വീരനാം അലിയാര് – ഭാഗം 9 | മഴുവിന്റെ പിടി
(എട്ടാം ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക)
പരമ്പരയെ കുറിച്ച് കൂടുതല്‍ അറിയുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
മനുഷ്യന് ഇരുമ്പ് കണ്ടുപിടിച്ചപ്പോള്‍ മരങ്ങള്‍ ഭയന്നത്രേ.. അവര്‍ മരമുത്തശ്ശനോട് ചെന്ന് തങ്ങളുടെ ഭയം പറഞ്ഞു.. “ഒട്ടും ഭയക്കേണ്ട, മനുഷ്യന് അത് വച്ച് നമ്മെ ഒന്നും ചെയ്യാന്‍ കഴിയില്ല” എന്നായിരുന്നു മരമുത്തശ്ശന്റെ മറുപടി.
പിന്നെ മനുഷ്യന് ഇരുമ്പ് വച്ച് മഴു കണ്ടുപിടിച്ചു.. മരങ്ങള്‍ ഭയവിഹ്വലരായി മരമുത്തശ്ശനോട് കാര്യം പറഞ്ഞു.. മരമുത്തശ്ശൻ നടുങ്ങി. പതിയെ പറഞ്ഞു.
“ഇനി നിങ്ങൾ ഭയപെട്ടു കൊള്ളുക. നിങ്ങൾ വെട്ടി മുറിവേല്‍പ്പിക്കപ്പെട്ടു നശിപ്പിക്കപ്പെടാൻ പോകുന്നു. കാരണം, നിങ്ങളിൽ ഒരുവനാണ് ആ മഴുവിന്റെ പിടി.”
ലോകചരിത്രത്തിലെ വിപ്ലവങ്ങളുടെ, പോരാട്ടങ്ങളുടെ എല്ലാം കഥ ഇങ്ങനെയാണ്.. സൈന്യങ്ങളും സാമ്രാജ്യങ്ങളും കൈപ്പിടിയില്‍ ഉണ്ടായിരുന്ന ഫറോവയുടെ മുന്നിലേക്ക് കയ്യില്‍ ഒരു വടി മാത്രം കുത്തിപ്പിടിച്ചാണ് മൂസാ പോയത്.. മൂസയുടെ പിന്നില്‍ അണിനിരന്ന ദുര്‍ബലരായ അടിമകളുടെ നിശ്ചയദാര്‍ഢ്യത്തെ, വിശ്വാസത്തെ, ആദര്‍ശത്തെ നേരിയ തോതില്‍ ഒന്ന് അനക്കാന്‍ പോലും ശക്തനായ ഫറോവക്ക് കഴിഞ്ഞില്ല.. എന്നാല്‍ മൂസയുടെ അനുയായികളില്‍ ഛിദ്രതയും ഭിന്നിപ്പും ഉണ്ടാക്കാന്‍ കഴിഞ്ഞ ഒരാളുണ്ട്.. സാമിരി.. കൂട്ടത്തിലൊരാള്‍..!
സീസറിനും ഹെര്ദോവിനും ഈസാനബി ഉയര്‍ത്തിയ വിശ്വാസങ്ങളെ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.. എന്നാല്‍ ആ വിശ്വാസങ്ങളെ അപ്പാടെ തകര്‍ത്തെറിയാന്‍ കഴിഞ്ഞ ഒരാളുണ്ട്.. പൌലോസ്.. കൂട്ടത്തിലൊരാള്‍..!
എന്നാല്‍, മുഹമ്മദ് നബിയിലൂടെ പൂര്‍ത്തീകരിച്ച ഇസ്ലാമിന്റെ ആശയങ്ങളെ, ആദര്‍ശങ്ങളെ, വിശ്വാസങ്ങളെ തകര്‍ത്തു കളയാന്‍ കൂട്ടത്തിലുള്ളതോ പുറത്തുള്ളതോ ആയ ആര്‍ക്കും കഴിഞ്ഞില്ല, കഴിയുകയുമില്ല.. കാരണം കൊടുങ്കാറ്റുകളെ നേരിടാന്‍, പേമാരികളില്‍ നശിക്കാതിരിക്കാന്‍, പ്രതിബന്ധങ്ങളെ തകര്‍ത്തെറിയാന്‍ അതിനൊരു ഗ്രന്ഥം ഉണ്ടായിരുന്നു.. ഖുര്‍ആന്‍…! അന്ത്യനാള്‍ വരെ നിലനിര്‍ത്തും എന്ന് പടച്ചവന് വാക്ക് തന്ന ഗ്രന്ഥം..! മാറ്റങ്ങളില്ലാതെ അത് നിലനില്‍ക്കുന്നിടത്തോളം കാലം ആയിരം കര്‍ബലകള്‍ നടന്നാലും, എത്രയെത്ര താര്‍ത്താരികള്‍ കിണഞ്ഞു പരിശ്രമിച്ചാലും ആ വിശ്വാസം നിലനില്ക്കും..
എന്നാല്‍, ഖുര്‍ആന്റെ ജീവിക്കുന്ന ഒരു രൂപമുണ്ട്.. ദൈവീകവ്യവസ്ഥ. നബിയുടെ ഖിലാഫത്ത്.. കണ്ണിലെ കൃഷ്ണമണിയേക്കാള്‍ സൂക്ഷ്മതയോടെ നബിയും അബൂബക്കറും ഉമറും ഉസ്മാനും അലിയും എല്ലാം കൊണ്ടുനടന്ന വ്യവസ്ഥ.. ജീവന് തന്നെ പോവേണ്ട സാഹചര്യം വന്നപ്പോഴും അവരതിനെ കൈവിട്ടു കളഞ്ഞില്ല.. റോമാപേര്ഷ്യന് സാമ്രാജ്യങ്ങള്‍ യുദ്ധപരമ്പരകള്‍ അഴിച്ചുവിട്ടിട്ടും അതിനെ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.. എന്നാല്‍ കഴിഞ്ഞ ഒരാളുണ്ട്.. ഇസ്ലാമികഖിലാഫത്തിനെ തകര്‍ത്തെറിഞ്ഞു തദ്സ്ഥാനത്ത് ഒരു കുടുംബത്തിന്റെ രാജഭരണം കൊണ്ടുവന്ന ആള്.. മുആവിയ.. കൂട്ടത്തിലൊരാള്‍..!
സാമിരി പില്ക്കാലത്ത് മൂസാനബിയുടെ അനുയായികള്‍ക്ക് വിശുദ്ധനായി.. ഈസാനബിയെ പിന്‍പറ്റിയവര്‍ക്ക് പൌലോസും വിശുദ്ധനായി.. ചരിത്രത്തിലെ ആവര്‍ത്തിക്കുന്ന ദുരന്ദങ്ങള്‍…!!
മുആവിയയുടെയും കൂട്ടിനു മര്വ്വാന്റെയും സ്വാര്‍ത്ഥതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടി ഇരുവരും പ്രയോഗിച്ച കുതന്ത്രങ്ങളില്‍ തകര്‍ന്നടിഞ്ഞു വീണത് ലോകത്തിനാകമാനം മാതൃകയായിരുന്ന ഒരു അതിമനോഹര ഭരണവ്യവസ്ഥയായിരുന്നു..
പതിനാലു നൂറ്റാണ്ടുകള്ക്കിപ്പുറത്തിരുന്ന് ഇരുവരുടെയും ഉദ്ദേശ്യലക്ഷ്യങ്ങള്‍ പരിശോധിക്കുന്നതില്‍ തീര്‍ച്ചയായും പരിമിതികളുണ്ട്.. നടന്നതെല്ലാം വ്യക്തമായ ഉദ്ദേശ്യലക്ഷ്യങ്ങളോടെ ആണെന്നോ, ഹാഷിമിന്റെ മക്കളോട് ഉമയ്യയുടെ മക്കള്‍ക്കുണ്ടായിരുന്ന പതിറ്റാണ്ടുകളുടെ കുടിപ്പകയുടെ ബാക്കിപാത്രമാണോ, അതോ എല്ലാം യാദൃശ്ചികമായി സംഭവിച്ചു പോയതാണോ എന്നൊന്നും ഉറപ്പിക്കുന്ന തരത്തില്‍ വിശകലനം ചെയ്യാനും നാം അശക്തരാണ്.. പക്ഷെ ഒന്നുറപ്പ്, ഈ ഇരുവരും ഭരണം നേടിയെടുത്തത് വഞ്ചന കൊണ്ടും ബലംപ്രയോഗിച്ചും കുതന്ത്രങ്ങള്‍ കാണിച്ചുമൊക്കെയായിരുന്നു..
————————–
മുആവിയ.. ‘കൊച്ചുകുറുക്കന്’ എന്നാണു ആ പേരിന്റെ അര്‍ഥം.. പേരിനെ അന്വര്‍ത്ഥമാക്കിയ വ്യക്തി.. എല്ലാ അര്‍ത്ഥത്തിലും ഒരു കുറുക്കനെ പോലെ തന്ത്രശാലി.. മക്കാവിജയത്തിനു ശേഷമാണ് മുആവിയും മര്‍വ്വാനും എല്ലാം ഇസ്ലാം സ്വീകരിക്കുന്നത്.. അത് വരെ നബിയുടെയും അനുയായികളുടെയും ശത്രുക്കളായിരുന്നു ഇവര്‍.. പിതാവായ അബൂസുഫ്യാന്റെ ആവശ്യപ്രകാരം മുആവിയയെ നബി തന്റെ എഴുത്തുകാരില്‍ ഒരാളാക്കി.. അബൂബക്കറിന്റെ ഖിലാഫത്ത് സമയത്ത് അദ്ദേഹം മുആവിയയെ മുആവിയയുടെ സഹോദരനായ യസീദിന്റെ നേതൃത്വത്തില്‍ സിറിയയിലേക്ക് പോയ സൈന്യത്തില്‍ നിയോഗിച്ചിരുന്നു.. അല്‍പ്പകാലം മുആവിയ ആ സൈന്യത്തിലെ അംഗമായിരുന്നു.. മുആവിയയുടെ ഭരണരംഗത്തേക്കുള്ള കടന്നുവരവ് ഉമറിന്റെ കാലത്താണ്. സഹോദരനായ യസീദ് പ്ലെയ്ഗ് വന്നു മരണപ്പെട്ടപ്പോള്‍ തദ്സ്ഥാനത്ത്, ഡമാസ്കസിന്റെ ഗവര്‍ണ്ണറായി മുആവിയ ചുമതലയേല്പിക്കപ്പെട്ടു.. മുആവിയയുടെ നയതന്ത്രജ്ഞതയും ഭരണപാടവങ്ങളും കൌശലങ്ങളും എല്ലാം ഇസ്ലാമിന് വേണ്ടി ഉപയോഗപ്പെടുത്തുക തന്നെയായിരുന്നു ഉമറിന്റെ ലക്ഷ്യം.. എന്നാല്‍ തന്റെ ഓരോ ഗവര്‍ണ്ണര്‍മാരുടെ മേലെയും എന്നെ പോലെ മുആവിയയുടെ മേലെയും ഉമറിന്റെ കരുത്തുറ്റ കരങ്ങള്‍ ഉണ്ടായിരുന്നു.. മുആവിയ ഒരിക്കല്‍ രാജാക്കന്മാരെ അനുസ്മരിപ്പിക്കുന്ന വസ്ത്രം ഇട്ടപ്പോള്‍ ഉമര്‍ അതിനെ ശക്തമായ ഭാഷയില്‍ ശാസിച്ചു.. അലിയുടെ വാക്കുകള്‍ കടമെടുത്തു പറഞ്ഞാല്‍ ഉമറിന്റെ ഭൃത്യന് യര്ഫഅ് ഉമറിനെ ഭയപ്പെട്ടിരുന്നതിനേക്കാള്‍ കൂടുതല്‍ മുആവിയ ഉമറിനെ ഭയപ്പെട്ടിരുന്നു.. മുആവിയ ശക്തമായ ഒരു സാന്നിധ്യമായി രംഗപ്രവേശം ചെയ്യുന്നത് ഉസ്മാന്റെ കാലത്താണ്.. ഉമര്‍ മുആവിയയെ ഗവര്‍ണ്ണര്‍ ആക്കിയത് ഡമാസ്കസിന്റെ ഏതാനും ഭാഗങ്ങളില്‍ മാത്രമായിരുന്നെങ്കില്‍ ഉസ്മാന് അദ്ദേഹത്തെ ഡമാസ്കസ്, ഹിംസ്, ഫലസ്തീന്, ജോര്‍ദാന്‍, ലബനാന് തുടങ്ങിയ വിശാലമായ ഒരു പ്രദേശത്തിന്റെ മുഴുവന്‍ ഗവര്‍ണ്ണറാക്കി.. അതായത് ഇസ്ലാമിക രാഷ്ട്രത്തിന്റെ നിര്‍ണ്ണായക ശക്തിയായ സിറിയ മുഴുവന്‍ ഒരാളുടെ ഭരണത്തില്‍ കീഴില്‍.. മാത്രമോ, ഉമറിനെ പോലെ അദ്ദേഹത്തിന് മേല്‍ ആരുടേയും നിയന്ത്രണവും ഉണ്ടായിരുന്നില്ല.. എല്ലാ അര്‍ത്ഥത്തിലും മുആവിയ ശാമിന്റെ ചോദ്യം ചെയ്യപ്പെടാത്ത രാജാവായി വാഴാന്‍ തുടങ്ങി….
ഇതൊരു മുആവിയയുടെ മാത്രം കാര്യമല്ല, ബനൂ ഉമയ്യക്കാരില് അബൂബക്കറിന്റെയും ഉമറിന്റെയും കാലത്ത് ഒന്നും ചെയ്യാന്‍ കഴിയാതെ കടിച്ചു പിടിച്ചു ജീവിച്ചവര്‍ പിന്നെയുമുണ്ട്.. ഒന്നും ചെയ്യാനുള്ള അവസരം അവര്‍ക്കുണ്ടായിരുന്നില്ല.. എന്നാല്‍ ഉമറിനു ശേഷം ഖലീഫ ആവാന്‍ യോഗ്യരായ ആറു പേരില്‍ ഉസ്മാന് ഉണ്ടായി എന്നത് ഇവര്‍ക്ക് ലഭിച്ച ഒരു വലിയ അവസരമായിരുന്നു.. ഒടുവില്‍ ഖലീഫയെ നിയമിക്കാന്‍ അധികാരം ലഭിച്ച അബ്ദുര്‍റഹ്മാനുബ്നു ഔഫിന്റെ മേല്‍ ഇവര്‍ക്കുണ്ടായിരുന്ന സ്വാധീനവും കാര്യങ്ങള്‍ എളുപ്പത്തിലാക്കി.. അങ്ങേയറ്റം ലോലഹൃദയനും ബന്ധുക്കളോട് അതിരുകവിഞ്ഞ സ്നേഹവുമുണ്ടായിരുന്ന ഉസ്മാന്റെ ഖിലാഫത്ത് ഇവരെ സംബന്ധിച്ചിടത്തോളം ഒരു വലിയ അനുഗ്രഹം തന്നെയായിരുന്നു.. ഉസ്മാനില്‍ സ്വാധീനം ചെലുത്തി പലരും സ്ഥാനമാനങ്ങളും സമ്പത്തും കൈക്കലാക്കി.. മര്വ്വാന് ആകട്ടെ ഖലീഫയുടെ കാര്യദര്‍ശി എന്ന നിര്‍ണ്ണായകമായ സ്ഥാനത്തേക്ക് വരെ അവരോധിതനായി.. ഖലീഫ കഴിഞ്ഞാല്‍ പിന്നെ ഏറ്റവും അധികാരമുള്ള വ്യക്തി എന്ന സ്ഥാനം, നബി മദീനയില്‍ നിന്നും പുറത്താക്കിയ ഹകമിന്റെ മകനും കുന്തന്ത്രശാലിയുമായ മര്വ്വാനില് എത്തുന്നത് അങ്ങനെയാണ്..
ഉസ്മാന് ശേഷം അലി ഖലീഫയായപ്പോള്‍ കാര്യങ്ങള്‍ ഒന്നും ഇനി പഴയ പോലെയാകില്ല എന്ന് ആദ്യം തിരിച്ചറിഞ്ഞതും ഇക്കൂട്ടര്‍ തന്നെ.. അലിയുടെ പ്രഥമപ്രസംഗത്തിലെ വാക്കുകള്‍ ഓരോന്നും തങ്ങള്‍ക്ക് നേരെ ആഞ്ഞുകൊത്തുന്നതായി അവര്ക്കനുഭവപെട്ടു.. ഇനിയുമൊരു ഉമറിനെ കൂടി താങ്ങുക എന്നത് അവരെ സംബന്ധിച്ചിടത്തോളം അചിന്ത്യമായിരുന്നു.. അതിനാല്‍ ഇക്കൂട്ടര്‍ പലരും നേരെ സിറിയയിലേക്ക് പോയി മുആവിയ പക്ഷത്ത് ചേര്‍ന്നു.. മാനസികമായി ഒരു അലിവിരുദ്ധ ചേരി അലിയുടെ പ്രഥമപ്രസംഗത്തോടെ തന്നെ സൃഷ്ടിക്കപ്പെട്ടിരുന്നു..
ഉസ്മാന്റെ കാലത്ത് തന്നെ മുആവിയയെ കുറിച്ചുള്ള പരാതികള്‍ അലി നിരന്തരം ഉസ്മാനെ അറിയിച്ചിരുന്നു.. അതിനാല്‍ തന്നെ അലി തന്റെ കാര്യത്തില്‍ വെറുതെ ഇരിക്കില്ല എന്ന് മുആവിയയിലെ തന്ത്രശാലി ഏറ്റവുമാദ്യം തന്നെ മനസ്സിലാക്കിയിരുന്നു..
മുആവിയക്ക് ലഭിച്ച ഏറ്റവും വലിയ ഭാഗ്യമായിരുന്നു അലിയുടെ തെരഞ്ഞെടുപ്പില്‍ ഉസ്മാന്റെ ഘാതകര്‍ക്കുള്ള പങ്ക്.. അലിയെ തെരഞ്ഞെടുത്തത് മുഹാജിറുകളും അന്‍സാറുകളും ചേര്‍ന്നാണ്.. ബദറിലും ബൈഅത്തു രിള്വാനിലും പങ്കെടുത്തവര്‍ ചേര്‍ന്നാണ്.. എന്നാല്‍ ഉസ്മാനെ കൊന്ന കലാപകാരികള്‍ ആളുകളെ അലിക്ക് ബൈഅത്ത് ചെയ്യാന്‍ നിര്‍ബന്ധിച്ചു കൊണ്ടിരിന്നു. ഇതാകട്ടെ അലി ആവശ്യപ്പെട്ടതുമല്ല, കലാപകാരികള്‍ നിര്‍ബന്ധം ചെലുത്തിയിരുന്നില്ലെങ്കിലും ആളുകള്‍ സ്വമനസ്സാലെ അലിക്ക് ബൈഅത്ത് ചെയ്യുമായിരുന്നു.. എന്നാല്‍ കലാപകാരികളുടെ ഇടപെടല്‍ കാരണം പലരും ബൈഅത്തില്‍ നിന്നും വിട്ടുനിന്നു.. സഅദുബ്നു അബീവഖാസ്, അബ്ദുല്ലാഹിബ്നു ഉമര്‍ തുടങ്ങിയ പ്രമുഖര്‍ വരെ അവരില്‍ ഉണ്ടായിരുന്നു.. എന്നാല്‍ ഇവര്‍ ഇരുവരും ‘തങ്ങള്‍ തല്‍ക്കാലത്തേക്ക് ബൈഅത്ത് പിന്തിക്കുക മാത്രമാണെന്നും, തങ്ങള്‍ ഒരിക്കലും അലിക്കെതിരെ കലാപം ഉയര്‍ത്തില്ല’ എന്നും വ്യക്തമാക്കിയിരുന്നു.. അവര്‍ ബൈഅത്ത് പിന്തിക്കാന്‍ തീരുമാനിച്ചത് കുഴപ്പങ്ങള്‍ ഒഴിവാക്കുക എന്ന സദുദ്ദേശത്തോടെ ആയിരുന്നുവെങ്കിലും, അവരുടെ ഈ നിലപാട് കുഴപ്പങ്ങള്‍ കൂടുതല്‍ ശക്തിയോടെ ആഞ്ഞടിക്കാനാണ് സഹായകമായത്.. ജനങ്ങളില്‍ ഇതൊക്കെ ആശയക്കുഴപ്പം ഉണ്ടാക്കി.. ബൈഅത്ത് ചെയ്യാതെ വിട്ടു നിന്ന സഹാബികള്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും ഇവരോരുത്തരും ആയിരങ്ങളുടെ പിന്തുണ ഉള്ളവരായിരുന്നു..
ഇതെല്ലാം മുആവിയയെ സംബന്ധിച്ചിടത്തോളം വീണു കിട്ടിയ അമിതാവസരങ്ങള് ആയിരുന്നു.. ഒരു ഭാഗത്ത് സഹാബികള്‍ പലരും ബൈഅത്ത് ചെയ്യാതെ വിട്ടു നില്ക്കുന്നു, മറുഭാഗത്ത് ഉസ്മാന്റെ ഘാതകര്‍ അലിക്ക് ബൈഅത്ത് ചെയ്യാന്‍ ആളുകളെ പ്രേരിപ്പിച്ചു കൊണ്ടിരിക്കുന്നു.. ഉടന്‍ തന്നെ അയാള്‍ മേല്പറഞ്ഞ കാര്യങ്ങള്‍ മുന്നില്‍ വച്ച് സിറിയയില്‍ ഉസ്മാന് വേണ്ടിയുള്ള വിലാപങ്ങള്‍ക്ക് തുടക്കം കുറിച്ചു.. നുഅ്മാനുബ്നു ബഷീര്‍ ഉസ്മാന്റെ രക്തം പുരണ്ട വസ്ത്രങ്ങളും, ഭാര്യ നാഇലയുടെ മുറിഞ്ഞു തെറിച്ച കൈവിരലുകളും ഡമാസ്കസില്‍ മുആവിയയുടെ അടുത്തേക്ക് കൊണ്ടുപോയി. മുആവിയ അവയെല്ലാം പൊതുജനങ്ങള്‍ക്കിടയില്‍ പ്രദര്‍ശിപ്പിച്ചു സിറിയന്‍ നിവാസികളുടെ വികാരം ഇളക്കി വിട്ടു കൊണ്ടേയിരുന്നു.. ആ വിലാപത്തിന്റെ വികാരവേലിയേറ്റങ്ങള്‍ അങ്ങ് മക്കയിലും മദീനയിലും വരെ എത്തി.. എവിടെ നോക്കിയാലും ഉസ്മാന്റെ രക്തത്തിന് പകരം ചോദിക്കാന്‍ വേണ്ടി പ്രകോപിതരായിരിക്കുന്ന ആള്‍ക്കൂട്ടങ്ങള്‍ സൃഷ്ടിക്കപ്പെട്ടു.. ഊഹാപോഹങ്ങള്‍ പടര്‍ന്നു കൊണ്ടിരുന്നു.. ഉസ്മാന്റെ ഘാതകരെ പിടികൂടി വധിക്കാന്‍ ഖലീഫയോടു ആവശ്യപ്പെടാനല്ല മുആവിയ ഈ ജനക്കൂട്ടത്തെ വളര്‍ത്തിയെടുത്തത്, മറിച്ചു ആ ഘാതകരെ നേരിട്ട് തന്നെ കൊല്ലാന്‍ വേണ്ടിയായിരുന്നു, അവരെ വിട്ടു തരാന്‍ അലിയോടു ആവശ്യപ്പെടാന്‍ വേണ്ടിയായിരുന്നു.. അലിക്കൊരിക്കലും അത് ചെയ്യാന്‍ കഴിയില്ലെന്ന് ബുദ്ധിമാനായ മുആവിയക്ക് വ്യക്തമായിരുന്നു.. അലിയെ തെരഞ്ഞെടുത്തത് ഭൂരിപക്ഷപ്രകാരമല്ലെന്നും ഉസ്മാന്റെ വധത്തില്‍ കലാശിച്ച കലാപം നടക്കുമ്പോള്‍ അദ്ദേഹത്തെ രക്ഷിക്കാന്‍ അലി ആത്മാര്‍ഥമായ ശ്രമം നടത്തിയില്ല എന്നും ഉസ്മാന്റെ ഘാതകരെ പിടികൂടുന്നതില്‍ അലി വീഴ്ച വരുത്തുകയാണെന്നും മുആവിയ വികാരത്തള്ളിച്ചയില്‍ നില്ക്കുന്ന ജനക്കൂട്ടത്തിനിടയില്‍ പ്രചരിപ്പിച്ചു..
——————–
അലിയെ സംബന്ധിച്ചിടത്തോളം ഇത് തന്റെ ജീവിതത്തില്‍ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിഘട്ടം തന്നെയായിരുന്നു.. ഒരു ഭാഗത്ത് രാജ്യത്തിന്റെ നാനാഭാഗങ്ങളിലായി പടര്‍ന്നു കിടക്കുന്ന കലാപകാരികള്‍.. മറുഭാഗത്ത് ഇനിയും തനിക്ക് അനുസരണപ്രതിജ്ഞ ചെയ്തിട്ടില്ലാത്ത, തന്നെ എതിര്‍ക്കും എന്ന് ഉറപ്പുള്ള സിറിയയും കൂഫയും പോലുള്ള ശക്തമായ പ്രവിശ്യകള്‍.. ഇനിയുമൊരു ഭാഗത്ത് പ്രശ്നക്കാരായ ഗവര്‍ണ്ണര്‍മാരുടെ നിലപാടുകളില്‍ പ്രതിഷേധം കത്തിജ്ജ്വലിച്ചു നില്ക്കുന്ന മറ്റൊരു കൂട്ടം.. ഇനിയുമൊരു ഭാഗത്ത് അലിക്ക് സഹായികളായി വര്‍ത്തിക്കേണ്ട മഹാന്മാര് പോലും എന്ത് ചെയ്യണം എന്ന ആശയക്കുഴപ്പം കാരണം വിട്ടുനില്‍ക്കുന്നു.. എല്ലാറ്റിന്റെയും നടുവില്‍ അലിയെന്ന വീരനായകന് ഒറ്റയ്ക്ക്.. പടക്കളത്തില്‍ സൈന്യത്തെ നഷ്ടപ്പെട്ട സൈന്യാധിപനെ പോലെ… ഉസ്മാനെതിരെ കലാപം നേരിട്ടും അല്ലാതെയും നടത്തിയവരെ എല്ലാം ശിക്ഷിക്കുക തന്നെ വേണം.. അലിക്ക് അതറിയാം.. പക്ഷെ കലാപകാരികള്‍ ഇപ്പോള്‍ കലാപത്തില്‍ നിന്നും വിരമിച്ചു നാടിന്റെ നാനാഭാഗങ്ങളിലേക്കും ഒഴുകിയിട്ടുണ്ട്.. അവരാകട്ടെ ആയിരങ്ങള്‍ ഉണ്ട് താനും.. അതിനാല്‍ അവരില്‍ ആരൊക്കെ എന്തൊക്കെയാണ് ചെയ്തത് എന്നറിയാതെ ഊഹം വച്ച് അവര്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ ഇറങ്ങിയാല്‍ ചിലപ്പോള്‍ നഷ്ടപ്പെടുന്നത് നിരപരാധികളുടെ ജീവനായേക്കാം.. അതിനാല്‍ സംശയമുള്ളവരെയും വ്യക്തതയുള്ളവരെയും എല്ലാം കൊണ്ടുവന്നു പരസ്യമായ വിചാരണ നടത്തി അവരില്‍ ഓരോരുത്തര്‍ക്കും അര്‍ഹമായ ശിക്ഷ വാങ്ങി കൊടുക്കുകയാണ് വേണ്ടത്.. പക്ഷെ അതിനൊക്കെ ശക്തി വേണം. ഭരണം തന്റെ നിയന്ത്രണത്തില്‍ ആകണം.. എന്നാല്‍ മിക്ക പ്രവിശ്യകളും ഇനിയും തന്റെ ഭരണത്തെ അംഗീകരിച്ചിട്ടില്ല.. അതിനാല്‍ നീതി നടപ്പിലാക്കാന്‍, ഇസ്ലാമിക വ്യവസ്ഥിതി സുഗമമായി മുന്നോട്ടു പോകാന്‍ തനിക്ക് വിശ്വാസമുള്ള, തന്നെ അനുസരിക്കുന്ന ഗവര്‍ണ്ണര്‍മാര്‍ ഓരോ പ്രവിശ്യകളിലും ഉണ്ടാവുകയാണ് വേണ്ടത്.. രാജ്യമൊട്ടുക്കും തന്നെ സഹായിക്കുകയാണ് വേണ്ടത്.. അതിനു ശേഷം ഉസ്മാന്റെ ഘാതകര്‍ ഓരോരുത്തര്‍ക്കും അര്‍ഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കുക തന്നെ വേണം.. അലിയുടെ മുന്‍ഗണനാക്രമങ്ങള്‍ തികച്ചും ഇസ്ലാമികവും മികവുറ്റതും തന്നെയായിരുന്നു..
പ്രതിസന്ധികളുടെ ആ കൂമ്പാരത്തില്‍ നില്‍ക്കുമ്പോഴും, പിന്നില്‍ അണിനിരക്കാന്‍ സൈന്യമോ ആയുധങ്ങളോ ഇനിയും വന്നുചേര്‍ന്നിട്ടില്ല എന്നും അറിഞ്ഞിട്ടും അലിയിലെ വീരന് ഇസ്ലാമികതത്വങ്ങളില് നിന്നും അണുവിട പോലും വ്യതിചലിക്കാന്‍ തയ്യാറായില്ല, ഇസ്ലാമിന്റെ നീതി നടപ്പാക്കുന്നതില്‍ ഒരു നിമിഷം പോലും വൈകിക്കാന്‍ തയ്യാറായില്ല.. അഗ്നിയിലെക്ക് എടുത്തെറിയുംബോഴും തക്ബീര്‍ മുഴക്കിയ ഇബ്രാഹിമിനെ പോലെ പ്രശ്നങ്ങളുടെ തീജ്ജ്വാലയില്‍ നിന്ന് കൊണ്ട് അലി ആ തീരുമാനം എടുത്തു.. ഉസ്മാന് ബന്ധുക്കള്‍ക്ക് നല്കിയ പണവും ഭൂമിയും ബൈത്തുല്‍ മാലിലെക്ക് തിരിച്ചെടുക്കുക.. ഉസ്മാന് നിയമിച്ച ഉദ്യോഗസ്ഥരെ മാറ്റി പകരക്കാരെ നിയമിക്കുക.. അതില്‍ സിറിയന്‍ ‘രാജാവ്’ മുആവിയ വരെ ഉള്‍പ്പെടും..
അലിയുടെ തീരുമാനമറിഞ്ഞ സഹാബികളില്‍ പലരും ഭയന്നു.. അവര്‍ ഈ തീരുമാനം നടപ്പാക്കുന്നതില്‍ നിന്നും അലിയെ പിന്തിരിപ്പിക്കാന് തന്നെ തീരുമാനിച്ചു..
“അമീറുല്‍ മുഅ്മിനീന്‍.. അല്‍പ്പം കൂടി സമയമെടുത്ത് ഈ തീരുമാനം നടപ്പിലാക്കുക.. ജനങ്ങള്‍ ഒന്ന് ശാന്തരാവട്ടെ.. നിയന്ത്രണം പൂര്‍ണ്ണമായും താങ്കളുടെ വരുതിയില്‍ വരട്ടെ.. ശാമും കൂഫയും മിസ്വറും ബസ്വറയും ഒന്നും ഇനിയും താങ്കള്‍ക്ക് അനുസരണപ്രതിജ്ഞ ചെയ്തു കഴിഞ്ഞിട്ടില്ല.. ഈ സമയത്ത് അവിടുത്തെ ഗവര്‍ണ്ണര്‍മാരെ മാറ്റിയാല്‍ അവര്‍ താങ്കള്‍ക്കെതിരെ കലാപം ഉയര്‍ത്തിവിട്ടാല്‍ നേരിടാന്‍ നമ്മുടെ കയ്യില്‍ ഇപ്പോള്‍ ഒരു സൈന്യം പോലുമില്ല.. ഇസ്ലാമികരാഷ്ട്രം ഒന്നടങ്കം തകരും..”
ഒട്ടും പതര്‍ച്ചയില്ലാതെ അലി മറുപടി നല്കി..
“എന്തൊക്കെ സംഭവിച്ചാലും ശരി, ദീനിന്റെ കാര്യത്തില്‍ എണ്ണമയം സ്വീകരിക്കുന്ന പ്രശ്നമേയില്ല..”
ശക്തമായിരുന്നു അലിയുടെ നിലപാട്.. ഖലീഫയെ അനുസരിക്കാത്ത ഗവര്‍ണ്ണര്‍മാര്‍, കേന്ദ്രഭരണത്തെ അംഗീകരിക്കാത്ത പ്രവിശ്യകള്‍.. ഇവരുടെ കാര്യത്തില്‍ ഇവരെ ഭയന്നുകൊണ്ട് തീരുമാനം വൈകിച്ചാല്‍ അത് നാളത്തെ അനാചരമായി മാറും.. കഴിവും ശക്തിയും അധികാരവും ഉള്ളവന് വേണ്ടി നാളെ നിയമങ്ങള്‍ വഴിമാറി കൊടുക്കാന്‍ തുടങ്ങും.. ഇസ്ലാമിക വ്യവസ്ഥിതിയില്‍ അങ്ങനെയൊന്നു ഒരിക്കലും സംഭവിച്ചു കൂടാ. അതിനാല്‍ തീരുമാനം നടപ്പിലാക്കുക തന്നെ ചെയ്യും.. കുഴപ്പക്കാര്‍ ആരും ഒരു നിമിഷം പോലും ഭരണത്തില്‍ തുടരരുത്..
മുഗീറത്തുബ്നു ശുഅ്ബയെ പോലുള്ളവര്‍ ‘ആരെ മാറ്റിയാലും കൂടുതല്‍ ശക്തിയും ജനപിന്തുണയും ഉള്ള മുആവിയയെ നിലനിര്‍ത്തുന്നതാണ് നല്ലത്’ എന്ന് അലിയെ ഉപദേശിച്ചു.. അലി ഈ നിര്‍ദ്ദേശവും അപ്പാടെ തള്ളി..
“കൂടുതല്‍ ജനപിന്തുണയും ശക്തിയും ഉള്ളവര്‍ക്ക് വേണ്ടി നിയമങ്ങള്‍ മാറ്റി കൊടുക്കാന്‍ ഇത് ജാഹിലിയ്യത്തല്ല, ഇസ്ലാമാണ്..” !!
മുമ്പ് ഖാലിദുബ്നുല്‍ വലീദിന്റെ കാര്യത്തില്‍ സഹാബികള്‍ പലരും എതിര്‍ത്തിട്ടും ഉറച്ച തീരുമാനം എടുത്ത ഉമറിന്റെ അതേ ചിന്ത.. പക്ഷെ ഖാലിദ് വെറുമൊരു വാള് അല്ല, ദൈവത്തിന്റെ വാള് ആയിരുന്നു.. പടക്കളത്തില്‍ എന്ന പോലെ വിശ്വാസത്തിലും ഉറപ്പുള്ളവന്, നിസ്വാര്ത്ഥന്.. എന്നാല്‍ മുആവിയ അങ്ങനെയായിരുന്നില്ലല്ലോ…
അലിയുടെ മകന് ഹസന്, അലിയോടു ഖിലാഫത്ത് ഉപേക്ഷിച്ചു മദീന വിടുന്നതാണ് നല്ലത് എന്ന് ഉപദേശിച്ചു.. ഈ അവസ്ഥയില്‍ തന്റെ പിതാവിന്റെ ദുരന്തങ്ങള്‍ കാണാന്‍ ആ മകന് കഴിയില്ലായിരുന്നു. പിതൃവ്യപുത്രന്‍ ഇബ്നു അബ്ബാസും അലിയോട് എല്ലാം ഉപേക്ഷിക്കാന്‍ ഉപദേശിച്ചു.. അലി അവരോടും തന്റെ നിലപാട് വ്യക്തമാക്കി..
“ഞാന്‍ ആഗ്രഹിച്ചല്ല ഈ ഭരണം എന്റെ കയ്യില്‍ വന്നത്.. ഞാന്‍ ഇത് ലഭിക്കാനായി എന്തെങ്കിലും ശ്രമങ്ങള്‍ നടത്തിയിട്ടുമില്ല.. പക്ഷെ ഇതെന്റെ കയ്യില്‍ വന്ന സ്ഥിതിക്ക് ഞാന്‍ ഇതിനോട് നീതി പുലര്‍ത്തുക തന്നെ ചെയ്യും.. പ്രതിസന്ധികളെ ഭയന്ന് ഒന്നും ഉപേക്ഷിക്കാന്‍ ഞാന്‍ ഒരുക്കമല്ല.. ആരൊക്കെ കൂടെയുണ്ടെങ്കിലും ഇല്ലെങ്കിലും ഈ പ്രതിബന്ധങ്ങളെ ഞാന്‍ നേരിടുക തന്നെ ചെയ്യും.. എനിക്കെന്റെ ദൈവമുണ്ട്..”
അലിക്ക് അങ്ങനെയേ പറയാന്‍ കഴിയൂ.. ഖന്തഖ് രണാങ്കണത്തില്‍ വച്ച് ശക്തനായ അംറുബ്നു അബ്ദുവുദ് മുസ്ലിംകളെ വെല്ലുവിളിച്ചപ്പോള്‍ അലി ആ വെല്ലുവിളി ഏറ്റെടുത്തു.. നബി പോലും അലിയോടു പറഞ്ഞു.. “അലീ.. അത് അംറ് ആണ്. നീ പോകേണ്ട..”
ധീരമായി അലി മറുപടി നല്കി.. “അംറായിക്കോട്ടേ, ആരുമായിക്കോട്ടെ.. ഞാന്‍ കാര്യമാക്കുന്നില്ല..”
ഇന്ന് അതിനേക്കാള്‍ ശക്തരായ എതിരാളികള്‍ മുന്നില്‍ നിന്നപ്പോഴും അലിക്ക് അതേ പറയാന്‍ കഴിയൂ.. ആറാമത്തെ വയസ്സ് മുതല്‍ അലി കൈപിടിച്ച് നടന്നത് ലോകം കണ്ട ഏറ്റവും വലിയ ധീരന്റെ കൂടെയാണ്.. മുഹമ്മദ് വളര്‍ത്തിയ വീരപുലി അതല്ലാതെ മറ്റെന്ത് മറുപടി നല്കാന്..
—————–
എങ്കിലും ഇബ്നു അബ്ബാസ് ആശങ്കാകുലനായിരുന്നു.. ഒന്നും പറയാതെ പെട്ടെന്നൊരു ദിവസം മുആവിയയെ സ്ഥാനഭ്രഷ്ടനാക്കിയാല്‍ അത് പ്രായോഗികമാവില്ല എന്ന് തന്നെ അദ്ദേഹം ഉറച്ചു വിശ്വസിച്ചു.. മുആവിയ അലിക്കെതിരെ യുദ്ധം ചെയ്യുക തന്നെ ചെയ്യും എന്നദ്ദേഹം ദീര്‍ഘവീക്ഷണം ചെയ്തു.. ഇബ്നു അബ്ബാസ് അലിയോടു വീണ്ടും മറ്റൊരു ആശയം മുന്നോട്ടു വച്ചു..
“അമീറുല്‍ മുഅ്മിനീന്‍, എനിക്ക് അല്‍പ്പദിവസത്തെ സമയം തരിക.. ഞാന്‍ സിറിയയില്‍ ചെന്ന് കാര്യങ്ങളെല്ലാം ജനങ്ങള്‍ക്കിടയില്‍ വിശദീകരിക്കുകയും അങ്ങനെ മുആവിയക്ക് അവരിലുള്ള സ്വാധീനം ഇല്ലാതാക്കുകയും ചെയ്യാം.. അതിനു ശേഷം മാത്രം താങ്കള്‍ മുആവിയയെ സ്ഥാനത്ത് നിന്നും നീക്കുക..”
അലി ഈ ഉപദേശവും സ്വീകരിച്ചില്ല.. അലിയെ സംബന്ധിച്ചിടത്തോളം വൈകുന്ന ഓരോ നിമിഷവും ഇസ്ലാമില്‍ നിന്നുമുള്ള വ്യതിചലനമായിരുന്നു..
മുആവിയയും കൂട്ടരും പ്രതീക്ഷിച്ച പോലെ തന്നെ അലി അവരെ ഗവര്‍ണ്ണര്‍ സ്ഥാനത്ത് നിന്നും നീക്കി പകരം തനിക്ക് വിശ്വാസമുള്ളവരെ നിയോഗിക്കുന്നത് നടപ്പിലാക്കാന്‍ തുടങ്ങി.. പക്ഷെ ഗവര്‍ണ്ണര്‍മാരുടെ കാര്യത്തില്‍ അലിയെ ഉപദേശിച്ചവര്‍ ഭയപ്പെട്ടത് തന്നെ സംഭവിച്ചു. ഗവര്‍ണ്ണര്‍മാരില്‍ ചിലര്‍ ചാര്‍ജ്ജെടുക്കാന്‍ കഴിയാതെ തിരിച്ചുപോരേണ്ടി വന്നു.. കൂഫയിലേക്ക് നിയോഗിക്കപ്പെട്ട ഉമാറ പട്ടണത്തിനടുത്തെത്തിയപ്പോള്‍ തുലൈഹ അദ്ദേഹത്തെ തടഞ്ഞു.. “കൂഫക്കാര്‍ ഇപ്പോള്‍ അമീറിനെ മാറ്റാന്‍ ഉദ്ദേശിക്കുന്നില്ല..”. ഖൈസുബ്നു സഅദിനു ഈജിപ്തില്‍ ചാര്‍ജ്ജെടുക്കാന്‍ കഴിഞ്ഞെങ്കിലും ജനങ്ങള്‍ പുതിയ ഗവര്‍ണ്ണറെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമായി രണ്ടായി പിരിഞ്ഞു. എന്നാല്‍ ബസ്വറയിലേക്ക് നിയുക്തനായ ഉസ്മാനുബ്നു ഹനീഫിന് എതിര്‍പ്പൊന്നുമുണ്ടായില്ല. പക്ഷെ യമനിലേക്ക് നിയുക്തനായ ഉബൈദുല്ലാഹിബ്നു അബ്ബാസ് പട്ടണത്തിനടുത്തെത്തിയപ്പോള്‍ നിലവിലുണ്ടായിരുന്ന ഗവര്‍ണ്ണര്‍ യഅ്ലാ ധാരാളം സ്വത്തുക്കള്‍ കൈവശപ്പെടുത്തി മക്കയിലേക്ക് കടന്നു. ഇതിനേക്കാള്‍ എല്ലാം ഗുരുതരമായ എതിര്‍പ്പായിരുന്നു സിറിയയിലേക്ക് മുആവിയക്ക് പകരക്കാരനായി നിയോഗിതനാവാന്‍ പോയ സുമ്പുലുബ്നു ഹനീഫ് നേരിട്ടത്.. സുമ്പുല്‍ തബൂക്കിലെത്തിയപ്പോഴേക്കും സിറിയയിലെ അശ്വസേനയിലൊരു വിഭാഗം അദ്ദേഹത്തെ സമീപിച്ചു ഇപ്രകാരം ഉണര്‍ത്തിച്ചു..
“ഹസ്രത്ത് ഉസ്മാന്റെ ആളായിക്കൊണ്ടാണ് താങ്കളുടെ വരവെങ്കില്‍ സ്വാഗതം. മറ്റ് വല്ലവരുടെയും ഭാഗത്ത് നിന്നാണെങ്കില്‍ തിരിച്ചു പോകുന്നതായിരിക്കും താങ്കള്‍ക്ക് നല്ലത്..”
ശാം പ്രവിശ്യ പുതിയ ഖലീഫയെ അംഗീകരിക്കാന്‍ തയ്യാറില്ല എന്നതിന്റെ വ്യക്തമായ മുന്നറിയിപ്പായിരുന്നു ഈ സംഭവം..
ഉസ്മാന്റെ വധവും വച്ച് സിറിയയിലും മറ്റുപല സ്ഥലങ്ങളിലും മുആവിയ അലിക്കെതിരെ അത്രയധികം വികാരം ഇളക്കിവിട്ടിരുന്നു.. ബന്ധുവെന്ന നിലയിലാണ് താന്‍ ഉസ്മാന്റെ വധത്തിനു പ്രതിക്രിയ ആവശ്യപ്പെടുന്നത് എന്ന മുആവിയയുടെ അവകാശവാദം ഒരിക്കലും ആത്മാര്ത്ഥമാവാന് തരമില്ല.. അദ്ദേഹത്തെ സംബന്ധിച്ച് അതെല്ലാം തന്റെ സ്ഥാനം നിലനിര്‍ത്താനുള്ള ഒരു ഉപാധി മാത്രം.. കാരണം അങ്ങനെ ആവശ്യപ്പെടാനുള്ള അവകാശം മുആവിയയെക്കാള് ഉസ്മാന്റെ അനന്തരാവകാശികള്‍ക്കാണ്. ഇനി ബന്ധുത്വത്തിന്റെ പേരില്‍ അത്തരമൊരു അവകാശം മുആവിയക്കുണ്ടായിരുന്നെന്നു വന്നാല്‍ പോലും അത് വ്യക്തി എന്ന നിലക്കാണ്, ശാം ഗവര്‍ണ്ണര്‍ എന്ന നിലക്കായിരുന്നില്ല.. മുആവിയയുടെ ആവശ്യം ആത്മാര്‍ത്ഥം ആയിരുന്നെങ്കില്‍ അദ്ദേഹം അലിക്ക് ബൈഅത്ത് ചെയ്ത ശേഷം ഒരു വ്യക്തി എന്ന നിലയില്‍ ഖലീഫയുടെ മുന്നില്‍ ഹാജരായി കുറ്റവാളികളെ പിടികൂടി നടപടിയെടുക്കാന്‍ ആവശ്യപ്പെടാമായിരുന്നു.. എന്നാല്‍ ഒരു ഗവര്‍ണ്ണര്‍ എന്ന നിലക്ക്, രാജ്യം തെരഞ്ഞെടുത്ത ഭരണാധികാരിക്കെതിരെ അച്ചടക്കലംഘനം അനുവര്‍ത്തിക്കാനും സ്വന്തം അധീനത്തിലുള്ള സൈനീകശക്തിയെ കേന്ദ്രഭരണകൂടത്തിനെതിരെ തിരിച്ചുവിടാനും കുറ്റവാളികളെ ന്യായവിചാരണ നടത്താതെ പ്രതിക്രിയ നടപ്പാക്കാന്‍ വിട്ടുതരണമെന്ന് തനി ജാഹിലിയ്യാ സമ്പ്രദായത്തില്‍ ആവശ്യപ്പെടാനും മുആവിയക്ക് ഒട്ടും അവകാശമില്ല..
അലി, ഉസ്മാന്റെ ഘാതകരെ വിചാരണ ചെയ്തു ശിക്ഷിക്കണമെന്നല്ല, മറിച്ച് ഉസ്മാന്റെ ഘാതകരെ വധിക്കുവാനായി തങ്ങള്‍ക്ക് വിട്ടുതരണമെന്നാണ് അയാള്‍ അലിയോടു ആവശ്യപ്പെട്ടത്.. അത് കഴിഞ്ഞു ബൈഅത്തിനെ കുറിച്ചൊക്കെ ആലോചിക്കാം എന്നായിരുന്നു അയാളുടെ ധാര്‍ഷ്ട്യം.. ഇസ്ലാമികനിയമങ്ങള്‍ വിട്ടു അലി അത് ചെയ്തുതരില്ല എന്ന ഉറപ്പ് സമര്‍ത്ഥമായി ഉപയോഗിക്കുകയായിരുന്നു മുആവിയ ..
ഇതെല്ലാം ഇസ്ലാമിന്റെ ഭരണക്രമങ്ങള്‍ വിട്ട്, ജാഹിലിയ്യത്തിന്റെ ഗോത്രാചാരത്തോട് സാദൃശ്യം പുലര്‍ത്തുന്ന നടപടികളായിരുന്നു.. തന്റെ ഗവര്‍ണ്ണര്‍ പദവിയെ സ്വാര്‍ത്ഥലാഭത്തിനു വേണ്ടി ദുരുപയോഗം ചെയ്യുക തന്നെയായിരുന്നു അയാള്‍..
ഇതേ തുടര്‍ന്ന് കൂഫയിലെ ഗവര്‍ണ്ണര്‍ ആയ അബൂമൂസക്കും മുആവിയക്കും ഔപചാരികമായി ബൈഅത്ത് ആവശ്യപ്പെട്ടു കൊണ്ട് അലി കത്തുകള്‍ ആയക്കുകയുണ്ടായി.. അബൂമൂസ അതനുസരിച്ച് പ്രവര്‍ത്തിച്ചു.. അതോടെ സിറിയ ഒഴികെയുള്ള മുഴുവന്‍ ഭാഗങ്ങളും അലിക്ക് അനുസരണപ്രതിജ്ഞ ചെയ്തുകഴിഞ്ഞു..
മുആവിയക്കയച്ച കത്തിലെ വരികള്‍ ഇപ്രകാരമായിരുന്നു..
“നിശ്ചയം, ഏതൊരു അടിസ്ഥാനത്തിലാണോ ജനങ്ങള്‍ അബൂബക്കറിനും ഉമറിനും ഉസ്മാനും ബൈഅത്ത് ചെയ്തത്, അതേ അടിസ്ഥാനത്തിലാണ് എനിക്കും അവര്‍ അത് ചെയ്തത്.. കൂടിയാലോചനാസമിതി ഒരു തീരുമാനം എടുത്തു ജനങ്ങളാല്‍ അത് അംഗീകരിക്കപ്പെടുമ്പോള്‍ അതിനു ദൈവത്തിന്റെ തൃപ്തിയുണ്ട്.. അതിനാല്‍ വിഘടിച്ചു നില്ക്കുന്നവന് തെറ്റുകാരനാണ്..
ഓ മുആവിയാ, ദൈവമാണേ, സ്വാര്ത്ഥവികാരങ്ങള് ഇല്ലാതെ താങ്കള്‍ താങ്കളുടെ ബുദ്ധി കൊണ്ട് കാര്യങ്ങള്‍ കാണുകയാണെങ്കില്‍, ഉസ്മാന്റെ രക്തത്തില്‍ എനിക്കുള്ള നിരപരാധിത്വം നിങ്ങള്‍ക്ക് വളരെയധികം വ്യക്തമാവേണ്ടതാണ്. എന്നിട്ടും ആ വിഷയത്തില്‍ നിങ്ങള്‍ എന്നോട് അന്യായം പ്രവര്‍ത്തിക്കുകയാണ് ചെയ്യുന്നത്.”
മുആവിയ ഈ കത്തിന് യാതൊരു മറുപടിയും നല്‍കിയില്ല.. പകരം തന്റെ ഒരു ദൂതന്‍വശം ഒരു കവര്‍ കൊടുത്തയച്ചു. അലി കവര്‍ തുറന്നു. അത് കാലിയായിരുന്നു.. ഒന്നും എഴുതാത്ത ആ കത്ത് കണ്ടു കുപിതനായി അലി ദൂതനോട് ചോദിച്ചു.
“എന്താണ് ഇതിന്റെ അര്‍ഥം?”
“ഞാന്‍ പറയാം.. പക്ഷെ എന്റെ ജീവന് നിങ്ങള്‍ സുരക്ഷിതത്വം ഉറപ്പു തരണം..”
“ഉം.. പറയൂ..”
“എങ്കില്‍ അറിയുക, അറുപതിനായിരത്തില്‍ കുറയാത്ത ആളുകള്‍ ഉസ്മാന്റെ കുപ്പായം കുന്തത്തില്‍ ഉയര്‍ത്തിപ്പിടിച്ചു അതിന്റെ ചുവട്ടില്‍ നിന്നും കണ്ണീരു കൊണ്ട് താടിരോമങ്ങള്‍ നനച്ചു നില്‍ക്കുന്നുണ്ട്. അവരുടെ അടുത്ത് നിന്നാണ് ഞാന്‍ വരുന്നത്. ഉസ്മാന്റെ ഘാതകരെ പിടികൂടി വധിക്കുകയോ, അല്ലെങ്കില്‍ സ്വന്തം ജീവന് നഷ്ടപ്പെടുത്തുകയോ ചെയ്യാതെ ഊരിപ്പിടിച്ച വാള് ഉറയിലിടുകയില്ലെന്നും അവര്‍ പ്രതിജ്ഞയെടുത്തിരിക്കുകയാണ്.. അവര്‍ പകരം ചോദിക്കാന്‍ ഇറങ്ങിപുറപ്പെടാന്‍ പോവുകയാണ്..”
“ആരോടാണ് അവര്‍ പകരം ചോദിക്കാന്‍ പോകുന്നത്?”
“താങ്കളുടെ കണ്ഠനാഡിയോട്..”
ഇത് കേട്ടതും അലി കുപിതനായി.. “ഇത് തികഞ്ഞ രാജ്യദ്രോഹം തന്നെയാണ്..”
സദസ്സില്‍ നിന്നൊരാള്‍ എഴുന്നേറ്റു നിന്ന് പറഞ്ഞു.. “ഖലീഫയുടെ മുമ്പില്‍ വന്നു അധികപ്രസംഗം നടത്തുന്ന ഈ സിറിയന്‍ ദൂതനെ കൊന്നുകളയുക”
ഇത് കേട്ടതും മുട്ടുകുത്തിയിരുന്നു കൊണ്ട് ദൂതന് പ്രത്യുത്തരം നല്കി..
“തെരഞ്ഞെടുക്കപ്പെട്ട നാലായിരത്തോളം സൈനികര്‍ നിങ്ങളുടെ തൊട്ടടുത്ത് എത്തിയിട്ടുണ്ട്.. നിങ്ങളാദ്യം നിങ്ങളുടെ വീടുകളും കുടുംബങ്ങളെയും സംരക്ഷിക്കുക..”
കോപം കൊണ്ട് കത്തിജ്ജ്വലിച്ചു നില്‍ക്കുമ്പോഴും അലി ആ ദൂതനോട് ശാന്തമായി പറഞ്ഞു.. “പൊയ്ക്കൊള്ളുക.. ഞാന്‍ വാക്ക് ലംഘിക്കുന്നവനല്ല.. നീ സുരക്ഷിതനാണ്.. നിന്നെ ആരും ഒന്നും ചെയ്യില്ല..”
സിറിയന്‍ ഗവര്‍ണ്ണര്‍ മുആവിയ അനുസരണത്തിന് തയ്യാറല്ലെന്ന് മാത്രമല്ല, തന്റെ പ്രവിശ്യയിലെ മുഴുവന്‍ സൈനീകശക്തിയും കേന്ദ്രഭരണകൂടത്തിനെതിരില് തിരിച്ചു വിടാന്‍ ഒരുങ്ങിയിരിക്കുകയാണെന്നും വ്യക്തമാക്കുന്നതായിരുന്നു ആ ദൂതന്റെ വാക്കുകള്‍.. ഉസ്മാന്റെ ഘാതകരോട് പകരം ചോദിക്കാനായിരുന്നില്ല, ഖലീഫയോടു തന്നെ പകരം ചോദിക്കാനായിരുന്നു അദ്ദേഹത്തിന്റെ പുറപ്പാട്.. അത്രയധികം ആളുകള്‍ക്കിടയില്‍ ഉസ്മാന്റെ വധവും വച്ച് ഒരു അലി വിരുദ്ധ വികാരം മുആവിയ വളര്‍ത്തിയെടുത്തിരുന്നു…
ഇതോടെ, ക്ഷമയുടെ അവസാന നെല്ലിപ്പടിയും കണ്ടുകഴിഞ്ഞ അലി സിറിയയെ ചൊല്‍പ്പടിക്ക് കൊണ്ട് വരാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു.. അദ്ദേഹം തന്നെ പിന്തുണയ്ക്കുന്ന നാടുകളില്‍ നിന്നും സൈനീകശക്തി സംഭരിച്ചു തുടങ്ങി..
എല്ലാറ്റിനും മുന്‍നിരയില്‍ തന്നെ അലി ഉണ്ടായിരുന്നു, ദുല്ഫിഖാര് അരയില്‍ തിരുകി.. വര്‍ഷങ്ങള്‍ക്ക് ശേഷം ഹൈദര്‍ അലി വീണ്ടും യുദ്ധക്കളത്തിലേക്ക്.. ബദറിലെയും ഉഹുദിലെയും ഖന്തഖിലെയും ഖൈബറിലെയും എല്ലാം നിറസാന്നിദ്ധ്യം വീണ്ടും ദൈവത്തിന്റെ മാര്‍ഗത്തില്‍ ഇസ്ലാമിന്റെ നിലനില്‍പ്പിനായി പോര്മുഖത്തേക്കിറങ്ങാന് പോകുന്നു..
അന്നത്തെ അവസ്ഥ വച്ച് സിറിയയെ അനുസരണ വരുതിയിലെക്ക് കൊണ്ടുവരാന്‍ അലിക്ക് ഒട്ടും പ്രയാസമുണ്ടായിരുന്നില്ല.. യുദ്ധനൈപുണ്യത്തില്‍ അലിയുടെ അടുത്ത് പോലും എത്തില്ല മുആവിയ.. പോരാത്തതിന് ജസീറത്തുല്‍ അറബ്, ഇറാഖ്, മിസ്വര്‍ തുടങ്ങിയ പ്രദേശങ്ങളെല്ലാം അലിക്ക് ബൈഅത്ത് ചെയ്തു കഴിഞ്ഞിരുന്നു. അതിനാല്‍ അധികകാലം അവയോടു പൊരുതി നില്ക്കാന് സിറിയക്ക് കഴിയുമായിരുന്നില്ല.. മാത്രമല്ല, ഒരു സംസ്ഥാനത്തിന്റെ ഗവര്‍ണ്ണര്‍ ഖലീഫയ്ക്കെതിരില് ആയുധം എടുക്കുന്നത് മുസ്ലിം ലോകം ഒരിക്കലും പൊറുപ്പിക്കുമായിരുന്നില്ല.. ഇസ്ലാമിന്റെ കാഴ്ചപ്പാടില്‍ ചിന്തിക്കുമ്പോള്‍ അലി തികച്ചും മാതൃകായോഗ്യനും നബിയുടെ പ്രമുഖ അനുയായിയും ആണെന്നും മുആവിയ വെറുമൊരു ഗവര്‍ണ്ണര്‍ മാത്രമാണെന്നും ജനങ്ങള്‍ക്ക് അറിയാം..
എന്നാല്‍ അലിയുടെ കണക്കുകൂട്ടലുകള്‍ എല്ലാം തെറ്റിച്ചു കൊണ്ടാണ് അപ്രതീക്ഷിതമായി അത് നടന്നത്.. മുഴുവന്‍ കാര്യങ്ങളും അവതാളത്തിലാക്കാന്‍ പോന്ന നീക്കം.. സ്തബ്ധനായി അലി ഇരുന്നു പോയി.. ഒരുപാട് പ്രശ്നങ്ങള്‍ക്കിടയില്‍ നില്ക്കുമ്പോള് ഇതാ എല്ലാ പ്രശ്നങ്ങളെയും കവച്ചു വയ്ക്കുന്ന വലിയ പ്രശ്നം.. എന്ത് ചെയ്യണം എന്നറിയാതെ കുഴഞ്ഞു പോയ നിമിഷങ്ങള്‍…
………..
ഓ ജമല്…..!
——————————–
(തുടരും…. ഇൻ ഷാ അല്ലാഹ്.. )
Plz part 10 edumo
ഇൻ ഷാ അല്ലാഹ്,,,
നല്ല വിവരണം. പത്താം ഭാഗം പെട്ടെന്ന് വരട്ടെ 🙂
നല്ല അവതരണം ബാക്കി………………. !
Wait for next
ഈ നീക്കങ്ങളിലെല്ലാം മുഅവിയക്ക് കൂട്ടായി പ്രമുഖ സഹാബിയായ അമര്‍ ഇബ്നു ആസ് ഉണ്ടായിരുന്നില്ലേ …
Wait for the remaining parts 🙂
ശിയാക്കളുടെ കേരളത്തിലെ പ്രവര്‍ത്തകര്‍ .
a speach by basheer faizi vennakkad about shiyaism,ali(r)..muaviya(r)
plz watch………..
https://www.youtube.com/watch?v=jngeNcDiSvE
next part
Masha Allah…superb narration..!!
Koritharichu pokunu..!!
ഇത് ശിയാ ചരിത്ര വിവരണം ആണെന്കിൽ ശരി ആയ ചരിത്രം മനസിലാക്കാൻ താൽപര്യം ഉണ്ട്, abbaskkali abbas
മുആവിയ (റ ) തള്ളി പറയാൻ ഒരു മുസ്ലിമിന് കഴിയില്ല.
അലി (റ )വും, മുആവിയ ( റ )വും
തമ്മിൽ ഉള്ള അഭിപ്രായ ഭിന്നത മുസ്ലിംലോകം ചർച്ച ചെയ്യേണ്ടതില്ല
എന്നാണ് ഫിഖ്ഹിൻറെ ഗ്രൻഥങൾ നമ്മെ പഠിപ്പിക്കുന്നത്.
ദയവായി ഈ കഥകൾ വായിച്ച് ആരും പുളകം കൊള്ളാതിരികകുക.
ഇതിന്റെ അവസാനം ഇത് ഷിയാഇസതതിലേക് ആണ്.
ഇത് ഒരു സാധാരണ മുസ്ലിമിന് മനസിലാക്കി എടുക്കാൻ ബുദ്ധിമുട്ട് ഉള്ള ചരിത്രമാണ്. ദയവായി ഉസ്താദ്മാരോട് ചോദിച്ച് പഠിക്കുക.
മഹാനായ ഒരു സ്വഹാബി യെ അയാൾ എന്നൊക്കെ ആണ് സംബോധന ചെയ്തത്, കഷ്ടം! !!!!
ഇതിൽ ഫിത്ന ഒളിഞ്ഞിരിക്കുന്നുണ്ട് .
കണ്ണ് ചിമ്മിയാല്‍ ഇരുട്ടാവില്ല. ചരിത്രം ഇത് പോലെ അല്ലെങ്കില്‍ അത് പറയാനുള്ള ഉത്തരവാദിത്തം താങ്കള്‍ക്ക് ഉണ്ട്. നീതിയും അനീതിയും ഉള്ളിടത് നീതിയുടെ കൂടെ നില്ക്കുക മുസ്ലിമിന്റെ ബാധ്യത ആണ്. അലി (ര) അനീതിക്ക് ഇരയായില്ല എങ്കില്‍ അതെങ്ങിനെ എന്ന് വിശദീകരിക്കണം
Abdul Rasheed m .
Ali (r) thankal dhaaralam pukazhthikolu ath ellavarkum ishtamanu. But mu'aviya ( r ) ikazhthiyit Ningalk enthanu nedan ullad.
waiting for part 10
ഖിലാഫത്ത് വ്യവസ്ഥക്ക് അന്ത്യംകുറിച്ച് ഇസ്ലാമികലോകത്ത്കുടുമ്പ വാഴ്ച കടന്നുവരാനുള്ളസാഹചര്യം ഇന്നത്തെജനങ്ങളിലേക്ക്എത്തിക്കുന്നതില് ഒരുതെറ്റുമില്ലഎന്ന്മാത്രമല്ല എല്ലാവരുടെയുംബാദ്യതകൂടിയാണ് ഇസ്ലാമികചരിത്രത്തിലെഒരുഭാകവും മറച്ചുവെക്കെണ്ടാതില്ല അവനവന്റെ നിയ്യതുപോലെയാണ്ഏതുകര്മവുംസ്വീകരിക്കപ്പെടുക ഇസ്ലാമികചരിത്രങ്ങള് ഉസ്താതുമാര്‍ക്ക് വേണ്ടിമാത്രം ഉണ്ടായതല്ല സമകാലീന ഉസ്താക്കന്മാരുടെ ഇപ്പോഴാതെ നിലപാടുകള്‍ കാണുമ്പോള്‍ പ്രത്യേകിച്ചും…..
ബാക്കിയെവിടെ