന്നില്‍ നിലം പതിചിട്ടുള്ളത്.. കരുത്തനായ വലീദുബ്നു ഉത്ബ, ആയിരം പേരെ തകര്‍ക്കാന്‍ കഴിവുള്ള വീരന്‍ എന്ന് വിശേഷിക്കപ്പെട്ട അംറുബ്നു അബ്ദുവുദ്ദ്, അബൂസഅദ്, അര്‍ത്വാത്ബിന്‍ ശുര്‍ഹബീല്‍ തുടങ്ങി എത്രയോ ശക്തര്‍.. അലിയുമായി ദ്വന്തയുദ്ധത്തിനിറങ്ങിയിട്ട് വിജയത്തോടെ തിരിച്ചുപോയ ഒരാളും ഉണ്ടായിട്ടില്ല..

ഖൈബറിന്റെ കോട്ട തകര്‍ക്കാന്‍ കഴിയാതെ മുസ്ലിംകള്‍ വിഷമിച്ചപ്പോള്‍ അലിയെയാണ് നബി ആ ദൌത്യം ഏല്‍പ്പിച്ചത്.. അന്ന് അലിയെ നബി വിശേഷിപ്പിച്ചത്‌ എല്ലാവര്‍ക്കും ഓര്‍മ്മയുണ്ട്.. ‘അല്ലാഹുവെയും അവന്റെ ദൂതനെയും സ്നേഹിക്കുന്ന ആള്‍, അല്ലാഹുവും അവന്റെ ദൂതനും സ്നേഹിക്കുന്ന ആള്‍’.. നബിയുടെ മരണശേഷം നബിയുടെ ഖലീഫ ആകാന്‍ യോഗ്യത ഉള്ള ആളെ കുറിച്ച് ചോദിക്കപ്പെട്ടപ്പോള്‍ മൂന്നു പേരുകള്‍ ആണ് നബി പറഞ്ഞത്.. അബൂബക്കര്‍, ഉമര്‍, അലി..!

“ആര്‍ അലിയെ സ്നേഹിച്ചോ, അവന്‍ എന്നെ സ്നേഹിച്ചു, ആര്‍ അലിയെ വെറുത്തോ, അവന്‍ എന്നെയും വെറുത്തു..” “അലി എന്നില്‍ നിന്നും ഞാന്‍ അലിയില്‍ നിന്നുമാണ്..”

ഇനിയും എന്ത് ബഹുമതിയാണ് ഒരു നേതാവില്‍ നിന്നും ഒരു അനുയായിക്ക് കിട്ടാനുള്ളത്.. അലിയുടെ ആത്മാര്‍ഥതയെയോ വിശ്വാസത്തെയോ വിധിതീര്‍പ്പിനെയോ സംശയിക്കേണ്ട യാതൊരു കാര്യവും നബിയുടെ ഒരു അനുയായിക്കും ഉണ്ടാവേണ്ടതില്ല.. കാരണം സാക്ഷാല്‍ ദൈവദൂതന്‍ തന്നെയാണ് അതിന് സാക്ഷ്യം വഹിച്ചത്..

പ്രവാചകന്റെ വചനങ്ങളില്‍ മാത്രമല്ല, ചരിത്രത്തില്‍ എന്നും അലിയുടെ ജീവിതവും അതിനു സാക്ഷ്യം വഹിച്ചിട്ടുണ്ട്‌.. നബിയുടെ കാല​ത്തു​ടനീളം അദ്ദേഹം നബിയുടെ ഉത്തമ​ ​അനുയായിയായിരുന്നു.. നബിക്ക് ശേഷം അബൂബക്കര്‍ ഖലീഫ ആയപ്പോള്‍, അലി ഖലീഫ ആകണമായിരുന്നു എന്ന് ചിന്തിച്ചവരുടെ പ്രലോഭനത്തില്‍ ഒരിക്കലും നബിയുടെ മരുമകന്‍ വീണില്ല.. അലിക്ക് ഖലീഫയാകണമെങ്കില്‍ മദീന മുഴുവന്‍ സൈന്യത്തെ കൊണ്ട് നിറയ്ക്കാം എന്ന് പറഞ്ഞ അബൂസുഫ്യാന് അലി നല്‍കിയ മറുപടി ചരിത്രത്തില്‍ തങ്കലിപികളില്‍ എഴുതിവയ്ക്കാന്‍ അര്‍​ഹമായതാണ്..

“ഞാനൊരിക്കലും അതിനു അനുവാദം നല്‍കുന്ന പ്രശ്നമില്ല. അബൂബക്കര്‍ ഖിലാഫത്തിന് യോഗ്യനല്ലായിരുന്നുവെങ്കില്‍ ഞങ്ങളാരും ഇത്രപെട്ടെന്ന് അദ്ദേഹത്തിന് ബൈഅത്ത് ചെയ്യുമായിരുന്നില്ല. നോക്കൂ അബൂസുഫ്യാന്‍, വിശ്വാസികളുടെ സ്വഭാവം ആത്മാര്‍ഥതയും സത്യസന്ധതയും പരസ്പരഗുണകാംക്ഷയും സ്നേഹവുമാണ്. പദവിയില്‍ അവര്‍ക്കിടയില്‍ എത്ര തന്നെ അന്തരമുണ്ടെങ്കിലും.. വാക്കും പ്രവൃത്തിയും തമ്മിലുള്ള അന്തരം കപടവിശ്വാസികളുടെ ലക്ഷണമാണ്..”

ഭൌതികമായ സ്ഥാനമാനങ്ങളല്ല, ഇസ്ലാമികരാഷ്ട്ര​ത്തിന്റെ നിലനില്‍പ്പ്‌ തന്നെയായിരുന്നു അലിക്ക് വലുത്.. മതപരിത്യാഗികളുമായുള്ള യുദ്ധത്തിനു നേതൃത്വം നല്‍കാന്‍ തീരുമാനിച്ച അബൂബക്കറിനെ അലി പിന്തിരിപ്പിച്ചു ആ ദൌത്യം സ്വയം ഏറ്റെടുക്കുകയായിരുന്നു.. അബൂബക്കറിന്റെ ഖിലാഫത്തില്‍ അലി എന്നും എന്ത് സേവനത്തിനും സന്നദ്ധനായി ജീവിച്ചു..

അതിനു ശേഷം ഉമര്‍ ഖലീഫയായപ്പോള്‍, അലി അദ്ദേഹത്തിന്റെ വലംകൈ തന്നെയായിരുന്നു.. നിര്‍ണ്ണായകമായ ഏത് തീരുമാനവും അലിയോടു കൂടിയാലോചിക്കാതെ ഉമര്‍ എടുക്കുമായിരുന്നില്ല. അദ്ദേഹം ഉമറിന്റെ പ്രധാനമന്ത്രി തന്നെയായിരുന്നു, നീതിന്യായവ്യവസ്ഥയുടെയടക്കം പലതിന്റെയും ചുമതല അലിക്കായിരുന്നു. ഏറ്റവും നല്ല വിധികര്‍ത്താവ്‌ എന്ന നിലക്ക് ഉമര്‍ അലിയുടെ വിധികള്‍ക്ക് മറ്റാരുടെതിനേക്കാളും സ്ഥാനം നല്‍കി..

തന്റെ ശൂറാ അംഗങ്ങളുമായി കൂടിയാലോചിക്കുമ്പോള്‍ അലിയുടെ അഭിപ്രായങ്ങള്‍ക്കായിരുന്നു ഉമര്‍ മുന്‍‌തൂക്കം നല്‍കിയിരുന്നത്.. പല യുദ്ധങ്ങള്‍ക്കും സ്വയം നേതൃത്വം നല്‍കാന്‍ തീരുമാനിച്ച ഉമര്‍, അലിയുടെ നിര്‍ദ്ദേശപ്രകാരം അവയില്‍ നിന്നെല്ലാം വിട്ടുനിന്നു.. മുസ്ലിംകള്‍ ബൈത്തുല്‍ മുഖദ്ദിസ് കീഴടക്കിയപ്പോള്‍, താക്കോല്‍ ഏറ്റുവാങ്ങാനായി ഉമറിനെ അവിടുത്തെ ജനങ്ങള്‍ ക്ഷണിച്ച സമയത്ത് പ്രമുഖസഹാബികള്‍ പലരും ഉമര്‍ നേരിട്ട് പോകേണ്ട കാര്യമില്ല എന്ന് പറഞ്ഞപ്പോഴും അലിയുടെ നിര്‍ദ്ദേശം മാനിച്ചു ഉമര്‍ പോവുകയാണ് ഉണ്ടായത്..

അദ്ദേഹം ബൈത്തുല്‍ മുഖദ്ദിസിലേക്ക് പോയപ്പോള്‍ അലിയെയായിരുന്നു ഖിലാഫത്തിന്റെ ചുമതല ഏല്‍പ്പിച്ചത്. അലിയില്‍ അത്രയധികം വിശ്വാസമായിരുന്നു ഉമറിനു.. “അലി ഇല്ലായിരുന്നെങ്കില്‍ ഉമര്‍ നശിച്ചത് തന്നെ” എന്ന് ഉമര്‍ പലപ്പോഴും പറയുമായിരുന്നു..

‘എന്ത് കൊണ്ടാണ് മറ്റു സഹാബികളെ അപേക്ഷിച്ച് അലിക്ക് കൂടുതല്‍ സ്ഥാനം നല്‍കുന്നത്’ എന്ന് ഉമ​റിനോട് ഒരിക്കല്‍ ചോദിക്കപ്പെട്ടപ്പോള്‍ ‘അലി എന്റെ നേതാവാണ്‌’ എന്നായിരുന്നു ഉമറിന്റെ മറുപടി.. ഉമര്‍ ഖിലാഫത്ത് ഏറ്റടുത്ത നിമിഷം മുതല്‍ രക്തസാക്ഷിത്വം വരെ അലി എന്നും ഒരു സഹോദരനായും ഉപദേഷ്ടാവായും ഉമറിന്റെ കൂടെ എപ്പോഴും ഉണ്ടായിരുന്നു.. ഇസ്ലാമിക ചരിത്രത്തില്‍ എന്നല്ല, ഒരുപക്ഷെ ലോകചരിത്രം മുഴുവന്‍ പരിശോദിച്ചാലും ഉമറിനെയും അലിയെയും പോലെ മറ്റൊരു ഭരണാധികാരിയും പ്രധാനമന്ത്രിയെയും കാണാന്‍ സാധ്യമായേക്കില്ല. അത്രയധികമായിരുന്നു രണ്ടു പേരും തമ്മിലുണ്ടായിരുന്ന സ്നേഹവും സഹകരണവും വിശ്വാസവും..

അതിനു ശേഷം ഉസ്മാന്‍ ഖലീഫ ആയപ്പോഴും അലി മുഖ്യഉപദേഷ്ടാവായി നിന്നു.. പക്ഷെ, പലപ്പോഴും അലിയുടെ ഉപദേശങ്ങള്‍ക്കും മേലെ ഉസ്മാന്‍ മുആവിയയുടെയും മര്‍വ്വാന്റെയും ഒക്കെ ഉപദേശം സ്വീകരിച്ചത് കാരണം ഇസ്ലാമികരാഷ്ട്രത്തില്‍ കുഴപ്പങ്ങള്‍ തല പൊക്കുകയും ചെയ്തു..

ഇന്നിപ്പോള്‍ അലി ഖലീഫ ആയിരിക്കുകയാണ്.. ആര്‍ക്കും അദ്ദേഹത്തിന്റെ ആത്മാര്‍ഥതയെ സംശയിക്കേണ്ട ഒരു പഴുതും അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഇന്നോളം ഉണ്ടായിട്ടില്ല.. ​ഐക്യകണ്ഠേന അംഗീകരിക്കപ്പെടാന്‍ അദ്ദേഹം തീർത്തും യോഗ്യനാണ് എന്നത് നബി മുതല്‍ ഉസ്മാന്‍ വരെയുള്ളവരുടെ വാക്കുകളില്‍ നിന്നും വ്യക്തമാണ്. ​അലിയുടെ ഇന്നുവരെയുള്ള ജീവിതം തന്നെയും അത് സാക്ഷ്യപ്പെടുത്തുന്നുണ്ട്

പക്ഷെ, എന്നിട്ടും…..

——————————————-

ചരിത്രത്തിലെ ഏറ്റവും പ്രതിസന്ധിഘട്ടത്തിലൂടെയാണ് ഇസ്ലാമികരാഷ്ട്രം കടന്നു പോകുന്നത്. മുന്‍കഴിഞ്ഞ മൂന്നു ഖലീഫമാരുടേയും മുന്നിലുള്ള സമൂഹമല്ല ഇ​ന്നുള്ളത് ഇസ്ലാമിക രാഷ്ട്രത്തിന്റെ തലസ്ഥാനം വരെ കലാപകാരികളാല്‍ നിയന്ത്രിക്കപ്പെടുന്നു. അധികാരമോഹികളും ചൂഷണമനസ്ഥിതിക്കാരും നേതൃത്വപദവിയില്‍ ഇരിക്കുന്ന, സമ്പത്തില്‍ അസമത്വം കളിയാടുന്ന സമൂഹമായി ഇന്നിത് മാറിയിട്ടുണ്ട്.. ഈ സമൂഹത്തെ അതിന്റെ യഥാര്‍ത്ഥ മൂല്യങ്ങളിലേക്കും പ്രഭാവത്തിലെക്കും കൊണ്ടുപോവുക എന്ന തന്റെ ജീവിതം കണ്ട ഏറ്റവും വലിയ വെല്ലുവിളിയാണ് അലിക്ക് മുമ്പില്‍ ഇപ്പോള്‍ ഉള്ളത്..

ഇവിടം മുതല്‍ ഇസ്ലാമികചരിത്രം മറ്റൊരു ദിശയില്‍ സഞ്ചരിക്കുകയാണ്.. നബി മുതല്‍ ഉസ്മാന്‍ വരെ ഉണ്ടായിരുന്നവര്‍ക്ക് നേരിടാനുണ്ടായിരുന്നത് ഇസ്ലാമിന്റെ തന്നെ ശത്രുക്കളായ അറബികളെയും റോമാ പേര്‍ഷ്യന്‍ സാമ്രാജ്യങ്ങളെയുമായിരുന്നു.. നബിയുടെ മുതല്‍ ഉസ്മാന്റെ വരെ കാലങ്ങളില്‍, അതിമനോഹരമായ ഇസ്ലാമികവ്യവസ്ഥയെ തകര്‍ത്തെറിയാനായി മുന്‍പന്തിയില്‍ ഉണ്ടായിരുന്നത് ഇസ്ലാമിന്റെ തന്നെ ശത്രുക്കളായ അറബികളും റോമാപേര്‍ഷ്യന്‍ സാമ്രാജ്യങ്ങളും ആയിരുന്നു..

എന്നാല്‍ അലിയുടെ കാലം മുതല്‍ കഥ മാറുകയാണ്..

നബിയുടെ കാലത്ത് തന്നെ ഇസ്ലാം സ്വീകരിക്കുകയും, ഇസ്ലാമിന് വേണ്ടി സേവനങ്ങള്‍ അനുഷ്ടിക്കുകയും ചെയ്തിരുന്ന മുസ്ലിമായ ഒരാള്‍ തന്നെ ഇസ്ലാമികഖിലാഫത്തിന്‍റെ പ്രതിനായകസ്ഥാനത്തേക്ക് കടന്നുവരുന്ന ഞെട്ടിക്കുന്ന കാഴ്ചയാണ് പിന്നീട് ഇസ്ലാമികലോകം കണ്ടത്… അബൂസുഫ്യാന്റെ മകന്‍ മുആവിയ..!!

——————————–

ഒൻപതാം ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

RELATED ITEMS

10 thoughts on “വീരനാം അലിയാര്‍ – ഭാഗം 8 | വിജ്ഞാനത്തിന്റെ കവാടം

  1. ആര്‍ക്കെല്ലാം ഞാന്‍ നേതാവാണോ, അവര്‍ക്ക് അലിയും നേതാവാണ്‌. അലിയെ പിന്തുണക്കുന്നവരെ അല്ലാഹു സംരക്ഷിക്കുന്നതും അലിയോടു ശത്രുത പുലര്‍ത്തുന്നവരോട് അല്ലാഹു ശത്രുത പുലര്‍ത്തുന്നതുമാണ്..”

    “ആര്‍ അലിയെ സ്നേഹിച്ചോ, അവന്‍ എന്നെ സ്നേഹിച്ചു, ആര്‍ അലിയെ വെറുത്തോ, അവന്‍ എന്നെയും വെറുത്തു..” “അലി എന്നില്‍ നിന്നും ഞാന്‍ അലിയില്‍ നിന്നുമാണ്..” ഒരു സംശയം അലി (റ) വിനെ ശത്രുവായികണ്ട് യുദ്ധം ചെയ്യാൻ ഇറങ്ങിയ ആയിശ (റ) അൻഹ അല്ലാഹുവിന്റെ കോപത്തിന് ഇരയല്ലേ

  2. ആയിഷ അലിയെ ശത്രുവായി കണ്ടിട്ടില്ല.. ആയിഷ യുദ്ധം ചെയ്തത് അലിക്കെതിരല്ല, ഉസ്മാന്റെ കൊലയാളികള്‍ക്കെതിരെ ആണ്.. എന്നാല്‍ ഭരണാധികാരി ഉണ്ടായിരിക്കെ പൌരന്മാര്‍ നിയമം കയ്യിലെടുക്കാന്‍ പാടില്ല എന്ന നിലക്ക് അലി സൈന്യവുമായി അവരെ തടയാന്‍ പോയി.. ഇരുപക്ഷത്തും ഉണ്ടായിരുന്ന കുഴപ്പക്കാര്‍ തമ്മില്‍ യുദ്ധം ആരംഭിച്ചു..

  3. Jazaakallahu khair…..വളരെ നല്ല ശൈലി……കൂടുതല്‍ എഴുതാന്‍ അല്ലാഹു സഹായിക്കട്ടെ എന്ന് ആല്മാര്‍ത്തമായി പ്രാര്‍ഥിക്കുന്നു……ആമീന്‍….ആമീന്‍…..

Leave a Reply to Shaju Pulloor Cancel reply

Your email address will not be published. Required fields are marked *